കൊട്ടാരക്കര: നിയമം നടപ്പാക്കേണ്ടവര്‍ ഉറക്കം നടിക്കുമ്പോള്‍ കൊട്ടാരക്കര പട്ടണത്തില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. ആംബുലന്‍സോ ഫയര്‍ഫോഴ്സോ ആയാലും പട്ടണത്തില്‍ പ്രവേശിച്ചാല്‍ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപെടണമെങ്കില്‍ രക്ഷയ്ക്ക് ഈശ്വരനെ വിളിക്കുക മാത്രമേ വഴിയുള്ളു.
കൊട്ടാരക്കര എത്തിയെന്നറിയാന്‍ പണ്ടുകാലത്ത് മഹാഗണപതിക്ഷേത്രത്തില്‍ ചുട്ടെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ ഗന്ധം ഏറ്റാല്‍ മതി എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മണിക്കൂറുകള്‍ നീളുന്ന വാഹനനിരയും മാനദണ്ഡങ്ങളില്ലാത്ത വാഹനപാര്‍ക്കിംഗും കച്ചവടസ്ഥാപനങ്ങളുടെ ആനധികൃത കൈയ്യേറ്റവും അച്ചടക്കമില്ലാത്ത ഡ്രൈവിംഗും കാണുമ്പോള്‍ ആരും പറയും നമ്മള് കടന്നുപോകുന്നത് കൊട്ടാരക്കര പട്ടണത്തിലൂടെയാണെന്ന്.
സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ കൊട്ടാരക്കര ഏ ഗ്രേഡ് പഞ്ചായത്തിന്റെ ഭരണത്തിന് കീഴിലാണ്. കുമിഞ്ഞുകൂടുന്ന വരുമാനമാണ് ഇവിടെ നിന്ന് പഞ്ചായത്തിന് ലഭിക്കുന്നതെങ്കിലും ഇതില്‍ ഒരംശം പോലും പൊതുജന നന്മയ്ക്ക് ചെലവഴിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. വരുമാനം ചെലവഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ബന്ധപ്പെട്ടവരെ വിളിച്ച് ഗതാഗതക്കുരുക്കഴിക്കാന്‍ ഉപദേശക സമിതി വിളിച്ചു കൂട്ടാന്‍ പോലും മിനക്കെടാറില്ല.
എംസി റോഡും എന്‍എച്ചും സംഗമിക്കുന്ന പ്രദേശം, സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കെഎസ്ആര്‍ടിസി ഡിപ്പോ, കേരളത്തിലെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായ മഹാഗണപതിക്ഷേത്രം, ശബരിമലയിലേക്ക് പോകാനുള്ള പ്രധാന പാതകളില്‍ ഒന്ന്, മാര്‍ത്തോമ്മാസഭയുടെ തെക്കന്‍ ആസ്ഥാനമന്ദിരം, പെന്തക്കോസ്ത് മിഷന്റെ ഏഷ്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്റര്‍, മുസ്ലീം പള്ളികള്‍, അബ്കാരികോടതിയും, കുടുബകോടതിയും ഉള്‍പ്പെടെ ആറോളം കോടതികള്‍, താലൂക്കാശുപത്രി, റൂറല്‍ എസ്പി ഓഫീസ്, വൈദ്യുതിഭവന്, റെയില്‍വേ സ്റ്റേഷന്, താലൂക്കാശുപത്രി, താലൂക്കോഫീസ് തുടങ്ങിയ ചെറുതും വലുതുമായ ആയ നൂറുകണക്കിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജ്, സ്കൂള്‍ തുടങ്ങി 25 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഈ പട്ടണപരിധിയില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ കുറവാണ്. ഇവിടേക്കെല്ലാം എത്തണമെങ്കില്‍ ജംഗ്ഷനില്ക്കൂടി യാത്ര ചെയ്യുകയും വെണം. പുലിവാല് പിടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.
ആകെ പട്ടണത്തില്‍ ഉള്ളത് രണ്ടു വണ്‍വേകള്‍ മാത്രം. പുത്തൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുലമണിലെത്താനും ഓയൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കടന്നു പോകാനും ഈ രണ്ടു വണ്‍വേകളും പേരില്‍ മാത്രമേ ഉള്ളു. ആര്‍ക്കും ഇത് വണ്‍വേ ആണെന്ന് അറിയുകയില്ല. അറിഞ്ഞാല്‍ തന്നെ ആരം ഗൗനിക്കുന്നുമില്ല. നോപാര്‍ക്കിംഗ് ഏരിയയായി തിരിച്ച് ചില വ്യാപാര സ്ഥാപനിങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചില ബോര്‍ഡുകള്‍ നോക്ക്കുത്തിപോലെ എവിടെയും കാണാം. ചിലവ അപ്രത്യക്ഷമായും കഴിഞ്ഞു. ഇതിന്റെ പിന്നിലെ രഹസ്യവും അജ്ഞാതമാണ്. കാല്‍നടയാത്രക്കാര്‍ നടക്കേണ്ട പാതകള്‍ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കയ്യേറിയിരിക്കുകയാണ്. ആര്‍ക്കും എന്തും ചെയ്യാം ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.
ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും സിഐ, എസ്ഐ മാത്രമുള്ള കാലത്ത് കൊട്ടാരക്കയുടെ അവസ്ഥ നാഥനുള്ള രീതിയിലായിരുന്നു. ഊര്‍ജ്ജസ്വലരായ പഞ്ചായത്ത് ഭരണസമിതിയും പൊതുജനവും റസിഡന്റ് അസോസിയേഷനും തൊഴിലാളികളും എല്ലാം ചേര്‍ന്ന് മാസം തോറും ഉപദേശക സമിതികള്‍ വിളിച്ചു പരിഷ്കാരവും പരിഷ്കാരങ്ങളിലെ അപാകതയും ചര്‍ച്ച ചെയ്തപ്പോള്‍ പട്ടണം ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം പ്രാപിച്ചു. ഇന്ന് എസ്പി മുതല്‍ ട്രാഫിക് യൂണിറ്റ് വരെ ഡസണ്‍ കണക്കിന് ഉദ്യോഗസ്ഥരും പോലീസും ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് ഭരണ സമിതിക്കാകട്ടെ ഇതില്‍ ഒന്നും താല്പര്യമില്ല. ഓണം പടിവാതുക്കല്‍ എത്തിയതോടെ അനിയന്ത്രിതമായ തിരക്കിലേക്ക് പട്ടണം മാറിക്കഴിഞ്ഞു. ടൗണിലെ ഏതുപ്രദേശത്തുകൂടിപ്പോയാലും കുരുക്കില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയുകയില്ല. ഓണക്കാലം മുന്നില്‍ കണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണ് തുറക്കുന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും വ്യാപാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: