കൊച്ചി: ലോക സമ്പദ്വ്യവസ്ഥ 3.3ശതമാനമെന്ന നിരക്കില്‍ നീങ്ങുമ്പോള്‍ ആറ് ശതമാനം വളര്‍ച്ചയോടെ പുരോഗതിയിലേക്കു കുതിക്കുന്ന ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി. മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യമെന്നത് വിമോചനമാണ്. എല്ലാ ദു:ഖാങ്ങളില്‍ നിന്നും പരിമിതികളില്‍ നിന്നുമുള്ള വിമോചനം. സംസ്ഥാനസര്‍ക്കാരിന്റേത് വികസനവും കരുതലും എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രവര്‍ത്തനമാണ്. വിമോചനത്തിന്റെ കാതലെന്നത് ജനതയുടെ സമഗ്രമായ വികസനത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിന് ഒറ്റക്കെട്ടായി ഒരു മനസോടെയുള്ള പ്രവര്‍ത്തനമാണ് ഇന്ന് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.അതോടൊപ്പം സ്വാതന്ത്ര്യം നമുക്ക് എന്തു നല്‍കിയെന്നതിന് അപ്പുറം സമൂഹത്തിന് നാം എന്തു നല്‍കിയെന്ന ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഇത്. രാജ്യവികസനവും ജനക്ഷേമവും ഉറപ്പാക്കാന്‍ ഒരുമിച്ചു പങ്കുചേരേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിനൊപ്പം സ്വതന്ത്രരായവര്‍ ഇന്ന് പട്ടാളഭരണത്തിലേക്കും മറ്റും പോകുമ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ നമുക്കായി എന്നതും ഏതു രാഷ്ട്രത്തിനു മുമ്പിലും തലയുയര്ത്തിനില്ക്കാന് കഴിയുന്നുവെന്നതും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ 8.25ന് മൈതാനിയിലെത്തിയ മുഖ്യാതിഥിയെ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജയിംസ് എന്നിവര്‍ സ്വീകരിച്ചു. 8.30ന് മുഖ്യാതിഥി പതാക ഉയര്‍ത്തിയ ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. കഴിഞ്ഞ റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ജയപാലന്, കൊച്ചി സിറ്റി ഡി.സി.ആര്.ബി.യിലെ എം.വി.പീറ്റര്‍, മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ എം.എന്‍.വിജയന്, വിജയകുമാര്‍, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനിലെ ഡി.സജീവ്കുമാര്‍, നെടുമ്പാശേരി സിയാലിലെ പി.ഡി.ബെന്നി, ഹാര്‍ബര്‍ സ്റ്റേഷനിലെ കെ.എം. രാജീവ്, എറണാകുളം സി.ബി.സി.ഐ.ഡി.യിലെ ജോഷി സി.എബ്രഹാം, കണ്ണമാലി സ്റ്റേഷനിലെ കെ.പി.സുലൈമാന്‍, കൊച്ചി സിറ്റി കണ്ട്രോള് റൂമിലെ പി.ജെ.തോമസ്, ടി.വി.രാജീവ്, ട്രാഫിക് വെസ്റ്റിലെ ടി.പി.സിബി, മൂവാറ്റുപുഴ സ്റ്റേഷനിലെ എം.വി.ബിജു, ഹില്‍പാലസ് സ്റ്റേഷനിലെ എം.ജി. സന്തോഷ് എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. പതാകദിന ഫണ്ടിലേക്ക് മികച്ച സംഭാവന നല്കിയ ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്., സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയ്ക്കുള്ള റോളിങ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു. ജൂണില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായനദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച വായനമല്സരത്തിലെ വിജയികളായ ഷീന വര്‍ഗീസ് (പയസ് ജി.എച്ച്.എസ്. ഇടപ്പള്ളി), സാബുതോമസ് (സെന്റ് തോമസ് എച്ച്.എസ്.എസ്. മലയാറ്റൂര്‍), എ.വി.ഷജിന (കളക്ട്രേറ്റ് എറണാകുളം) എന്നിവര്‍ക്കുള്ള സാക്ഷ്യപത്രവും പുസ്തകവും മന്ത്രി സമ്മാനിച്ചു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ജില്ല ആംഡ് റിസര്‍വ് കൊച്ചി സിറ്റിയും സീ കേഡറ്റ് കോര്‍പ്സ് സീനിയര്‍ ഡിവിഷനും ആംഡ് യൂണിറ്റുകളില്‍ ഒന്നാം സ്ഥാനം നേടി. സീ കെഡറ്റ് കോര്പ്സ്് ജൂനിയര്‍ വിഭാഗം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ആണ്‍കുട്ടികളില്‍ ഒന്നാം നമ്പര്‍ പ്ലറ്റൂണും(എറണാകുളം റൂറല്‍), സ്കൗട്ട്സില്‍ പെരുമാനൂര്‍ സി.സി.പി.എല്‍.എം.ഹൈസ്കൂളും, ഗൈഡ്സില് എറണാകുളം സെന്റ.തെരേസാസ് ഹൈസ്കൂളും, ജൂനിയര്‍ റെഡ്ക്രോസില്‍ എറണാകുളം സെന്റ് ആന്റണീസും കബ്സില്‍ കച്ചേരിപ്പടി സെന്റ് മേരീസും ബുള്‍ബുളില്‍ ചാത്യാത്ത് എല്‍.എം.സി.സി.ജി.എല്‍.പി.എസും ഒന്നാമതായി. ബാന്റ് സംഘത്തില്‍ എറണാകുളം സെന്റ് തെരേസാസ്, സീ കെഡറ്റ് കോര്‍പ്സ്, സെന്റ് ആന്റണീസ് എന്നിവ ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടി.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റില്‍ എറണാകുളം റൂറലിലെ നാലാം പ്ലറ്റൂണ്‍ രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ റെഡ്ക്രോസില്‍ സെന്റ് ആല്‍ബര്‍ട്സ് എച്ച്.എസ്. രണ്ടാം സ്ഥാനവും സെന്റ് മേരീസ് എച്ച്.എസ്. മൂന്നാം സ്ഥാനവും നേടി. കബ്സില്‍ ചാത്യാത്ത് എല്‍.എം.സി.സി.ജി.എല്‍.പി.എസും ബുള്‍ബുളില്‍ സെന്റ് മേരീസ് ജി.എല്‍.പി.എസും രണ്ടാം സ്ഥാനം നേടി.
കൊച്ചി സിറ്റി ആംഡ് റിസര്‍വിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ പി.കെ.ഹരിലാല്‍ നയിച്ച പരേഡില്‍ ആറ് സായുധസേന വിഭാഗം, 25 അണ് ആംഡ് വിഭാഗം, മൂന്നു ബാന്‍ഡ് സംഘം എന്നിവ അണിനിരന്നു. എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനവും നടത്തി. സ്കൂളിനുള്ള ഉപഹാരം ജയലക്ഷ്മി ടീച്ചര്‍ മന്ത്രിയില്‍ നിന്നേറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: