കൊച്ചി: വര്‍ണ്ണങ്ങളും നിഴലുകളും ഇഴചേരുകയാണ് ഇവിടെ, ഒരായിരം ആഗ്രഹങ്ങള്‍ക്കായി. ഐ വാണ്ട് ടു ഫ്ലൈ ലൈക്ക് എ ബേര്‍ഡ് ബി ഫ്രീ ലൈക് എ ബേര്‍ഡ് ഇതാണ് മറ്റാരും കൊതിച്ചു പോകുന്ന വര്‍ണ്ണശബളമായ ആഗ്രഹം. ചിത്രകാരിയും അദ്ധ്യാപികയുമായ ബിന്ദി രാജഗോപാലിന്റെ മനസ്സിലെ ആഗ്രഹമാണ് അനേകം നിറങ്ങള്‍ക്കിടയില്‍ പാറിപ്പറക്കുന്നത്. പല വര്‍ണ്ണങ്ങളില്‍ മിന്നുന്ന കുഞ്ഞുലൈറ്റുകള്, ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിക്കുന്ന പക്ഷികള്‍, കൂട്ടിയിട്ട കയറുകള്‍, തൂവെള്ള ഭിത്തികള്‍ ഇവയെല്ലാം സംഗമിക്കുന്ന ഇന്‍സ്റ്റലേഷനാണ് ബിന്ദി ഒരുക്കിയിരിക്കുന്നത്. ഐ വാണ്ട് ടു ഫ്ലൈ ലൈക്ക് എ ബേര്‍ഡ് എന്ന പേരില്‍ തന്നെയാണ് ഇന്സ്റ്റലേഷന്.
സമൂഹത്തില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. അതാണ് ഇന്‍സ്റ്റലേഷന്റെ ഉള്ളടക്കം. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്താണോ അതാണ് വരച്ചുകാണിക്കുന്നതെന്ന് ബിന്ദി പറയുന്നു. താനടക്കമുള്ള പല സ്ത്രീകള്‍ക്കും ഇന്ന് ലഭിക്കാതെ പോകുന്നത് സ്വാതന്ത്ര്യമാണ്. ഈ ആശയത്തില്‍ നിന്നാണ് ബിന്ദിയുടെ ഇന്സ്റ്റലേഷന് പിറവിയെടുക്കുന്നത്. ഒരു പക്ഷെ ഭൂമിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് പക്ഷികളായിരിക്കും. അവര്‍ക്ക് സമ്മര്‍ദ്ദങ്ങളില്ല. സര്‍വ്വസ്വാതന്ത്ര്യത്തോടെ പറക്കാം. സ്ത്രീകള്‍ പക്ഷെ അങ്ങനെയല്ല. ഈ കാലഘട്ടത്തില്‍ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യേണ്ടിവരുന്നു. സദാസമയം സമ്മര്‍ദ്ദങ്ങള്‍ മാത്രം. ഇവരൊക്കെ ആഗ്രഹിക്കുന്നത് സ്വാത്രന്ത്ര്യമാണ്. പക്ഷിയെപ്പോലെ പറന്നു നടക്കാന്‍ കൊതിക്കുന്നവരാണ് സ്ത്രീകളെന്ന് ബിന്ദി പറയുന്നു.
എല്ലവര്‍ക്കും പ്രശ്നങ്ങളുണ്ട്, അവയെ അതിജീവിക്കാന്‍ രണ്ട് ചിറകുകള് വേണം. മിന്നിമറയുന്ന വര്‍ണ്ണങ്ങള്‍ക്ക് ചുറ്റും കെട്ടുപിണഞ്ഞ് കിടക്കുന്ന ചരടുകള്‍ ഇന്‍സ്റ്റലേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന ഊരാക്കുടുക്കുകളെയാണ് പലനിറത്തിലുള്ള ചരടുകള്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് ബിന്ദി. ഈ കെട്ടുകളില്‍ നിന്ന് മോചനം നേടി പാറിപ്പറക്കുമ്പോഴുള്ള അവസ്ഥയാണ് ഇന്‍സ്റ്റലേഷന്റെ ഉള്ളടക്കം. സ്വന്തമായി രണ്ട് കരങ്ങളുള്ളപ്പോഴും അധികമായി രണ്ട് ചിറകുകള് സ്ത്രീകള്‍ക്ക് വേണമെന്ന് വരച്ചു കാട്ടുന്ന ചിത്രവും പ്രദര്‍ശനത്തിലുണ്ട്. ബിന്ദിയുടെ മുഖമുള്ള സുന്ദരിയായ രണ്ടു കൈകളും രണ്ട് ചിറകുകളുമുള്ള ഒരു പക്ഷിയാണ് അത്. ദിവസങ്ങളോളമുള്ള അധ്വാനമാണ് ഈ ചിത്രം.
മരട് ഗ്രിഗേറിയന്‍ സ്ക്കൂളില്‍ ചിത്രകലാ അദ്ധ്യാപികയായ ബിന്ദി 35ലധികം പ്രദര്‍ശനങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. റിങ് ഓഫ് കണ്സിലേഷന് എന്ന പ്രദര്‍ശനത്തിന് 2010ല്‍ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. യുണൈറ്റഡ് ആര്‍ട്ട് ഫെയര്‍ ദല്‍ഹി, ഇന്ത്യ ആര്‍ട്ട് ഫെയര്‍ മുംബൈ, ഇന്തോനേഷ്യന്‍ ആര്‍ട്ട് ഫെയര്‍ തുടങ്ങീ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലും ബിന്ദി പങ്കെടുത്തിട്ടുണ്ട്.
സ്വന്തമായി ആര്‍ട്ട് ഗ്യാലറിയുള്ള ബിന്ദി എറണാകുളം സ്വദേശിയാണ്. ഭര്‍ത്താവ് രാജാഗോപാലും, മക്കളായ സൗപര്‍ണ്ണികയും മാളവികയും അമ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കി ഒപ്പമുണ്ട്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലാണ് ഇന്സ്റ്റലേഷന് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 ന് ആരംഭിച്ച് വൈകിട്ട് 7 വരെ ഉണ്ടാകുന്ന പ്രദര്‍ശനം ഈ മാസം 3 വരെ നീളും.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: