പറവൂര്‍: പൂതക്കുളം ഇടയാടി വേക്കുളം മാടന്‍നട ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹണി ഉത്സവവും 26ന് തുടങ്ങി സപ്തംബര്‍ ഒന്നിന് സമാപിക്കും. 25ന് വൈകിട്ടാണ് ആചാര്യവരണച്ചടങ്ങ്. തുടര്‍ന്ന് അഞ്ചിന് യജ്ഞമണ്ഡപത്തില്‍ തന്ത്രി പൂതക്കുളം നിലമന ഇല്ലത്ത് കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ദീപപ്രതിഷ്ഠ നടത്തും. ഇതിനുശേഷം യജ്ഞാചാര്യന്‍ കലഞ്ഞൂര്‍ ബാബുരാജ് ഭാഗവതമാഹാത്മ്യപ്രഭാഷണം നടത്തും. 26ന് രാവിലെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ഗ്രന്ഥനമസ്കാരവും കഴിഞ്ഞ് ഏഴുമണിമുതല്‍ ഭാഗവതപാരായണയജ്ഞത്തിന് തുടക്കമാകും. 28ന് ക്ഷേത്രത്തില്‍ യജ്ഞത്തിനൊപ്പം ശ്രീകൃഷ്ണജയന്തി ആഘോഷവുമുണ്ടാകും. വൈകിട്ട് അഞ്ചിന് ജന്മാഷ്ടമി പ്രമാണിച്ച് ചെണ്ടമേളവും താലപ്പൊലിയും കുട്ടികളുടെ ശോഭായാത്രയും കൂട്ട ഉറിയടിയും. 6.30ന് ഭഗവതിസേവയും വിളക്കും അഖണ്ഡനാമജപയജ്ഞവും. രാത്രി 12.05 മുതല്‍ അവതാരപൂജകളും നടക്കും. 29ന് യജ്ഞമണ്ഡപത്തില്‍ 11ന് ഗോവിന്ദപട്ടാഭിഷേക പ്രത്യേക പൂജകളും വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും.
30ന് രാവിലെ 11ന് രുക്മിണീസ്വയംവരഘോഷയാത്രയും സ്വയംവരാര്‍ച്ചനയും പുടവ പൂജയും മാലസമര്‍പ്പണച്ചടങ്ങും വൈകിട്ട് 5.30ന് സര്‍വൈശ്വര്യപൂജയും 31ന് രാവിലെ 11ന് കുചേലാഗമനവും അവല്‍പ്പറ അവല്‍ക്കിഴി എന്നിവയുടെ സമര്‍പ്പണവും വൈകിട്ട് അഞ്ചിന് കുട്ടികളുടെ ഭക്തിഗാനമത്സരവും 5.30ന് നീരാജനയജ്ഞവും നടക്കും.
സപ്തംബര്‍ ഒന്നിന് രാവിലെ ഗണപതിഹോമശേഷം 6.30ന് പൊങ്കാല എട്ടിന് കല്‍ക്കി അവതാരഭാഗവും ഒമ്പതിന് പരീക്ഷത്തിന്റെ മോക്ഷപ്രാപ്തിഭാഗവും പാരായണംചെയ്യും. രണ്ടിന് ഫലശ്രുതി പാരായണം തുടര്‍ന്ന് അവഭൃഥസ്നാനഘോഷയാത്രയും യജ്ഞസമാപനച്ചടങ്ങുകളും നടക്കും. സപ്താഹത്തോടനുബന്ധിച്ച് അന്നദാനമുണ്ടാകും. ഭക്തിഗാനമത്സരത്തിനുള്ള കുട്ടികള്‍ മുന്‍കൂട്ടി പേര് നല്‍കണമെന്ന് പ്രസിഡന്റ് ഹരിദാസന്‍ പിള്ളയും സെക്രട്ടറി ആര്‍.സുഭാഷും ജനറല്‍ കണ്‍വീനര്‍ സുജിത്കുമാറും അറിയിച്ചു. യജ്ഞാചാര്യനൊപ്പം പെരുമണ്‍ ബാബുരാജ്, കായംകുളം ഗോപന്‍, മണ്ണടി അശോകന്‍ എന്നിവരും യജ്ഞപൗരാണികരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: