കാക്കനാട്: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയെ കുളിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കെണ്ടെത്തി. സനില ജോസഫി(14)നെയാണ് ഇന്നലെ രാവിലെ ആറോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കനാട് എംഎഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പ്രഭാത പ്രാര്‍ഥനയ്ക്കായി ചില്‍ഡ്രന്‍സ് ഹോമില്‍ മണി അടിച്ച ശേഷം മറ്റു കുട്ടികളോടൊപ്പം സനിലയെ കാണാതായപ്പോഴാണ് അന്വേഷണം നടത്തിയത്. ജനലിന്റെ വെന്റിലേറ്ററില്‍ മൂന്നു ഷാളുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ടു മുട്ടുകുത്തിയ നിലയിലാണു കാണപ്പെട്ടത്. ഉടനെ ചില്‍ഡ്രന്‍സ് ഹോം കീയര്‍ ടേക്കര്‍ തൃക്കാക്കര പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ആദ്യം നഗരസഭ സഹകരണാശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോട്ടയം കുമ്മണ്ണൂര്‍ സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 2010 ജൂലൈയിലാണു സനില ജോസഫ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. അവിടെ വച്ചു പലവട്ടം ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളതായി സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
കുട്ടിയുടെ പിതാവ് ഒരു കുറ്റത്തില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരണപ്പെട്ടു. അമ്മയും പിന്നീടു മരിച്ചതോടെ അനാഥരായ അഞ്ചു കുട്ടികളില്‍ മുതിര്‍ന്നയാളാണ് സനില. ഇളയവരില്‍ രണ്ടു പെണ്‍കുട്ടികള്‍ ആലുവ ശിശുഭവനിലും ആണ്‍കുട്ടികള്‍ രണ്ടു പേരും മറ്റു രണ്ടു ചില്‍ഡ്രന്‍സ് ഹോമുകളിലുമാണു കഴിയുന്നത്.
ചില്‍ഡ്രന്‍സ് ഹോമില്‍ ഓണത്തോടനുബന്ധിച്ചു നടത്തുവാനുള്ള കലാമത്സരങ്ങളുടെ പരിശീലനം നടത്തിവരികയായിരുന്നു. ഡാന്‍സിലും പാട്ടിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കുട്ടിയായിരുന്നു സനില എന്നു ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാര്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചില്‍ഡ്രന്‍സ് ഹോമില്‍ കൊണ്ടുവന്നു മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍ സംസ്കരിച്ചു. ജില്ല കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീത്, കൗണ്‍സിലര്‍മാരായ നൗഷാദ് പല്ലച്ചി, പ്രഭുകുമാര്‍ എന്നിവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: