കൊച്ചി: പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്ത് നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. മുഴുവന്‍ രാജ്യത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ലോകത്തെ വന്‍ ശക്തികള്‍ക്കൊപ്പം വിമാനവാഹിനി കപ്പല്രംഗത്തും ഇന്ത്യ എത്തിയിരിക്കുന്നു. പൃഥ്വിരംഗിന്റെ പരീക്ഷണം ഇന്നലെ രാവിലെ വിജയകരമായി നടത്തിയ കാര്യവും സന്തോഷപൂര്‍വ്വം ആന്റണി അറിയിച്ചു.
കപ്പല്‍ നിര്‍മ്മാണരംഗത്ത് കൊച്ചി കപ്പല്‍ശാല രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായി മാറിക്കഴിഞ്ഞു. രാജ്യത്തിനിത് നാഴികക്കല്ലാണ്. 1972ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്ന താന്‍ ഇവിടെ വന്നിരുന്ന കാര്യം ആന്റണി അനുസ്മരിച്ചു.
2008 ജൂലൈയില്‍ കപ്പല്‍ശാലയെ നവരത്ന കമ്പനിയായി ഉയര്‍ത്തി. ബ്രഹ്മോസ് തുടങ്ങി നിരവധി പദ്ധതികളിലൂടെ ഇന്ത്യ സാങ്കേതികരംഗത്ത് സ്വന്തം കാലില്‍ എത്തിയിരിക്കുകയാണ്. ബ്രഹ്മോസ്, ഏഴിമല നാവിക അക്കാദമി, കൊച്ചി കപ്പല്‍ശാല എന്നിവയിലൂടെ കേരളം വ്യവസായരംഗത്ത് പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ആന്റണി പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ.വാസവനെയും കപ്പല്‍ശാലാ ജീവനക്കാരെയും വിക്രാന്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ആന്റണി അഭിനന്ദിച്ചു.
വൈബ്രന്റ് ഷിപ്പിംഗ് വ്യവസായത്തില്‍ കൊച്ചി ഹബ്ബായി വളര്‍ന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജി.കെ.വാസന് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയിലും സമഗ്ര വികസനത്തിലും കപ്പല്‍ശാലയ്ക്ക് മികച്ച പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് സൗകര്യം കൊച്ചിയിലുണ്ടാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: