ന്യൂദല്‍ഹി: ഗ്രാമപ്രദേശങ്ങളില്‍ സബ്സിഡി നിരക്കില്‍ മൊബെയില്‍ ഫോണ്‍ ലഭ്യമാക്കുവാന്‍ കേന്ദ്രത്തിന്റെ പദ്ധതി. 10,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവാക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി 90 ലക്ഷം ടാബ്ലറ്റുകള് നല്‍കുന്നതിനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഈ പദ്ധതി പ്രകാരം ഒരു മൊബെയില്‍ ഫോണിന് 300 രൂപയായിരിക്കും ഈടാക്കുക. രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിമാസം 30 രൂപയുടെ റീച്ചാര്‍ജും സൗജന്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ റീച്ചാര്‍ജിലൂടെ ഒരു മാസം 30 മിനിട്ട് സംസാര സമയം, 30 എസ് എം എസ് സൗകര്യം , 30 എംബിപിഎസ് സേവനം എന്നിവ സൗജന്യമായി നേടാം. ഉപയോഗം ഈ നിശ്ചിത പരിധിയില്‍ കൂടുതലായാല്‍ ഉപയോക്താവ് തന്നെ പണം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.
യൂണിവേഴ്സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടി(യുഎസ്ഒഎഫ്)ലൂടെയാണ് ഈ രണ്ട് പദ്ധതികളും നടപ്പാക്കുന്നതിന് വേണ്ട ഫണ്ട് കണ്ടെത്തുന്നത്. മൊബെയില്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും വാര്‍ഷിക നികുതി ഈടാക്കിക്കൊണ്ടാണ് യുഎസ്ഒഎഫിലേക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്.
ടെലികോം വകുപ്പിലെ ഉന്നത നയരൂപീകരണ സമിതിയായ ടെലികോം കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ പദ്ധതിയ്ക്ക് അന്തിമാനുമതി ലഭിക്കുകയുള്ളു. ഈ രണ്ട് പദ്ധതികളും ദേശവ്യാപകമാകുന്നതിന് യഥാക്രമം നാല്, രണ്ട് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആദ്യ വര്‍ഷം 25 ലക്ഷം മൊബെയില്‍ ഫോണുകളും രണ്ടാമത്തെ വര്‍ഷം 50 ലക്ഷവും മൂന്നാമത്തെ വര്‍ഷം 75 ലക്ഷവും ശേഷിക്കുന്നവ നാലാമത്തെ വര്‍ഷവും ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ പദ്ധതി നടപ്പാക്കുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മൊബെയില്‍ ഫോണ്‍ ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവരില്‍ ചുരുങ്ങിയത് 30 ശതമാനം പേര് സ്ത്രീകളായിരിക്കണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: