മട്ടാഞ്ചേരി: വൈവിധ്യതയുടെ അനുഷ്ഠാന ചടങ്ങുകളുമായി ജൂതസമൂഹം പുതുവത്സരത്തെ വരവേല്‍ക്കുന്നു. വാഗ്ദത്ത ഭൂമിയില്‍നിന്ന് വിദൂരതയിലാണെങ്കിലും മലയാളക്കരയിലെ ജൂതഭവനങ്ങളും സമൂഹവും പുതുവത്സരാഘോഷ ലഹരിയിലാണ്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് നവവത്സര ദിനമായ ഇന്നലെ തുടക്കം കുറിച്ചു. 26ന് ‘സിംഹതോറ’ ആഘോഷവും തുടര്‍ന്ന് 29ന് ജൂതസമൂഹ പ്രാര്‍ത്ഥനയായ സബാത്തോടെയുമാണ് പുതുവത്സരാഘോഷം സമാപിക്കുക.
ഹീബ്രു കലണ്ടര്‍ പ്രകാരമുള്ളതാണ് ജൂതവര്ഷം. ‘റോഷാശാന’യെന്ന പുതുവത്സരത്തിന് സ്വാഗതമേകി ജൂതദേവാലയങ്ങളില് ‘ശോഷാര് (കാഹളം) വിളികളുണര്ന്നു. ഹീബ്രു കലണ്ടര്‍ പ്രകാരം 5774-ാമാണ്ടിനെയാണ് ജൂതസമൂഹം വരവേല്‍ക്കുന്നത്. നവവത്സരദിനത്തില്‍ ‘ഷാനാതോബാ’യെന്ന് പരസ്പരം ആശ്ലേഷിച്ചുകൊണ്ട് ജൂതസമൂഹാംഗങ്ങള് നവവത്സരാശംസകള്‍ നേരും. നവവത്സരദിനത്തില്‍ ജൂതദേവാലയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ പ്രായഭേദമന്യേ എല്ലാവരും പുതുവര്‍ഷ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സമാജ കാരണവരാണ് നേതൃത്വം നല്‍കുക. തുടര്‍ന്ന് തങ്ങള്‍ക്ക് ഭക്ഷണമേകുന്ന ദൈവത്തിന് സ്തുതി പാടി സ്വാദിഷ്ട ഫലവര്‍ഗങ്ങള്‍ ഭക്ഷിക്കും. ‘റോഷാശാന’ ചടങ്ങുകള്‍ക്ക് ശേഷം ഒരാഴ്ചയോളം പ്രാര്‍ത്ഥനാ ചടങ്ങുകള്‍. തുടര്‍ന്ന് കോംകീപുര് എന്ന പ്രായശ്ചിത്ത പ്രാര്‍ത്ഥനയും ഒരാഴ്ച ഉപവാസാചരണവും. അടുത്തദിവസം സുകോത്ത് എന്ന പച്ചോല പെരുന്നാളും. ഈ ദിനങ്ങളില്‍ ജൂതസമൂഹാംഗങ്ങള് ഏറെയും ആരാധനാലയങ്ങളിലും ഗൃഹങ്ങളിലുമാണ് സമയം ചെലവഴിക്കുക. തുടര്‍ന്ന് മൂന്നുദിവസം സിംഹതോയെന്ന ആഘോഷ സമാപന ചടങ്ങുകള്‍. ഈ ദിനങ്ങളില്‍ ജൂതഗൃഹങ്ങളും ആരാധനാലയങ്ങളും ദീപാലംകൃതമാക്കി ഉത്സവലഹരിയിലാക്കും. തുടര്ന്നസബാത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.
മലയാളക്കരയില്‍ കൊച്ചി ജൂതത്തെരുവിലെ സിനഗോഗ് ജൂതപള്ളിയും ഹിബ്റു നവവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി രാജാവ് നല്കിയ ഭൂമിയില്‍ ഒട്ടേറെ സവിശേഷതകളുമായി 1568ല്‍ സ്ഥാപിച്ച കൊച്ചി ജൂതപ്പള്ളി ഇന്നും ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ജൂതരുടെ പ്രതിവാര സമൂഹപ്രാര്ത്ഥനയായ സബാത്ത് നടക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമാണ് കൊച്ചി ജൂതപള്ളി. കേരളത്തില്‍ 50ഓളം ജൂതസമൂഹാംഗങ്ങളാണുള്ളത്. കൊച്ചിയിലാകട്ടെ രണ്ട് ആണും ആറ് സ്ത്രീകളുമായി എട്ടുപേരും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: