ബീജിംങ്ങ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍ പ്രളയത്തില്‍ 120 പേര് മരണമടഞ്ഞു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ മിക്കവയും ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങള്‍ പലയിടങ്ങളിലുമുണ്ടായി. 3,000 തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. 200 ഓളം പേരെ കാണാതായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപക കൃഷിനാശമുണ്ടായി. കോടികണക്കിനു രൂപയാണ് കൃഷിയിടങ്ങളില്‍ മാത്രം നഷ്ടം എന്നാണ് വിലയിരുത്തുന്നത്. റോഡ്, റെയില്‍ തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. നിരവധി വാഹനങ്ങളും വീട്ടു സാധനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയി.
പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ച ഹെയ്ലോംഗ് ജിയാംഗ് പ്രവിശ്യ, തായ്ലായ് മേഖല എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹുവായ്ജി നഗരം ഉള്‍പ്പെടെ പ്രളയ ഭീതിയിലാണ്. ചൈനയുടെ വിവിധഭാഗങ്ങളിലായി 80,000 തോളം പേര് കുടുങ്ങികിടക്കുകയാണ്.
പ്രളയം ചൈനയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് വിലയിരുത്തല്‍. അടുക്ക വര്‍ഷങ്ങളില്‍ ചൈനയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രളയമായിട്ടാണ് വിലയിരുത്തുന്നത്. മഴ തുടര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രളയത്തില്‍ നിരവധി ഡാമുകള്‍ക്കും പാലങ്ങള്‍ക്കും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡാമുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ജലം എത്തുകയാണെങ്കില്‍ ഡാം തകരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വന്‍ ദുരന്തത്തിനായിരിക്കും ചൈന സാക്ഷ്യം വഹിക്കുക. നാലായിരത്തോളം പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി ഇടങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. നദികള്‍ മിക്കവയും കരകവിഞ്ഞൊഴുകുകയാണ്. മഴയിനിയും തുടരുകയാണെങ്കില്‍ ചൈനയിലെ കൂടുതല്‍ നദികള്‍ കരകവിയാന്‍ സാധ്യതയുണ്ട്. മഴ അടുത്ത ആഴ്ച്ച വരെ നീണ്ടു നില്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 3,000 സൈനികര്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: