തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരായ നിയമനടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസ് വക്താവ് എം.എം.ഹസനും കെ.മുരളീധരനും കൊമ്പുകോര്‍ക്കുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെ.മുരളീധരന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്റെ മറുപടി. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാരിന്റെ അഭിപ്രായമാണെന്ന് എം.എം.ഹസന്. അത് വ്യക്തിപരമാണെന്ന് പറയുന്നവരുടെ അഭിപ്രായമാണ് വ്യക്തിപരം. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും എം.എം.ഹസന് പറഞ്ഞു. ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അനുസരിക്കുന്നതാണ് എല്ലാവര്ക്കും നല്ലതെന്ന് മന്ത്രി കെ.സി.ജോസഫും പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് കെ.മുരളീധരന് കഴിഞ്ഞദിവസം രംഗത്തുവന്നത്. മാധ്യമങ്ങള്‍ക്കെതിരെ നടപടിയെക്കുന്നത് കോണ്‍ഗ്രസ് നയമല്ലെന്ന് മുരളി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ നിലപാടിനെതിരെയാണ് ഹസനും കെ.സി. ജോസഫും രംഗത്തെത്തിയത്. ഇവര്‍ രണ്ടുപേരുടെയും പ്രതികരണങ്ങള്‍ പുറത്തുവന്നശേഷവും മുരളീധരന് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഹസന്റെ ആരോപണങ്ങള്‍ക്ക് ഇന്നലെ മറുപടി പറയുകയും ചെയ്തു.
മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കരുതെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കെ. മുരളീധരന് ഇന്നലെ ആവര്‍ത്തിച്ചു. പാര്‍ട്ടിനിലപാട് കെപിസിസി പ്രസിഡന്റ് പറയണമെന്നും വക്താക്കള്‍ അത് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തീരുമാനമാണെന്ന കെപിസിസി വക്താവ് എം.എം.ഹസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കേസിന് പോകരുതെന്ന് തന്നെയാണ് പാര്‍ട്ടിയുടെ മുന്‍നിലപാട്. ചരിത്രബോധമുള്ളവര്‍ക്കെല്ലാം ഇത് അറിയാം. പരാമര്‍ശ വിധേയരായ മന്ത്രിമാര്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ വ്യക്തിപരമായി നിയമനടപടി സ്വീകരിക്കാം. അല്ലാതെ സര്‍ക്കാര്‍ കേസെടുക്കുകയല്ല വേണ്ടത്. ഈ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. താന്‍ പറഞ്ഞതല്ല ശരിയല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മുരളി പറഞ്ഞു.
1973ല്‍ ഒരു ദിനപത്രത്തില്‍ കാട്ടുകള്ളന്മാര് എന്ന തലക്കെട്ടില്‍ അന്ന് വനംമന്ത്രിയായിരുന്ന കെ.ജി.അടിയോടിക്കെതിരെ ഒരു വാര്‍ത്ത വന്നിരുന്നു. കെ.കരുണാകരന് ഉള്‍പ്പെട്ട അച്യുതമേനോന് സര്‍ക്കാര്‍ ഈ വാര്‍ത്ത നല്കിയ പത്രത്തിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പിന്നീട് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗം സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും പത്രത്തിനെതിരെ കേസെടുക്കേണ്ടതില്ലെന്നുമാണ് തീരുമാനിച്ചത്.
എ.കെ.ആന്റണിയായിരുന്നു അന്ന് കെപിസിസി പ്രസിഡന്റ്. പത്രവാര്‍ത്തയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് അന്ന് കെപിസിസി യോഗം തീരുമാനിച്ചതെന്നും മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: