നിങ്ങളുടെ മാനസാരാധനത്തിനുള്ള ഒരു ദൈവതം നിങ്ങളുടെ പ്രവാചകനോ, ഗുരുവോ, സര്വ്വേശനോ ആവാം. പരമോന്നതമായി നിങ്ങള്‍ സങ്കല്‍പ്പിക്കുന്നത് ഏത് പ്രതീകമാണെന്നത് വളരെ പ്രധാനമൊന്നുമല്ല. ഏത് പ്രതീകത്തെയും നിങ്ങള്‍ക്ക് പരമോന്നതമായും മഹനീയമായും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്. നാം ഇന്ന് നമ്മുടെ മാനസനിലവാരത്തില് നിന്ന് ഒട്ടും അധികം വളര്ന്നിട്ടില്ലെന്നതുകൊണ്ട് ഏതെങ്കിലും ഒരു പ്രതീകം അതിന് കൂടിയേ കഴിയൂ. അരൂപവും അനാദ്യന്തവുമായ ഒന്നിനെ മനസ്സിന് വിഭാവനം ചെയ്യാന്‍ തന്നെ കഴിയുകയില്ല.
നമ്മളിലുള്ള ഈശ്വരവിശ്വാസത്തെ കണ്ടുപിടിക്കാനും അനുഭവപ്പെടുത്താനും ധ്യാനത്തിന്റെ ആവശ്യാര്‍ത്ഥം നിര്‍ദ്ദേശം തന്ന് നമ്മെ സഹായിച്ചിട്ടുള്ളത് നമ്മുടെ ഗുരുവോ ഉപദേശകനോ ആണ്. അദ്ദേഹം ഒരു സന്യാസിയോ പുരോഹിതനോ ആകണമെന്നില്ല. അദ്ദേഹം നിങ്ങളുടെ സ്നേഹിതനോ, ബന്ധുവോ, മാനവസമുദായത്തിലെ ഒരു നേതാവോ, അഥവാ നിങ്ങളുടെ അയല്പക്കത്തെ ഒരു നിസാരജീവിയോ ആയേക്കാം. ആരോ തന്റെ ജീവിതവും പ്രവൃത്തിയും കൊണ്ട് വിശാലതരമായ ഒരു വീക്ഷണത്തെ നമുക്ക് അനാവരണം ചെയ്തുതന്നത്, ഈശ്വരപദത്തെ അഭിലഷിക്കാനുള്ള ഒരു ദാഹം നമുക്കേകിയത്, ആരാണോ നമ്മുടെ പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കാനും ജീവിക്കാനുമുള്ള തീവ്രാഭിനിവേശം നമുക്ക് പ്രദാനം ചെയ്തിരിക്കുന്നത്, അവനാണ് നമ്മുടെ ഗുരു. അത് കേവലം ഒരു ഗ്രന്ഥമോ, ഏതോ ഒരു സന്ദര്‍ഭത്തില്‍ ആരോ ചെയ്ത ഒരു പ്രഖ്യാപനമോ, സ്വന്തം ജീവിതത്തിലെ ആകസ്മികമായ ഒരനുഭൂതിയോ ആയേക്കാം.
ആരെ, എന്തിനെ സ്മരിക്കയാല്‍ വിമര്‍ശനപരമായി അവനെത്തന്നെ വീക്ഷിക്കാനുള്ള ഒരു പ്രവണത നമ്മളില്‍ സംജാതമാവുമോ, അവനാണ് അഥവാ അതാണ് നമ്മുടെ ഉപദേഷ്ടാവ്. ധാര്‍മികവും സന്മാര്‍ഗികവുമായ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആരോ നമ്മുടെ സ്മൃതിപഥത്തില്‍ ഉദിച്ചുയര്‍ന്ന് പ്രലോഭനങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ നമ്മെ താക്കീതുചെയ്യുകയും, ആ നൈമിഷികമായ ആകര്‍ഷണവലയത്തില്‍നിന്ന് വിട്ടുപോരാനും ‘സാധു’വൃത്തിയുടെ വിഷമമായ പന്ഥാവിലൂടെ ചരിക്കാനുമുള്ള ധൈര്യവും ശാന്തിയും നമുക്കുണ്ടാക്കിത്തരികയും ചെയ്യുന്നത്, അവനാണ് നമ്മുടെ ‘വഴികാട്ടി’.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: