ആലുവ: മാതാപിതാക്കള്‍ കശുവണ്ടികമ്പനിയില് ഉപേക്ഷിച്ചുപോയകുട്ടികള്ക്ക് ജനസേവ ശിശുഭവന് അഭയകേന്ദ്രമായി. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ അല്‍മാസ് കശുവണ്ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന ബൈജു- രഞ്ജിനി എന്നിവരുടെ മക്കളായ വൈശാഖ് (13) വിശാഖ് (11) എന്നിവരാണ് ഉപേക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിമുതല്‍ കൊല്ലം സ്വദേശികളായ ബൈജുവും രഞ്ജിനിയും രണ്ടുമക്കളെയും കൂട്ടി കശുവണ്ടി കമ്പനിയില്‍ ജോലിക്കെത്തുകയായിരുന്നു. കമ്പനി പരിസരത്തു തന്നെയായിരുന്നു താമസവും. വിദ്യാഭ്യാസത്തിനായി കുട്ടികളെ മാറമ്പിള്ളി സര്‍ക്കാര്‍ യുപിസ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നിത്യവും മദ്യപിച്ചെത്തുന്ന ബൈജു ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും പതിവാണ്. കൂടാതെ മദ്യപാനത്തിനായി പലരില്‍നിന്നും പണം കടംവാങ്ങുകയും തിരികെകൊടുക്കാതെ അതിനെചൊല്ലി വഴക്കിടുകയുമാണ് ഇയാളുടെ സ്വഭാവം. രണ്ടരമാസം മുമ്പ് കമ്പനി ഉടമയില്‍നിന്ന് 32000 രൂപ കടംവാങ്ങിയ ബൈജുകുട്ടികളെ കമ്പനിയില്‍ നിര്‍ത്തിയിട്ട് ഭാര്യയുമായി കടന്നുകളയുകയായിരുന്നു. ഇവര്തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ ഇത്രയും നാള് കുട്ടികളെ കമ്പനിയുടമയാണ് സംരക്ഷിച്ചത്. ബൈജുവിന്റെ മൊബെയിലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്തനിലയിലാണ്. പിന്നീട് നാട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കമ്പനിയുടമ വൈശാഖിനെയും വിശാഖിനെയും ജനസേവശിശുഭവനില്‍ എത്തിക്കുകയായിരുന്നു. രണ്ടുകുട്ടികളെയും സംരക്ഷണത്തിനായി ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കി. താല്‍ക്കാലിക സംരക്ഷണം ജനസേവശിശുഭവന് ഏറ്റെടുത്തതായി ചെയര്മാന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: