ആലപ്പുഴ: പുന്നമടയിലെ കായലോളങ്ങളെ ആവേശത്തിരയിലാഴ്ത്തി നടന്ന പോരാട്ടത്തില്‍ ശ്രീഗണേശന് ചുണ്ടന് ജലരാജാവായി. നെഹ്റുട്രോഫി ജലോത്സവ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയാണ് ശ്രീഗണേശന് ജേതാക്കളാകുന്നത്. അരുണ്‍കുമാര്‍ ക്യാപ്റ്റനായ ഹരിപ്പാട് സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേശന് 4.33 സെക്കന്റിലാണ് ഫൈനലില്‍ ഫിനിഷ് ചെയ്തത്.
കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ബിനോ പുന്നൂസ് ക്യാപ്റ്റനായ ജവഹര്‍ തായങ്കരി രണ്ടാംസ്ഥാനവും യുബിസി കൈനകരി തുഴഞ്ഞ ഹരിത അനില്‍ ക്യാപ്റ്റനായ ആനാരി പുത്തന്ചുണ്ടന് മൂന്നാം സ്ഥാനവും കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ അഭിലാഷ് രാജ് ക്യാപ്റ്റനായ ഇല്ലിക്കളം ചുണ്ടന് നാലാം സ്ഥാനവും നേടി. നാലു ചുണ്ടനുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ കലാശപ്പോരാട്ടം ആവേശോജ്വലമായി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വിജയികളെ നിശ്ചയിച്ചത്.
61-ാമത് നെഹ്റുട്രോഫി ജലോത്സവത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടന്നതും ഫൈനലിലായിരുന്നു. ചുണ്ടന് ലൂസേഴ്സ് വിഭാഗത്തില്‍ കുമരകം വില്ലേജ് ബോട്ട് ക്ലബിന്റെ പായിപ്പാടന് ചുണ്ടന് ഒന്നാമതെത്തി. കൊല്ലം ജീസസ് ബോട്ട് ക്ലബിന്റെ ദേവസ് ചുണ്ടനാണ് രണ്ടാം സ്ഥാനം. ചുണ്ടന്‍വള്ളങ്ങളുടെ സെക്കന്റ് ലൂസേഴ്സ് ഫൈനലില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബിന്റെ മഹാദേവന് ചുണ്ടനാണ് ഒന്നാംസ്ഥാനം നേടിയത്. കുമരകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടന് രണ്ടാംസ്ഥാനം നേടി. തേര്‍ഡ് ലൂസേഴ്സ് ഫൈനലില്‍ മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് ചുണ്ടന് ഒന്നാം സ്ഥാനവും തായങ്കരി സെന്റ് ആന്റണീസ് ക്ലബിന്റെ കരുവാറ്റ ശ്രീവിനായകന്‍ രണ്ടാംസ്ഥാനവും നേടി. ചുണ്ടന് വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ മങ്കൊമ്പ് സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബിന്റെ ശ്രീകാര്ത്തികേയനാണ് ഒന്നാമതെത്തിയത്.
പ്രളയക്കെടുതിയിലായ കുട്ടനാടന്‍ ജനത തെല്ലും ആവേശം ചോരാതെയാണ് നെഹ്റുട്രോഫി ജലോത്സവത്തെ വിജയകരമാക്കിയത്. ഗവര്‍ണര്‍ നിഖില്‍കുമാര്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രി ഇബ്രാഹിംകുഞ്ഞ് പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി ചിരഞ്ജീവി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 35 ലക്ഷം രൂപ ജലോത്സവത്തിന് സ്ഥിരം ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: