കോഴഞ്ചേരി: ആറന്മുള വിമാനത്താവളപദ്ധതിക്കുവേണ്ടി വാദിക്കുന്ന ജനപ്രതിനിധികളെ ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുപ്പിക്കരുതെന്ന് പള്ളിയോട സേവാസംഘം പൊതുയോഗത്തില്‍ പ്രമേയം പസാക്കി. പൊതുയോഗത്തില്‍ ഹാജരായ പ്രതിനിധികളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. തുടര്‍ന്ന് കെ.വി.സാംബദേവന്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി യോഗത്തില്‍ അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.30ന് പള്ളിയോട സേവാസംഘം ആസ്ഥാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ വള്ള സദ്യവഴിപാടുകള് ഉത്തൃട്ടാതി ജലമേള എന്നിവയായിരുന്നു മുഖ്യ അജണ്ട.
ഇതിനിടെ നാല്പതിലധികം പ്രതിനിധികള്‍ ഒപ്പിട്ട പ്രമേയം കോഴഞ്ചേരി പള്ളിയോട പ്രതിനിധി അമ്പോറ്റി കോഴഞ്ചേരി പൊതുയോഗത്തില്‍ അവതരിപ്പിച്ചു. ആറന്മുളക്കാര്ക്ക് ആവശ്യമില്ലാത്ത വിമാനത്താവള പദ്ധതിക്ക് വേണ്ടി വാദിക്കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പിജെ.കുര്യന് , ആന്റോ ആന്റണി എം.പി.,ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവരെ സെപ്തംബര്‍ 20ന് നടക്കുന്ന ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു പ്രമേയം.
പ്രമേയത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട പുത്തിരിക്കണ്ടമുള്പ്പെടെ നീര്ത്തടങ്ങല് നികത്തുന്നതും പമ്പയുടെ ജലസ്രോതസുകളില്‍ പ്രധാനമായ കരിമാരം തോട്, വലിയതോട് എന്നിവ നികത്തുന്നതിലുള്ള ആശങ്കയും കരക്കാര് പ്രകടിപ്പിച്ചു. പ്രതിനിധികളായ കെ.പി.സോമന് , സി.കെ. ഹരിശ്ചന്ദ്രന്, ടി.എന്‍.ചന്ദ്രശേഖരന്, അനിരാജ് ഐക്കര തുടങ്ങി 12 പ്രതിനിധികള്‍ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു. മൂന്നു പ്രതിനിധികള്‍ പ്രമേയത്തെ എതിര്‍ത്തു സംസാരിച്ചു.പൊതുയോഗം പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്ന് മിനിട്ട്സില്‍ രേഖപ്പെടുത്തി സെക്രട്ടറി രതീഷ് ആര്. മോഹന്‍ യോഗത്തില്‍ വായിച്ചതോടെ പ്രസിഡന്റ് കെ.വി.സാംമ്പദേവന് രാജിതീരുമാനം യോഗത്തില്‍ അറിയിച്ചു യോഗത്തില്‍ നിന്നും പോകുകയായിരുന്നു.
തുടര്‍ന്ന് പള്ളിയോടസേവാസംഘം വൈസ്പ്രസിഡന്റ് പ്രൊഫ. എന്‍.പി. ശങ്കരനാരായണപിള്ളയുടെ അദ്ധ്യക്ഷതയിലാണ് യോഗനടപടികള്‍ പൂര്‍ത്തികരിച്ചത്. സാംബദേവന്റെ രാജി അംഗീകരിക്കേണ്ടതില്ലെന്ന് പൊതുയോഗം തീരുമാനിച്ചെങ്കിലും രാജിയില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: