ന്യൂദല്‍ഹി: 3000 കോടിരൂപയുടെ ആയുധ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്രപ്രതിരോധമന്ത്രാലയം ഉത്തരവിട്ടു. കുത്തനെ വെടിവയ്ക്കാനുപയോഗിക്കുന്ന 145 അള്‍ട്രാ ലൈറ്റ് പീരങ്കി വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാരുമായുള്ള കരാറിലാണ് 3,000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥനെതിരെയാണ് പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ആയുധം വാങ്ങാന്‍ സമ്മതം നല്കുന്ന പ്രതിരോധസമിതി 3,000 കോടിയുടെ കരാറിന് അനുമതി നല്‍കിയത്.
വിദേശ സൈനിക വ്യാപാരം വഴിക്കാണ് എം-777 പീരങ്കി സൈന്യം വാങ്ങിയത്. ചൈനയും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മലയോര അതിര്‍ത്തിയില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ചൈനീസ് അതിര്‍ത്തിയിലെ പുതിയ സേനാ വിന്യാസത്തിലും ഇത് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. കരാര്‍ അവസാനഘട്ടത്തിലാണ്. ഇന്ത്യ-അമേരിക്ക അധികൃതര്‍ തമ്മില്‍ വിലപേശലും മറ്റ് വിഷയങ്ങളും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കവെയാണ് വിരമിച്ച ശേഷം ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ഇതില്‍ ഇടപെടുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രാലയത്തിന് അജ്ഞാത കത്ത് ലഭിക്കുന്നത്.
ഈ പരാതി അടിസ്ഥാനമാക്കി പ്രതിരോധമന്ത്രാലയം വകുപ്പിനുള്ളില്‍ ആഭ്യന്തര അന്വേഷണം നടത്തി. സൈനിക ആസ്ഥാനത്ത് നിന്നും ഈ വിഷയത്തില്‍ അഭിപ്രായം സമര്‍പ്പിക്കാനും പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചതായാണ് വിവരം. ഈ ഇടപാട് തുടങ്ങുമ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.
എം-777 പീരങ്കിയുടെ പ്രവര്‍ത്തന പരിശോധനാ ഫലം പുറത്തായപ്പോള്‍ മുതല്‍ ഇടപാടുമായി മുന്നോട്ടു പോകണമോ എന്ന് നേരത്തെ അനുവാദം നല്കിയ പ്രതിരോധ മന്ത്രാലയത്തിന് സംശയമായി. പരിശോധനാ വേളയില്‍ തന്നെ പീരങ്കി നിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞെന്നും സൈന്യത്തിന് ഒട്ടും യോജിപ്പില്ലായിരുന്നെന്നും പുറത്തായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിആര്‍ഡിഒ തലവന്‍ വി.കെ. സാരസ്വത് നേതൃത്വം നല്കുന്ന കമ്മറ്റി രൂപീകരിച്ച് ഇത് വാങ്ങാന്‍ അനുമതി നല്‍കണോ വേണ്ടയോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. സാരസ്വത് റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ ഇടപാട് നടക്കുകയുള്ളു. അരുണാചല്‍ പ്രദേശ്, ലഡാക് തുടങ്ങി ഉയര്‍ന്ന പ്രദേശങ്ങളില്‍ വിന്യസിക്കാനാണ് അള്‍ട്രാ ലൈറ്റ് പീരങ്കി.
അമേരിക്കന്‍ സേന ഉപയോഗിക്കുന്ന എം-777 പീരങ്കി വായുമാര്‍ഗം കൊണ്ടുപോകുന്നതിന് എളുപ്പമാണ്. മാത്രമല്ല ഉയര്‍ന്ന പര്‍വത പ്രദേശങ്ങളില്‍ എളുപ്പത്തില്‍ ഇത് വിന്യസിക്കാനും കഴിയുമെന്ന് പറയുന്നു. 1986ലെ ബോഫോഴ്സ് വിവാദത്തിന് ശേഷം ഇതാദ്യമാണ് സൈന്യം ഇത്തരത്തിലൊരു ആയുധം വാങ്ങാന്‍ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: