ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ വിധി പറയുന്നത് സാകേത് അതിവേഗ കോടതി നാളത്തേക്ക് മാറ്റി. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം ഇന്നലെ പൂര്‍ത്തിയായി. ഇതിനുശേഷം വിധി പ്രഖ്യാപനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് നടത്തുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
പ്രതികളുടെ ശിക്ഷ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വാദപ്രതിവാദങ്ങളാണ് ഇന്നലെ സാകേതിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖാന്നയ്ക്കു മുന്നില്‍ നടന്നത്. പ്രതികളുടെ പ്രായവും വിദ്യാഭ്യാസമില്ലായ്മയും ജീവിത സാഹചര്യങ്ങളും മുന്‍നിര്‍ത്തിയാണ് പരമാവധി ശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. ഇത്തരം സാഹചര്യത്തില്‍ ചെയ്ത സാധാരണ കുറ്റകൃത്യം മാത്രമാണ് ദല്‍ഹി കൂട്ടബലാല്സംഗമെന്നും രാജ്യത്ത് ഇതിലും ക്രൂരമായ ബലാല്സംഗങ്ങള് നിരവധി നടന്നിട്ടുണ്ടെന്നും അതിലൊന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികള്‍ക്ക് പരമാവധി ജീവപര്യന്തം ശിക്ഷ മാത്രമേ നല്‍കാവൂ. പ്രതികളുടെ കുറ്റങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. 19ഉം 20ഉം വയസ്സുമാത്രമുള്ള പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ വി.കെ ആനന്ദ് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ 20 വയസ്സുള്ള പ്രതിയെ സുപ്രീംകോടതി വധശിക്ഷയ്ക്കു വിധിച്ച ഉദാഹരണം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദങ്ങളെ പ്രോസിക്യൂഷന് എതിര്‍ത്തു. ദയ അര്‍ഹിക്കുന്നില്ലെന്നും പ്രതികള്‍ ചെയ്തത് പ്രാകൃതവും പൈശാചികവുമായ പ്രവൃത്തിയാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നതിനു വധശിക്ഷ നല്‍കാമെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ ഉറ്റുനോക്കുന്ന കേസായതിനാല്ത്തന്നെ ശിക്ഷ കുറഞ്ഞുപോയാല്‍ കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. രാജ്യമനസാക്ഷിയെ നടുക്കിയ കുറ്റകൃത്യം ചെയ്ത പ്രതികളെ വധശിക്ഷയ്ക്കു തന്നെ വിധിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റേയും വാദങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് യോഗേഷ് ഖാന്ന വിധി വെള്ളിയാഴ്ചത്തേക്കു മാറ്റിവെച്ചത്.
വിധി ഇന്നലെ പറയുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ അന്തിമവാദം കൂടുതല്‍ പരിശോധനകള്‍ക്ക് ജഡ്ജിയെ നിര്‍ബന്ധിതമാക്കുകയായിരുന്നു. നേരത്തെ ജുവനെയില്‍ കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന വാദമുയര്‍ന്നെങ്കിലും നിയമത്തില്‍ വ്യക്തമാക്കുന്ന മൂന്നുവര്‍ഷത്തെ ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ താമസം മാത്രമാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഈ കേസില്‍ നാലുപ്രതികള്ക്കെതിരെയും പ്രോസിക്യൂഷന് ചുമത്തിയിരുന്ന കൊലപാതകം,ബലാല്‍സംഗം,തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരിയാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: