മൂക്കന്നൂര്‍: മഴവെള്ള സംഭരണത്തെക്കുറിച്ചും ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അങ്കമാലി മൂക്കന്നൂര്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (ഫിസാറ്റ്) നടന്ന സെമിനാര്‍ ‘നീര്‍ത്തുള്ളികള്‍’ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജലസംഭരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കുടിവെള്ളം പോലും ലഭ്യമല്ലാതാകുന്ന ഈ അവസ്ഥയില്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തെപ്പറ്റി ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളം കൃഷിയില്‍ നിന്നും പിന്നോക്കം പോയതാണ് ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. 2004ല്‍ ജലസംഭരണത്തെപ്പറ്റി നിയമ നിര്‍മ്മാണം കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് വേണ്ടത്ര പ്രാധാന്യം അതിന് ലഭിച്ചില്ല. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി ജനങ്ങള്‍ത്തന്നെ ഈ വിഷയത്തില്‍ സമുഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു.
ഫിസാറ്റ് ചെയര്മാന് പി.വി. മാത്യു യോഗത്തില്‍ അധ്യക്ഷനായിരുന്നു. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡവലപ്മെന്റ് യൂണിറ്റ് (സിസിഡിയു) ഡയറക്ടര്‍ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, പി.കെ. ജോണി, കറുകുറ്റി പ്രഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, മൂക്കന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത, ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എസ്.എം. പണിക്കര്‍, ഡയറക്ടര്‍ ഡോ. പി.എ. മാത്യു, പോള്‍ മുണ്ടാടന്‍, പി. അനിത, കെ.ജെ. സെബാസ്റ്റ്യന്‍, ജോസ് മാടശേരി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിന്ധു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ജലനിധി വിദഗ്ധര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: