പള്ളുരുത്തി: പ്രകൃതിവാതകവുമായി എത്തിയ കപ്പല്‍ ‘വില്ലെനര് ജി’ ഞായറാഴ്ച രാവിലെ കൊച്ചി പുറങ്കടലില്‍ എത്തി. എല്‍എന്‍ജി ടെര്‍മിനലിന് സമീപം എക്കല്‍ നിറഞ്ഞതിനാല്‍ കപ്പല്‍ ബെര്‍ത്തില്‍ അടുക്കാന്‍ മൂന്ന്ദിവസം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. കപ്പല്‍ അടുക്കുന്നതിനുവേണ്ടി ബെര്‍ത്തില്‍ ഡ്രഡ്ജിംഗ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസവും കപ്പല്‍ പുറങ്കടലില്‍ നങ്കുരമിടേണ്ടിവരുമെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
കടലില്‍നിന്നും കായല്‍ പ്രദേശത്തേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ വന്‍തോതിലാണ് ടെര്‍മിനലിന് സമീപം ഏക്കലും ചെളിയും നിറഞ്ഞിരിക്കുന്നത്. ഒരു ഡ്രഡ്ജറാണ് ചെളി നീക്കല്‍ ജോലികള്‍ ഇപ്പോള്‍ നടത്തിവരുന്നത്. ഷിപ്പ്യാര്ഡിലെ ഡ്രഡ്ജിംഗ് ജോലി കഴിഞ്ഞ് തുറമുഖത്തിന്റെ ഡ്രഡ്ജര്‍ നെഹ്റു ശതാബ്ദി എത്തുന്നതോടെ ചെളി നീക്കല്‍ വേഗത്തിലാകും. കപ്പല്‍ ബെര്‍ത്തില്‍ അടുപ്പിച്ച് ഒരാഴ്ചക്കകം പ്രകൃതിവാതകം ഇറക്കല്‍ ആരംഭിക്കും. എഫ്എസിടിക്കും റിഫൈനറിക്കുമാണ് ആദ്യഘട്ടം വാതകം നല്‍കുന്നത്. 56,000 ക്യൂബിക് മീറ്റര്‍ ദ്രവീകൃത പ്രകൃതിവാതകമാണ് കപ്പലിലുള്ളത്.
ബെര്‍ത്തിലെ ആഴം 14 മീറ്ററായി മാറ്റിയശേഷം മാത്രമേ കപ്പല്‍ ടെര്‍മിനലില്‍ അടുപ്പിക്കുകയുള്ളൂവെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. പ്രകൃതിവാതകം നല്കുന്നതിനായുള്ള പൈപ്പിടല്‍ ജോലികള്‍ മുമ്പേ പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: