പാലക്കാട്: മഴപ്പെരുമയുമായെത്തുന്ന കര്‍ക്കിടകം മനുഷ്യര്‍ക്കുമാത്രമല്ല ആനകള്‍ക്കും സുഖചികിത്സയുടെ സമയം. പണിയെടുത്തുതളരാതെ ഔഷധക്കൂട്ടുകളും ചികിത്സയും സുഭിക്ഷമായ തീറ്റയും ലഭിക്കുമെന്നത് ആനകള്‍ക്കും സന്തോഷമേകുന്നു.
കേരളത്തില്‍ ഏറെ അറിയപ്പെടുന്ന ആനത്തറവാടാണ് പാലക്കാട് ജില്ലയിലെ മംഗലാംകുന്ന്. മംഗലാകുന്ന് എന്ന് കേള്‍ക്കുമ്പോള്‍തന്നെ ആനപ്രേമികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക മംഗലാംകുന്ന് കര്ണാണ്. ജില്ലയിലെ തലയെടുപ്പുള്ള ആനകളില്‍ മുമ്പന്‍.
ആനകളുടെ പ്രായവും സ്വഭാവവും കണക്കിലെടുത്താണ് ചികിത്സനടത്താറുള്ളത്. ആദ്യം വയറിലെ വിരശല്യത്തിനാണ് മരുന്ന് നല്‍കുക. ആനയുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരുടണ്‍ ഭാരമുള്ള ആനക്ക് 2500 എംജി ഗുളിക മൂന്നുതവണയായി നല്‍കും. വിരശല്യത്തിനുള്ള മരുന്ന് നല്‍കിയശേഷമാണ് മറ്റു ചികിത്സകളും മരുന്നും നല്കി തുടങ്ങുക. ഏലത്തരി, വിഴാലരി, തിപ്പലി, ഇന്ദുപ്പ്, മരമഞ്ഞള്‍തൊലി, ചുക്ക്, മഞ്ഞള്‍, അയമോദകം, ജീരകം, കഴഞ്ചിക്കുരു, കരിഞ്ചീരകം, കായം എന്നിവ തെങ്ങിന്‍കള്ളില്‍ ചേര്‍ത്ത് നല്കുന്ന മിശ്രിതമാണ് ഏറ്റവും പ്രധാനം. ആനയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ചികിത്സയാണിത്. ഇത് 14 ദിവസത്തേക്ക് നല്‍കും. ഓരോ ആനയ്ക്കും കൊടുക്കുന്ന മരുന്നിന്റെ അളവില്‍ വ്യത്യാസമുണ്ട്.
പ്രോട്ടീന്‍ ലഭിക്കുന്നതിന് വേണ്ടി സസ്യഭുക്കായ ഗജവീരന്മാര്ക്ക് ആട്ടിന്തലയുടെയും കോഴിയുടെയും സൂപ്പുണ്ടാക്കി നല്‍കും. ശര്‍ക്കരപ്പാവില്‍ ആട്ടിന്‍ സൂപ്പ്, ഔഷധക്കൂട്ടുകള്‍, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തുകുഴച്ച് ഉരുളയാക്കി ദിവസം ഓരോ കിലോ വീതം നല്‍കും. തണുപ്പുസംബന്ധമായ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഞവര അരിച്ചോറില് കുറുന്തോട്ടിയും ദശമൂലവും ചേര്‍ത്തും നല്‍കും. മറ്റുമൃഗങ്ങളെപ്പോലെ അയവിറക്കാത്ത ആനയുടെ ദഹനം പതുക്കെ ആയതിനാല്‍ എണ്ണക്കെട്ട് എന്ന രോഗംവരാന്‍ സാധ്യത ഏറെയാണ്. ദഹനസംബന്ധമായ രോഗശമനത്തിന് അഷ്ടചൂര്‍ണവും ഈ കാലയളവില്‍ നല്കുന്നു. കൂടാതെ നെല്ലിക്ക ച്യവനപ്രാശം, നവധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണവും കൊടുക്കുന്നു. ഉത്സവകാലമല്ലാത്തതിനാല് ശാരീരികാധ്വാനവും കുറവാണ്.
മണ്ണൂത്തി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ അലോപ്പതിയും മഹേശ്വരന് നമ്പൂതിരിപ്പാടിന്റെ കീഴില്‍ ആയുര്‍വേദ ചികിത്സയുമാണ് ആനകള്‍ക്ക് നല്‍കുന്നത്. ഇവയ്ക്ക് ആധുനികചികിത്സകള് പ്രായോഗികമല്ലെന്നും ഗജപരിപാലനത്തില് പ്രത്യേക പരിജ്ഞാനം നേടിയ ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും ആന ഉടമയായ പരമേശ്വരന് പറഞ്ഞു.
ആനപ്രേമംമൂത്ത് 1976ല്‍ പരമേശ്വരനും സഹോദരന് ഹരിദാസും ചേര്‍ന്ന് ഒരാനയില്‍ തുടങ്ങിയ കമ്പമാണ് വളര്‍ന്ന് വലുതായി കേരളത്തോളം വളര്‍ന്ന് മംഗലാംകുന്ന് പെരുമയിലെത്തിയത്. ഈ തറവാട്ടിലിന്ന് തലയെടുപ്പുള്ള 13 ആനകളുണ്ട്. ഇവയില്‍ പത്തുപേര്‍ക്കാണ് ഇപ്പോള്‍ സുഖചികിത്സ. മറ്റ് മൂന്നുപേര്‍ മദപ്പാടിലായതിനാല്‍ അതിന്റെ വിശ്രമത്തിലാണ്.
76ല്‍ ഇരുപത്തിരണ്ടായിരം രൂപയ്ക്ക് ഉത്തര്‍പ്രദേശില്‍ നിന്നാണ് ആനയെക്കൊണ്ടുവന്നത്. എന്നാലിന്ന് ലക്ഷണമൊത്തയാനയെ സ്വന്തമാക്കണമെങ്കില്‍ കോടികള്‍ മുടക്കണം. തലയെടുപ്പിന്റെ തലതൊട്ടപ്പന് എന്നാണ് മംഗലാംകുന്ന് കര്‍ണനെ ആനപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. കര്ണ്ണന്, അയ്യപ്പന്, ഗണപതി, ശരണ്‍ അയ്യപ്പന്, ഗണേശന്, ഗുരുവായൂരപ്പന്, ഗജേന്ദ്രന്, വിജയന്, കൃഷ്ണന്‍കുട്ടി, കേശവന്, രാമചന്ദ്രന്, മുകുന്ദന്, രാജന് എന്നിവയാണ് മംഗലാംകുന്ന് തറവാടിന് പെരുമയേകുന്നത്.
സിജ. പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: