കൊല്ലം: ഓയില്‍ കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ആള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു. രാവിലെ 8 മുതല്‍ രാത്രി 8 വരെ പമ്പുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം പൊതുജനങ്ങളെയും ഡീലര്‍മാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കാനേ ഉപകരിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. സമയം ക്രമീകരിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നത് കേരളത്തില്‍ പ്രാവര്‍ത്തികമാവില്ല.
കേന്ദ്ര സര്‍ക്കാര്‍ എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള നീക്കം നടത്തുമ്പോവും ഇന്ത്യയിലെ മൂന്നു എണ്ണകമ്പനികളും പണം ധൂര്‍ത്തടിക്കുകയാണ്. സംസ്ഥാനത്ത് 1500 ഓളം പമ്പുകളുടെ അപേക്ഷ പരിഗണനിയിലാണ്. പുതിയ പമ്പ് സ്ഥാപിക്കുന്നതിന് ഏകദേശം 1 കോടി രൂപ കമ്പനിക്ക് ചെലവാകും.
ഓയില്‍ കമ്പനികള്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പുതിയ പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കുവാന്‍ കോടതികള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ അതിന് രൂപരേഖയായില്ല. എന്നിട്ടും പുതിയ പമ്പുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ അധികാരികളെ സ്വാധീനിച്ച എന്‍ഒസി സമ്പാദിക്കുന്നതിനാണ് കമ്പനികള്‍ക്ക് താല്പര്യം, ഇത്തരത്തിലുള്ള 17 എന്‍ഒസി കള്‍ കൊല്ലത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അധികാരികള്‍ വലിയ തുക ചെലവഴിച്ച് ഓഫീസുകളും ശമ്പള പരിഷ്കരണവും മറ്റു സുഖലോലുപതയും സൃഷ്്ടിക്കുമ്പോഴും പെട്രോള്‍ പമ്പുകളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സമയപരിധി ചുരുക്കുന്ന പുതിയ നിലപാട് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയേ ഉള്ളൂ. വില്പന കുറയ്ക്കുന്നതിന് യാതൊരു മാനദണ്ഡവുമില്ലാതെ പമ്പുകള്‍ തുടങ്ങുന്ന ഓയില്‍ കമ്പനികളെ നിയന്ത്രിക്കാനാണ് പെട്രോളിയ മന്ത്രാലയം നിര്‍ദേശം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനോ പൊതുജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനോ കമ്പനികള്‍ക്ക് താല്പര്യമില്ല. ഒട്ടുമിക്ക പമ്പുകളിലും ഡിസ്പെന്‍സറികള്‍ കേടായ അവസ്ഥയിലാണെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. മുരളീധരനും, സെക്രട്ടറി വൈ. അഷറഫും, തോമസ് വൈദ്യനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: