കൊച്ചി: കൂടിയാട്ടത്തിന്റെ ആത്മാവ് തേടിവിദേശ ഗവേഷകസംഘം ഇത്തവണയും മൂഴിക്കുളത്ത് എത്തി. മൂഴിക്കുളത്തെകൂടിയാട്ട ഗുരുകുലമായ നേപഥ്യയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവത്തില്‍ പങ്കെടുക്കുവാനാണ് ഹീബ്രുസര്വകലാശാലയില് നിന്നും പ്രൊഫ.ഡേവിഡ് ഷൂള്‍മാനും അധ്യാപകരും വിദ്യാര്‍ത്ഥികളും മടങ്ങുന്ന സംഘം പതിവ് തെറ്റിക്കാതെ ഇത്തവണയും എത്തിയത്. ഇക്കുറി ജര്‍മ്മനിയിലെ ട്യൂബിംഗണ് സര്‍വകലാശാലയില്‍ നിന്നും ഡോ.ഹൈക്കെ മോസറുടെ നേതൃത്വത്തില്‍ ഒരു സംഘവും ഇത്തവണ എത്തിയിട്ടുണ്ട്.
സംസ്കൃതഭാഷയിലും രംഗകലാപാരമ്പര്യത്തിലും ഏറെ താല്പര്യത്തോടെയാണിവര് കൂടിയാട്ടം കാണുന്നത്. സംസ്കൃതമറിയാവുന്നവരും ഇക്കൂട്ടത്തിലുണ്ട്. പകല്‍ സമയം മുഴുവന്‍ നാടകത്തിന്റെ പാഠം ഷൂള്‍മാന്റെ നേതൃത്വത്തില്‍ ആഴത്തില്‍ പഠിക്കും. രാവിലെ എല്ലാദിവസവും മുദ്രപഠനത്തിനായി കുറച്ച് സമയം മാറ്റി വെയ്ക്കും.
മാനസികവും ബൗദ്ധികവുമായ തയ്യാറെട്ടുപ്പുകളോടെ നാട്യരസം അറിഞ്ഞാസ്വദിക്കാനുള്ള നിറഞ്ഞ മനസ്സോടെയാണ് ഇവര്‍ എത്തിയിരിക്കുന്നത്. സാമാന്യേന കൂടിയാട്ടത്തിലെ അഭിനയഭാഗങ്ങളെല്ലും ഇവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. നടന് കാണിക്കുന്ന മനോധര്മ്മങ്ങള്വരെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാനുള്ള കഴിവ് ഇവരില്‍ പലരും നേടിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തിയ ഐന്ദവി എന്ന് പേര് സ്വീകരിച്ച ഡോ.ലൈനും ഇവരോടൊപ്പം ഉണ്ട്. നാട്യരസാനുളതിയുടെ ആകര്‍ഷണം കൊണ്ടാണ് തങ്ങള്‍ വീണ്ടും വീണ്ടും വരുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഡോ.ഡേവിഡ് ഷൂള്മാന്. പരിപൂര്ണ്ണതയിലേയ്ക്കെത്താന് ഇത്രപരിശ്രമിക്കുന്ന മറ്റൊരു കല കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു പ്രയോഗം കാണാതെയുള്ള നാടക പഠനം എത്രമാത്രം അപൂര്‍ണ്ണമാണെന്നും അദ്ദേഹം ഇപ്പോള്‍ തിരിച്ചറിയുന്നു എന്നും.
നേപത്ഥ്യയില്‍ ലോകപ്രശസ്ത കൂടിയാട്ടകലാകാരന്‍ മാര്‍ഗി മധുവിന്റെ നേതൃത്വത്തിലാണ് അവതരണങ്ങള്‍ അരങ്ങേറുന്നത്. അശോകവനികാങ്കം തോരണയുദ്ധം, ധനഞ്ജയം തുടങ്ങി കഴിഞ്ഞവര്‍ഷം 29 ദിവസം നീണ്ടുനിന്ന അംഗുലീയാങ്കത്തിനുവരെ ഇവര്‍ സാക്ഷികളായി. ഈവര്‍ഷം ശ്രീഹര്‍ഷന്റെ നാഗാനന്ദമാണ് അവതരിപ്പിക്കുന്നത്. 29 വരെ നീളുന്ന 8 ദിവസത്തെ അവതരണത്തിനൊടുവില്‍ നായികയായ മലയവതി ലതാപാശത്തില് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന രംഗം വളരെ പ്രസിദ്ധമാണ്. കെട്ടിതൊഴല് എന്നറിയപ്പെടുന്ന ഈ ഭാഗം ഡോ.ഇന്ദു ജി അവതരിപ്പിക്കും. കലാമണ്ഡലം രതീഷ് ദാസിന്റെ നേതൃത്വത്തിലുള്ള മിഴാവും കലാനിലയം രാജന്റെ നേതൃത്വത്തിലുള്ള ഇടയ്ക്കയും തുടര്‍ച്ചയായ അരങ്ങനുഭവങ്ങള്‍ കൊണ്ട് ഷുള്‍മാന്റെ സംഘത്തിന് ഏറെ പ്രിയപ്പെട്ടതാണ്.
രാവിലെ മാര്‍ഗി മധു അന്നഭിനയിക്കുന്ന ഭാഗങ്ങളുടെ മുദ്രകള്‍ പറഞ്ഞു കൊടുത്ത് ആസ്വാദനത്തിന് സജ്ജരാക്കുന്ന സംഘം പകല്‍ മുഴുവന്‍ നാടകപഠനത്തിലും അവതരണസംബന്ധമായ ചര്‍ച്ചകളിലും മുഴുകുന്നു. സന്ധ്യയ്ക്ക് കൗതുകം തിളങ്ങുന്ന കണ്ണുകളുമായി കൂത്തമ്പലത്തിലേയ്ക്ക് രസാസ്വാദനത്തിന്റെ ഒരു രാജ്യാന്തര സൗഹൃദം നേപഥ്യയില്‍ വളര്‍ന്നു വികസിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: