പ്രിട്ടോറിയ: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്ധവാന് ഡബിള്‍ സെഞ്ച്വറി. വിജയം അനിവാര്യമായ മത്സരത്തില്‍ ചേതേശ്വര്‍ പൂജാര സെഞ്ച്വറിയും നേടിയതോടെ ഇന്ത്യ ‘എ’ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സ് എന്ന സ്കോറിലെത്തി. 248 റണ്‍സാണ് ധവാന് കൂട്ടിച്ചേര്‍ത്തത്. 150 പന്തുകള്‍ നേരിട്ട ധവാന് 30 ബൗണ്ടറികളും ഏഴ് സിക്സറുകളും പറത്തി അരങ്ങ് തകര്‍ക്കുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ധവാന്റെ രണ്ടാമത്തെ കൂറ്റന്‍ സ്കോറാണിത്. ഇംഗ്ലീഷ് ബാറ്റ്സ്മാന് അലി ബ്രൗണ്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താന്‍ ധവാന് കേവലം 20 റണ്‍സ് കൂടി മാത്രം മതിയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ധവാനും മുരളി വിജയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 11-ാം ഓവറില്‍ 91ല്‍ എത്തിയപ്പോള്‍ മുരളി വിജയ് (40) പുറത്തായി. തുടര്‍ന്നെത്തിയ പുജാരയും ധവാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ‘എ’ ടീമിനെ അടിച്ചൊതുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 285 റണ്‍സിന്റെ അമ്പരപ്പിക്കുന്ന കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 376ല്‍ എത്തിയപ്പോള്‍ അരങ്ങുതകര്‍ത്ത ധവാന് തെറോണിന്റെ പന്തില്‍ ഡെയ്ന്‍ വിലാസിന് പിടി നല്കി മടങ്ങി. ചേതേശ്വര്‍ പുജാര 106 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റെയ്ന (6) തിളങ്ങാതെ പുറത്തായപ്പോള്‍ കാത്തിക് (18) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക അവസാന വിവരം ലഭിക്കുമ്പോള്‍ 3ന് 271 എന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: