തിരുവനന്തപുരം: കേന്ദ്ര സേനയെ വിളിച്ചത് മന്ത്രിസഭയുടെ അനുമതിയില്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കേന്ദ്ര സേനയെ വിളിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിന് ചെലവാകുന്നത് മുപ്പത് കോടി രൂപയാണ്. ഈ തുക മന്ത്രിസഭയുടെ അനുമതി ഇല്ലാതെ മുഖ്യമന്ത്രി ചെലവാക്കിയതിന് അദ്ദേഹം മറുപടി പറയേണ്ടിവരുമെന്നും വി.എസ് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു. സമരത്തെ കുറിച്ച് ജനങ്ങളുടെ മനസില്‍ ഭീതിയുണ്ടാക്കിയത് സര്‍ക്കാരാണ്. സമരത്തെ അക്രമാസക്തമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും വിഎസ് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ഉത്തരംതേടി മുഖ്യമന്ത്രി ഉന്നയിച്ച പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വി.എസ്.
മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുമ്പും സെക്രട്ടറിയേറ്റ് ഉപരോധിച്ചിട്ടുണ്ട് അന്നൊന്നും പട്ടാളത്തെ ഇറക്കിയിട്ടില്ലെന്നും വി.എസ് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന വാദം തെറ്റാണ്. തെളിവുകള്‍ നിരവധി പുറത്ത് വന്നിട്ടും കോടതിയുടെ പരാമര്‍ശം വരെയുണ്ടായിട്ടും വീണ്ടും തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രിയുടേത് അസാമാന്യ തൊലിക്കട്ടിയാണ്.
സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പലവട്ടം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ സരിതയെ പോലെയുള്ളവരെ തന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങാന്‍ മുഖ്യമന്ത്രി സമ്മതിക്കുമായിരുന്നോ എന്നും വി.എസ് ചോദിച്ചു.
സോളാര്‍ തട്ടിപ്പുകേസില്‍ നഷ്ടമുണ്ടായെന്നോ സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യം തട്ടിപ്പുകാര്‍ക്ക് നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്നാണ് പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതിന് മറുപടിയാണ് വി.എസ് ഇന്ന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: