കോതമംഗലം: കടവൂര്‍ ദുരന്തത്തിന് ഒരാണ്ട് തികഞ്ഞു. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ അനാസ്ഥക്ക് അറുതിയില്ല. കടവൂര്‍ നാലാം ബ്ലോക്ക് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ജീവനും സ്വത്തും സ്ഥലവും നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തവര്‍ക്ക് അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണന തുടരുന്നു.
2012 ആഗസ്റ്റ് 17ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ നാലാം ബ്ലോക്കില്‍ തായിക്കാട്ട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ആറ് വിലപ്പെട്ട മനുഷ്യജീവനുകളാണ് ആ ദുരന്തത്തില്‍ പൊലിഞ്ഞത്. ഒമ്പത് വീടുകള്‍ പൂര്‍ണ്ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് ദുരന്തഫലമായി കൃഷിഭൂമി ഒലിച്ചുപോയി. നിനച്ചിരിക്കാതെയുണ്ടാല മലവെള്ളപ്പാച്ചിലില്‍ താന്നിക്കുഴി നാരായണന്, വട്ടക്കുന്നേല്‍ ഔസേപ്പ്, കടുവാക്കുടി മധുവിന്റെ ഭാര്യ നാളിനി, മാടക്കപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല എന്നിവരുടെ ജീവനാണ് കവര്‍ന്നെടുത്തത്. മധു-നളിനി ദമ്പതികളുടെ മകന് രാജേഷ് രക്ഷപ്പെട്ടെങ്കിലും ഒരു കാല് നഷ്ടപ്പെട്ട് ജീവിക്കുന്ന രക്തസാക്ഷിയായി.
ദുരന്തവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ദുരന്തത്തിനിരയായവര്‍ക്കായി വാഗ്ദാനപ്പെരുമഴതന്നെ സൃഷ്ടിച്ച് സ്ഥലം വിട്ടു. സ്ഥലം എംപി പി.ടി.തോമസ്, ജോസഫ് വാഴക്കന് എംഎല്‍എ തുടങ്ങിയവര്‍ ദുരന്തഭൂമിയില്‍ ഓടിനടന്ന ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി നടത്തിയ വാഗ്ദാനങ്ങള്‍ ഇന്ന് പാഴ് വാക്കുകളായി അവശേഷിക്കുന്നു. ഈ ജനപ്രതിനിധികള്‍ പിന്നീട് തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് ദുരന്തബാധിതരായവര്‍ പരിതപിക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ ബന്ധുവീടുകളിലും വാടകക്കുമായി ഇപ്പോഴും കഴിയുകയാണ്.
ദുരന്തത്തില്‍ മരണപ്പെട്ട ഐപ്പിന്റെ മകന് എല്‍ദോസും കുടുംബവും മരണപ്പെട്ട ഔസേപ്പിന്റെ ഭാര്യയും മകനും കടവൂര്‍ എല്‍പി സ്കൂളിന് സമീപമുള്ള ഗ്രാമസേവകന്റെ ഒാഫീസിലാണ് ഇന്നും കഴിയുന്നത്. വട്ടക്കുന്നേല്‍ ചിന്നമ്മയെന്ന വൈധവ്യം സംഭവിച്ച സ്ത്രീയും മണിപ്പാറ സാംസ്ക്കാരിക നിലയത്തിലാണ് കഴിയുന്നത്. ഇവര്‍ ദാരിദ്രത്താല്‍ നട്ടംതിരിയുന്ന അവസ്ഥയിലുമാണ്. നാലര ഏക്കറോളം കൃഷി ഭൂമിയാണ് ദുരന്തത്തില്‍ കുത്തിയൊലിച്ചുപോയത്.
ദുരന്തത്തിനിരയായവരെ മൂന്ന് മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നടത്തിയ എംഎല്‍എയും എംപിയും മന്ത്രിമാരടങ്ങുന്ന ഭരണനേതൃത്വം പുനരധിവസിപ്പിക്കാന്‍ വേണ്ട യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട കൃഷിഭൂമിക്ക് പകരം അത്ര അളവില്‍ ഭൂമി നല്‍കുമെന്നും വാഗ്ദാനം നല്‍കിയെങ്കിലും ഇതിനായി കടവൂര്‍-കലൂര്‍ റോഡില്‍ മെര്ലിന് പ്ലാന്റേഷന് സമീപം കെഎസ്എഫ്ഇ ജപ്തി ചെയ്തിട്ടിരിക്കുന്ന സ്വകാര്യവ്യക്തിയുടെ 70 സെന്റ് സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി നല്കണമെങ്കില് കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്നതാണ് സത്യം. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കടവൂര്‍-ഒടിയപാറ റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിനായി ദുരന്തശേഷം അഞ്ച് മാസം കഴിഞ്ഞ് ഒന്നേല്‍ കോടി രൂപ അനുവദിച്ചെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ല. ഈ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാമെന്ന് ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടി നടപടികള്‍ കൈക്കൊള്ളുമെന്നും എംഎല്‍എയും കൂട്ടരും ദൃശ്യമാധ്യമങ്ങള്‍ മുമ്പാകെ കൊട്ടിഘോഷിക്കുകയുണ്ടായെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.
ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നലെ സ്ഥലം എംഎല്‍എ ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ അനുസ്മരണസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ദുരന്തബാധിതരെയും പ്രദേശവാസികളെയും ഇനിയും അപമാനിക്കാനായിരുന്നോ അനുസ്മരണസമ്മേളന പ്രഹസനമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍തന്നെ, എംഎല്‍എ വന്നാലും എംപി വന്നാലും മന്ത്രി വന്നാലും തങ്ങളുടെ ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഈ മേഖലയിലെ ദുരന്തത്തിനിരയായവരും പാവപ്പെട്ടവരും വിശ്വസിക്കുന്നു.
പി.കെ.ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: