പാട്ന: അതിര്‍ത്തിയില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ മരിച്ചതിന്റെ നൊമ്പരംപേറുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് രാഷ്ട്രീയ നേതാക്കളില്‍ നിന്നു നേരിടേണ്ടിവരുന്ന അപമാനത്തിന് അറുതിയില്ല. നമ്മുടെ ജവാന്മാരെ വധിച്ചത് പാക് പട്ടാളമല്ലെന്നും വേഷ പ്രശ്ഛന്നരായി വന്ന ഭീകരരാണെന്നുമുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പരാമര്‍ശത്തിനു പിന്നാലെ ബീഹാറിലെ ഒരു മന്ത്രിയും സൈനികനിന്ദ നടത്തി. ജനങ്ങള്‍ പട്ടാളത്തിലും പോലീസിലുമൊക്കെ ചേരുന്നത് മരിക്കാനാണെന്നാണ് ബീഹാര്‍ ഗ്രാമ വികസന-പഞ്ചായത്ത് രാജ് മന്ത്രിയും ജെഡിയുവിന്റെ നേതാവുമായ ഭീം സിങ്ങിന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയില്‍ വീരചരമം വരിച്ച സൈനികരില്‍ നാലുപേര്‍ ബീഹാറില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ ജെഡിയു മന്ത്രിമാരാരും വിമാനത്താവളത്തില്‍ പോയിരുന്നില്ല. അതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് സിങ് ഇങ്ങനെ പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ കേന്ദ്ര മന്ത്രി പുംഗവനു സമാനമായി സിങ്ങും സ്വരംമാറ്റി തടിയൂരി.
ആള്ക്കാര് സൈന്യത്തിലും പോലീസിലുമൊക്കെ ജോലിക്കു ചേരുന്നത് മരിക്കാനാണ്. സൈനികരുടെ ഭൗതിക ശരീരങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങളുടെ അച്ഛന് പോയോ. നിങ്ങള്‍ അവിടെ പോയിരുന്നു. അതു നിങ്ങള്‍ക്കു തരുന്ന ശമ്പളത്തിനു പകരമായി ജോലിചെയ്യാനാണ്, മാധ്യ പ്രവര്ത്തകര്കരോട് ഭീം സിങ് പറഞ്ഞു.
പിന്നാലെ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാജ്യംമുഴുവന്‍ ധീരജവാന്മാരെ നമിക്കുമ്പോള്‍ ഭീം സിങ്ങിനെപ്പോലുള്ളവര്‍ അവരെ അപമാനിക്കുകയാണ്. ഇതു ദൗര്‍ഭാഗ്യകരം. മന്ത്രി മാപ്പു പറഞ്ഞേ തീരു, ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.
ഭീം സിങ്ങിന്റെ മനോഭാവമാണ് ഇതിലുടെ വെളിപ്പെട്ടത്. അയാള്‍ക്ക് മന്ത്രിയായിരിക്കാനുള്ള അര്‍ഹതയില്ല, മീനാക്ഷി ലെഖിയും വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരും ഭീം സിങ്ങിനെതിരെ തിരിഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ സിങ് മാപ്പു പറഞ്ഞു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന രാഷ്ട്രീയക്കാരുടെ പതിവു പല്ലവിയും അതിനൊപ്പംചൊല്ലി തടിതപ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: