കൊച്ചി: ഓണക്കാലം പ്രമാണിച്ച് വ്യാജമദ്യത്തിനും അനധികൃത മദ്യവില്പ്പനയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ് ജനകീയ സമിതി യോഗത്തില്‍ തീരുമാനം. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇക്കാര്യത്തില്‍ തേടാനും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
നിശ്ചിത സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും കള്ളുഷാപ്പുകള്ക്കുമെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ബാറുകളില്‍ സമയത്തിന് മുമ്പും ശേഷവുമുള്ള മദ്യവില്‍പ്പന സംബന്ധിച്ച് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ (ഫോണ്‍ 9447178059), എന്‍ഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മീഷണര്‍ (9496002867) എന്നിവരെ വിവരമറിയിക്കാവുന്നതാണ്. കിളിവാതിലുകളിലൂടെയുള്ള മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതി ജനകീയ സമിതിയുടെ മുന്നിലെത്തിയതിനെ തുടര്‍ന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നമ്പര്‍ പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്. ഓണക്കാലത്ത് മത്സരങ്ങള്‍ക്കും നറുക്കെടുപ്പുകള്‍ക്കും സമ്മാനമായി മദ്യക്കുപ്പികള്‍ നല്‍കുന്നത് കുറ്റകരമാണ്. ഇതു സംബന്ധിച്ച് വിവരം ലഭിച്ചാല്‍ ഉടനെ നടപടി എടുക്കും. അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിവരം നല്കാന് പ്രധാന കവലകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിലെ മദ്യ ഉപഭോഗത്തെ കുറിച്ച് വിവരം നല്കാന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായം തേടും. സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും യോഗം തീരുമാനിച്ചു.
ജുലൈ, ഓഗസ്റ്റ് മാസങ്ങളിലായി 2590 റെയ്ഡുകള്‍ നടത്തി 263 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് അറിയിച്ചു. 29 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 296 പേരെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത മദ്യവും മയക്കുമരുന്നും: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം – 503.45 ലിറ്റര്‍, കള്ള് – 888 ലിറ്റര്‍, അരിഷ്ടം – 165.9 ലിറ്റര്‍, കഞ്ചാവ് – 8.235 കിലോഗ്രാം, ആംപ്യൂളുകള്‍ – 357 എണ്ണം, വാഷ് – 550 ലിറ്റര്‍, ബിയര്‍ – 177.3 ലിറ്റര്‍, ബ്രൗണ്‍ ഷുഗര്‍ – 0.061 കിലോഗ്രാം.
19092 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 10 വാഹനങ്ങള്‍ പിടിച്ചെടുത്തു. 108 പഞ്ചായത്തുകളിലും 12 നിയോജകമണ്ഡലങ്ങളിലും ജനകീയ സമിതികള്‍ പുനഃസംഘടിപ്പിച്ചു. 24 ബോധവല്‍ക്കരണപരിപാടികളും നടത്തി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്ക്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. റഹിംരാജ്, ടി.എം. വര്‍ഗീസ്, ഷിബു പോള്‍, എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി. അജിത് ലാല്‍, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ജേക്കബ് ജോണ്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.എസ്. ശശികുമാര്‍, പി.കെ. പീതാംബരന്, ടി.എം. കാസിം, അബു എബ്രഹാം, കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: