കൊച്ചി: കേരളത്തിലെ ഐ.ടി. സാധ്യതകളും മൂലധന നിക്ഷേപവും മനസ്സിലാക്കുവാനായി സ്വീഡനിലെ കുംല സിറ്റി മേയര്‍ കാതറീന ഹാന്‍സണ്‍, സിറ്റി കൗണ്‍സില്‍ മെമ്പറും പ്രതിപക്ഷ നേതാവുമായ മാറ്റ്സ് ഹെല്ശ്രീന്, വാട്ടര്‍ മാനേജ്മെന്റ് ചീഫ് മാര്‍സല്‍ മിന്നിഗല്, മാലിന്യ സംസ്കരണ ചീഫ് ആന്ദ്രേസ് ലാര്സണ് എന്നിവരടങ്ങിയ ഉന്നതതല സംഘം ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു.
ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേഷ് നായര്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്തു. അദ്ദേഹം ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംഘത്തിന് വിവരണം നല്കി.സ്വീഡനില്‍ നിന്നുമുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനം വ്യാപാരത്തിനുള്ള കൂടുതല്‍ വഴികള്‍ തുറക്കുകയും അതിലൂടെ ഇന്‍ഫോപാര്‍ക്കിന്റെയും കേരളത്തിലെ ഐ.ടി. വ്യവസായത്തിന്റെയും മൂല്യം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. ഋഷികേഷ്ണായര് പറഞ്ഞു.
കൊച്ചി നഗരത്തില്‍ കുടിവെള്ളം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, വിവരസാങ്കേതികം, ഇ.ഗവര്ണന്സ് എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിനും നിക്ഷേപത്തിനുള്ള സാധ്യതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.കേരള ഐ.ടി.യുടെ പ്രവര്‍ത്തനങ്ങളിലും ഇന്‍ഫോപാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും തൊഴില്‍ രംഗത്ത് നല്കുന്ന സംഭാവനകളിലും മേയര്‍ കാതറീന ഹാന്‍സണ്‍ സന്തോഷം പ്രകടിപ്പിച്ചു.ഇന്‍ഫോപാര്‍ക്ക് ചീഫ് ടെക്നിക്കല്‍ അഡ്വൈസര്‍ കെ.കുര്യന് അസിസ്റ്റന്റ് മാനേജര്‍ അഡ്മിന് റെജി കെ. തോമസ്, ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിംഗ് അരുണ്‍ രാജീവന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: