പാലക്കാട്: സംസ്ഥാനത്തെ തൃശൂര്‍, കോഴിക്കോട് ജില്ലകളെ യോജിപ്പിക്കുന്ന ദേശീയപാതകളായ 47വും, 213ഉം ഒരുപോലെ ഗതാഗതയോഗ്യമല്ലാതായത് പതിനായിരക്കണക്കിന് യാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ വലയ്ക്കുന്നു.
റോഡ് തകര്‍ന്നതോടെ നിത്യേനയുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടവും ഇരുഹൈവേകളിലും ഏറെയാണ്. പല സ്വകാര്യബസുകളും സര്‍വ്വീസുകള്‍ റദ്ദു ചെയ്യുകയോ, വെട്ടിക്കുറയ്ക്കുകയോ ചെയ്തു കഴിഞ്ഞു. കെഎസ്ആര്‍ടിസി ഗത്യന്തരമില്ലാതെയാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ദിനംപ്രതിയുണ്ടാകുന്നത്.
റോഡ് തകര്‍ന്നതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ട് ആഴ്ചകളായി. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ മാത്രമാണ് ജനത്തിന് ആശ്വാസം. വിദ്യാര്‍ഥികളും ആയിരക്കണക്കിന് ജോലിക്കാരും ഇതുമൂലം ദുരിതക്കയത്തിലുമായി. നിറയെ യാത്രക്കാരുമായി വരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ വടക്കഞ്ചേരിക്കു ശേഷമുള്ള യാത്രക്കാര്‍ക്ക് കയറാന്‍ സ്ഥലമില്ലാത്തിനാല്‍ സമാന്തരസര്വ്വീസുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇതിനാല്‍ ദിനംപ്രതി വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന നഷ്ടവും ഏറെയാണ്.
സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത ഓട്ടയടക്കുന്നതിനുവേണ്ടി അഞ്ചരക്കോടി രൂപ അനുവദിച്ചെങ്കിലും പൊടിപടലം മൂലം വടക്കഞ്ചേരിമുതല്‍ മണ്ണുത്തിവരെ കൂനിന്മേല് കുരു എന്ന അവസ്ഥയിലുമായി. കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ പിറ്റേന്നുതന്നെ പൊളിയുകയും ചെയ്തു.
കഴിഞ്ഞ നാലുദിവസമായി മഴ മാറിനിന്നതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ ഇവിടെ പുനരാരംഭിച്ചത്. റോഡില്‍ കല്ലിനോടൊപ്പം കോണ്‍ക്രീറ്റിനു പകരം ചെളിമണ്ണാണ് ഉപയോഗിച്ചത്. മഴമാറി വെയില് തെളിഞ്ഞതോടെ വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ റോഡ് പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. റോഡിനു സമീപത്തെ വീട്ടുകാര്‍ക്കും ബസ് യാത്രക്കാര്‍ക്കും ഇതുമൂലം ശ്വാസംമുട്ടലും രോഗവും വര്‍ധിച്ചതായും പരാതി ഉയര്‍ന്നു,
മണ്ണാര്‍ക്കാട് റോഡിലാകട്ടെ പാലക്കാട് ടൗണ്‍ മുതല്‍ ഒലവക്കോട്വരെയും കല്ലടിക്കോട് മുതല്‍ മണ്ണാര്‍ക്കാട് വരെയും റോഡ് പൂര്‍ണ്ണമായും തകര്‍ന്നുകഴിഞ്ഞു. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയും റോഡ് തകര്‍ന്നിട്ടുണ്ട്.
മഴക്കു മാസങ്ങള്‍ക്ക് മുമ്പാണ് നൊട്ടമല റോഡ് വാഹനഗതാഗതം നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ ഇവിടെ പലയിടത്തും വന്‍ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വലിയവാഹനങ്ങള്‍ ഇതൊഴിവാക്കി വരുന്നതിനാല്‍ ദിവസവും ഇരുചക്ര-മുച്ചക്ക വാഹനങ്ങള്‍ അപകടത്തില്‍പ്പെടുക സ്ഥിരം സംഭവമായിമാറി.
നൊട്ടമല റോഡിന്റെ തകര്‍ച്ച മണ്ണാര്‍ക്കാട് നഗരത്തെ സ്ഥിരമായി ഗതാഗതക്കുരുക്കിലാക്കിയിരിക്കുകയും ചെയ്യുന്നു. ബൈപാസ് നിര്‍മ്മാണമാകട്ടെ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയും ചെയ്യുന്നു. ബൈപാസ് യാഥാര്‍ഥ്യമായെങ്കില്‍ മാത്രമെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയൂ. ഓണക്കാലമെത്തുന്നതോടെ ഭാരക്കൂടുതലുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ഗതാഗതക്കുരുക്ക് അധികമാകുകയും ചെയ്യുമെന്ന് വ്യാപാരികളും പരാതിപ്പെട്ടു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: