കൊച്ചി: കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമ്മേളനത്തോടനുബന്ധിച്ച് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. എളമക്കര സരസ്വതി വിദ്യാനികേതനില്‍ ഇന്നലെ വൈകിട്ട് നടന്ന ഗോത്ര കലാ അരങ്ങില്‍ വനവാസി കല്യാണ ആശ്രമം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന് കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന് നായരെ പൊന്നാടയണിച്ച് ആദരിച്ചു.
വനവാസി കല്യാണ ആശ്രമം അഖില ഭാരതീയ സംഘടനാ കാര്യദര്‍ശി സോമയാജലു ബാലഗോകുലം മുഖ്യരക്ഷാധികാരി എം.എ കൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. മോഹനന് കോളിപറ്റ ഗോത്ര കലകളെക്കുറിച്ച് ലഘു വിവരണം നല്കി. കാടിനെ തന്നെ രോമാഞ്ചം കൊള്ളിച്ച ഗോത്രകലകള്‍ക്ക് തുടക്കം കുറിച്ച ആദ്യത്തെ കലാകാരനായ ശ്രീകൃഷ്ണന് വാദ്യങ്ങള്‍ ഒന്നുമില്ലാതെ കേവലം ഒരു മുളം തണ്ടില്‍ നാടിനെ രോമാഞ്ചം കൊള്ളിച്ചുവെന്ന് സൗഹൃദസായാഹ്നം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശന് നായര്‍ പറഞ്ഞു. ഗോത്ര വര്‍ഗത്തില്‍ കടന്നുകൂടിയിട്ടുള്ള ക്ഷുദ്രജീവികള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗോത്രവര്‍ഗക്കാര്‍ ആത്മാഭിമാനത്തില്‍ സ്വത്വബോധത്തിന്റെ പ്രതീകങ്ങളാണെന്ന് കസ്തൂരിമാനിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടി. രാഷ്ട്രീയക്കാരുടെ കടന്ന് കയറ്റം ഇവരുടെ ജീവിതത്തെ തകിടം മറിച്ചു. തേനും തിനയുമായി ജീവിച്ച ഇവര്‍ക്ക് വിഷം പുരട്ടി നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രകലകളെ വൈദേശികര്‍ ഹൈജാക്ക് ചെയ്യുകയാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. വെട്ടുകുറുമ, തനത്പാട്ട്, ഇരുള നൃത്തം, മംഗലം പാട്ട്, കുമ്മിയടി, വട്ടക്കളി എന്നീ ഗോത്രകലകള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: