പത്തനംതിട്ട: ആറന്മുളയില് കോണ്‍ഗ്രസ്-ഭൂമാഫിയ സംഘങ്ങള്‍ പൈതൃകഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരുടെ വീടുകയറി മര്‍ദ്ദിച്ചതിലും പോലീസ് സ്റ്റേഷന് അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതിലും ആഭ്യന്തരവകുപ്പിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമം നടത്തിയ ഒരാളുടെ പേരില്‍ പോലും ഇതുവരെ കേസ് എടുക്കാന്‍ പോലീസ് ശ്രമിക്കാത്തതും എന്നാല്‍ നിരപരാധികളായ കര്‍മസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കാന്‍ കാണിച്ച ശുഷ്കാന്തിയുമാണ് ഇതിന് തെളിവേകുന്നത്.
മണിക്കൂറുകള്‍ അക്രമം അഴിച്ചു വിട്ട കോണ്‍ഗ്രസ്-കെജിഎസ് ഗുണ്ടാ സംഘം ആന്മുളയില്‍ പൈതൃകഗ്രാമ കര്‍മസമിതി പ്രസിഡന്റിന്റെ വീടുള്‍പ്പെടെ നിരവധിവീടുകള്‍ തകര്‍ത്തിരുന്നു. പൈതൃകഗ്രാമ കര്‍മസമിതി പ്രസിഡന്റ് ഇന്ദുചൂഡന്റെ വീട്ടില്‍ അക്രമം നടക്കുന്ന സമയം രണ്ടര വയസ്സുള്ള കുട്ടിയും ഭയന്നു വിറച്ചിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാര്‍ പരാതിനല്‍കിയിട്ടും തിരിഞ്ഞുനോക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. കൂടാതെ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും വാഹനങ്ങളും തല്ലി തകര്‍ത്തിരുന്നു. തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ആക്രമിക്കുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന വ്യക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. എന്നിട്ടും വീണ്ടും വിമാനത്താവളവിരുദ്ധ സമരപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
കെജിഎസ് ഗ്രൂപ്പും ശിവദാസന്‍നായരും ഒന്നിച്ചിരുന്നു തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് പൈതൃകഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരായ എന്‍.ജി. ഉണ്ണികൃഷ്ണന്, എന്‍.കെ. നന്ദകുമാര്‍, ആറന്മുള വിജയകുമാര്‍, ഉത്തമന് കുറന്താര്‍, വി.ജി. മോഹനന് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഇവര്‍ വിമാനത്താവളപദ്ധതിയുടെ ആരംഭം മുതല്‍ സജീവമായി സമരരംഗത്ത് ഉള്ളവരാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നുള്ള തെളിവുകള്‍ ആദ്യം പുറത്ത് വിട്ടതും ഇവരായിരുന്നു. ഇവരോട് അന്നുമുതല്‍ ശിവദാസന്‍ നായര്‍ക്ക് പകയുണ്ട്. ഇവര്‍ക്കെതിരെ പോലീസ് രണ്ടുകേസുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒന്നാമത്തേതില്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചെന്നും പൊതുപരിപാടി അലങ്കോലപ്പെടുത്തുക, വയര്‍ലസ് തകര്‍ക്കുക, പൊതുജനങ്ങള്‍ക്ക് തടസ്സം നില്ക്കുക തുടങ്ങിയ വകുപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേത് പോലീസ് സ്വയം ചാര്‍ജ്ജ് ചെയ്ത കേസാണ്.
എന്നാല്‍ ആറന്മുള വള്ളസദ്യയുടെ ഉദ്ഘാടനം സുഗമമായി നടന്നതു മുതല്‍ അവസാനംവരെ ഇവര്‍ ഉണ്ടായിരുന്നു. ഇത് പോലീസിന്റെ വാദഗതികളുമായി പൊരുത്തപ്പെടാത്തതാണ്. വിമാനത്താവളവിരുദ്ധ സമരരംഗത്തുള്ളവരെ വീണ്ടും കള്ളക്കേസുകളില്പ്പെടുത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായാണ് സൂചന. കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് മുമ്പും തലേന്ന് രാത്രിയും പല തവണ കെജിഎസ് കമ്പനി ഉടമ ജിജിജോര്ജ്ജ് ശിവദാസന്‍നായര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ചതും ദുരൂഹതയേറുന്നു. പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
കെജിഎസ് ഗ്രൂപ്പിന്റെ പണംപ്പറ്റി ആറന്മുളയെ ദുരന്ത ഭൂമിയാക്കിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എംഎല്‍എ ശിവദാസന്‍ നായരുടെ നിര്‍ദ്ദേശപ്രകാരമാണ് അക്രമകാരികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതെന്ന് അറിയുന്നു.
വിമാനത്താവള പദ്ധതി ആരംഭിച്ച നാള് മുതല്‍ കെജിഎസ് ഗ്രൂപ്പില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി പിറന്നനാടിനെ ഒറ്റു കൊടുത്തെന്ന ആരോപണവിധേയനായ ശിവദാസന്‍ നായര്‍ക്കെതിരെ ജനരോഷം ആളിപടര്‍ന്നിരുന്നു. എംഎല്‍എയെ ക്ഷണിക്കാത്ത പരിപാടിയില്‍ നിലവിളക്ക് തെളിയിക്കാന്‍ തുനിഞ്ഞതാണ് ഇവിടെ പ്രശ്നങ്ങള്‍ക്ക് കാരണമായതും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: