കൊച്ചി: അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാതെ, രാജ്യത്തെ 45 കോടി ജനങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. അഖിലേന്ത്യാ തലത്തില്‍ അഞ്ച് ലക്ഷം ന്യായവില ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നാളെ കരിദിനം ആചരിക്കുമെന്നും സെപ്റ്റംബര്‍ 23ന് സെക്രട്ടറിയേറ്റ് പടിക്കലും ഒക്ടോബര്‍ രണ്ടിന് ദല്‍ഹിയിലും റേഷന്‍ വ്യാപാരികള്‍ ഉപവാസസമരം നടത്തുമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന സെക്രട്ടറി ജി.രാധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് പ്രകാരം നഗരപ്രദേശത്ത് പകുതിപ്പേര്‍ക്കും ഗ്രാമപ്രദേശത്ത് 25 ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍ ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ പകുതി കുടുംബങ്ങള്‍ക്ക് മാത്രമേ റേഷന്‍ ലഭിക്കുകയുള്ളൂ. ഏത് മാനദണ്ഡ പ്രകാരമാണ് പകുതി പേര്‍ക്ക് റേഷനും റേഷന്‍കാര്‍ഡും നിഷേധിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാനദണ്ഡം നിശ്ചയിച്ച് അര്‍ഹരായവരുടെ പട്ടിക പരസ്യപ്പെടുത്താതെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
രണ്ട് രൂപയ്ക്ക് അരി നല്കുന്ന പദ്ധതിയുടെ അപേക്ഷാഫോറം പോലും പരിശോധിക്കാതെയാണ് 42.12 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ അരി നല്‍കിയത്. 14 വര്‍ഷം മുമ്പ് തയ്യാറാക്കിയ ബിപിഎല്‍ പട്ടികപ്രകാരം 20.56 ലക്ഷം പേര്‍ക്ക് ഒരുരൂപ നിരക്കിലും അരി നല്കി. അര്‍ഹരായവരെ കണ്ടെത്താതെ ധൃതിപിടിച്ച് അരി നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതോടെ പൊതുവിതരണ വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യത്തില്‍ പ്രതിമാസം 42000 മെട്രിക്ടണ്‍ കുറയും. ഒരാള്‍ മാത്രമുള്ള ബിപിഎല്‍ കുടുംബത്തിന് ഇപ്പോള്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം അഞ്ച് കിലോഗ്രാമായി കുറയുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: