കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായ ഡോ. എം,സി.ദിലീപ് കുമാറിന് കൊച്ചിന് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തോട് അനുബന്ധിച്ച് സ്വീകരണം നല്കി. ജസ്റ്റിസ് വി. ആര്.കൃഷ്ണയ്യര്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയും ഡോ. ദിലീപ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. പ്രായാധിക്യം മൂലവും ശാരീരിക വൈഷമ്യങ്ങളും ഉള്ളതിനാല്‍ താന്‍ ചടങ്ങുകളില്‍ അധികം പങ്കെടുക്കാറില്ലെങ്കിലും, വളരെയധികം സ്വഭാവ വൈശിഷ്ട്യങ്ങള്‍ക്ക് ഉടമയായ ദിലീപ് കുമാറിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത്, അദ്ദേഹത്തോടുള്ള അനാദരവാകും എന്ന് തോന്നിയതിനാലാണ് ഇത്രയും ദൂരം സഞ്ചരിച്ച് കൊച്ചിന് കോളേജില്‍ വന്നതെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. കൊച്ചിന് കോളേജുമായി തനിക്ക് പല തലങ്ങളില്‍ ബന്ധമുണ്ടായിരുന്നെന്നും വീണ്ടും ഇവിടെ വരാനും എല്ലാവരെയും കാണാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് തോമസ് ജെ.വയലാട്ടും ജന. സെക്രട്ടറി ടി.പി സലിംകുമാറും ചേര്‍ന്ന് ജസ്റ്റിസ് കൃഷ്ണയ്യരെ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പല്‍ ജോസ് പി.എബ്രഹാം ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ഉപഹാരം നല്കി. ജസ്റ്റിസ് കൃഷ്ണയ്യരുടെ കൈകളില്‍ നിന്നും ആദരം ഏറ്റുവാങ്ങിയത് ജീവിതത്തിലെ മഹാഭാഗ്യമാണെന്നും സര്‍വകലാശാലയുടെ വൈസ് ചാന്സലറായതിനേക്കാള് വലിയ സന്തോഷമാണ് അത് പ്രദാനം ചെയ്യുന്നതെന്നും ഡോ. ദിലീപ് കുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്.വി.കിളിക്കാര്‍, കൊച്ചിന് എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് ഡേവിഡ് മൂക്കന്, മാനേജര്‍ ടി. വിദ്യാസാഗര്‍, രക്ഷാധികാരി പ്രൊഫ. എം. രാജഗോപാലന്‍,പ്രസിഡണ്ട് തോമസ് ജെ.വയലാട്ട്, ജന. സെക്രട്ടറി ടി.പി സലിംകുമാര്‍, ട്രഷറര്‍ പി.പി.ശരത്ചന്ദ്രന് എന്നിവര്‍സംസാരിച്ചു.
രാവിലെ കോളേജ് അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ ജോസ് പി. എബ്രഹാം പതാക ഉയര്‍ത്തിയാതോടെ ആണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കോളേജില്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അര്‍ഹരായ 24 വിദ്യാര്‍ഥികള്‍ക്ക് അലുംനി ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘ലെസ്സന്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി വിജയനെയും 1000 എപ്പിസോഡുകള്‍ തികച്ച ഏഷ്യാനെറ്റ് സിനിമാലയുടെ സംവിധായിക ഡയാന സില്വസ്ടറെയും ‘്രെപെഡ് ഓഫ് കൊച്ചിന് കോളേജ്’ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി ഐ.എ.എസ്. ലഭിച്ച മയൂരി വാസുവിനെ ചടങ്ങില്‍ അനുമോദിച്ചു.
അലുംനി അസോസിയേഷന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 6 നു എറണാകുളം സവിത തിയേറ്ററില്‍ നടത്തുന്ന ‘ലെസ്സന്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്ങ്’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഡോ. ദിലീപ് കുമാര്‍ നിര്‍വഹിച്ചു. അഗസ്റ്റസ് സിറില്‍ ആണ് ടിക്കറ്റ് ഏറ്റുവാങ്ങിയത്.
പ്രമുഖ നാടക പ്രവര്‍ത്തകനായ മീനരാജ് സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകള്‍’ എന്ന നാടകം, ഡയാന സില്വസ്ടറിന്റെ നേതൃത്വത്തില്‍ 80 കളിലെ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള നൃത്തങ്ങള്‍, ചലച്ചിത്ര പിന്നണി ഗായകനായ അഫ്സല് നയിച്ച ഗാനമേള, തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: