ആളു കൂടുന്ന കവലകളിലെല്ലാം തന്റെ ഇഷ്ട ഗായകന് പി.ജയചന്ദ്രന് പാടിയ പാട്ടുകള്‍ മാത്രം പാടി തെരുവ് ഗായകന് വേലായുധന് തണ്ടിലം സഞ്ചാരം തുടരുന്നു.
പത്തുവര്‍ഷമായി തൃശൂര്‍ വേലൂര്‍ സ്വദേശിയായ വേലായുധന് പാട്ട് പാടാന്‍ തുടങ്ങിയിട്ട്. പാട്ട് കേട്ട് ഇഷ്ടപ്പെടുന്ന സുമനസ്സുകളുടെ സഹായമാണ് ഈ തെരുവ് ഗായകന്റെ ജീവിതമാര്‍ഗം. ജയചന്ദ്രന്റെ പഴയ പാട്ടുകളോടാണ് വേലായുധന് പ്രിയം. നീലക്കണ്ണുകള് എന്ന സിനിമയില്‍ ജയചന്ദ്രന് പാടിയ ‘കല്ലോലിനീ വനകല്ലോലിനീ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വേലായുധന് തുടങ്ങുക. ആദ്യ പാട്ട് ഇതായിരിക്കും. തുടര്‍ന്ന് ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ ‘കരിമുകില്‍ കാട്ടിലെ..’ ‘ഒന്നിനി ശ്രുതി താഴ്ത്തി…..’ ‘ഏകാന്ത പഥികന് ഞാന്‍’….. ഇങ്ങനെ പോകും പട്ടിക. എന്തുകൊണ്ടാണ് ജയചന്ദ്രന്റെ പാട്ടുകളോട് ഇത്ര കമ്പം തോന്നിയത് എന്നു ചോദിച്ചാല്‍ വേലായുധന് ഉത്തരമില്ല. മൈക്ക് സെറ്റുമായി ഓരോ കവലയിലും ചെന്ന് കരോക്കെ ഗാനമേളയാണ് ഇദ്ദേഹം നടത്തുന്നത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് പ്രധാനമായും പര്യടനം. ആലുവയില്‍ വച്ച് ഏകാന്ത പഥികന് ഞാന്‍….എന്ന പാട്ടുപാടുന്നത് കേട്ട് സംസ്ഥാന നിയമസഹായ സമിതി സംസ്ഥാന ചെയര്‍പേഴ്സണ്‍ ദിവ്യ ജി.വര്‍മ വേലായുധനെ പരിചയപ്പെട്ടു. സമ്മാനമായി ഒരു മൊബെയില്‍ ഫോണും നല്കി.
എറണാകുളം വൈപ്പിനില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ ദേശാടനം സിനിമയിലെ കളിവീടുറങ്ങിയല്ലോ എന്ന പാട്ട് പാടാതെ ഇവിടെനിന്ന് വിടില്ല എന്നായി നാട്ടുകാര്‍. അവസാനം യേശുദാസ് പാടിയ ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍ എന്ന പാട്ട് പാടി രക്ഷപ്പെടുകയായിരുന്നുവെന്ന് വേലായുധന് പറയുന്നു. ചില സ്ഥലങ്ങളില്‍ യേശുദാസിന്റെ പാട്ട് പാടണമെന്ന നിര്‍ബന്ധമുണ്ടാകാറുണ്ട്. ഗത്യന്തരമില്ലാത്ത അത്തരം സന്ദര്‍ഭങ്ങളില്‍ പാടാന്‍ യേശുദാസിന്റെ കുറച്ച് പാട്ടുകള്‍ റെഡിയാക്കി വെച്ചിരിക്കുകയാണ്. ആയിരം പാദസരങ്ങള്‍ കിലുങ്ങി….മഞ്ജു ഭാഷിണി മണിയറ വീണയില്‍…ദേവി ശ്രീദേവി…..
തന്റെ ഇഷ്ടഗായകനായ പി.ജയചന്ദ്രനെ കാണാനും ഒപ്പം പാടാനും വേലായുധന് അവസരം ലഭിച്ചിട്ടുണ്ട്. ജയരാജ് വാര്യരുടെ വീട്ടില്‍ ജയചന്ദ്രന് വന്നപ്പോഴായിരുന്നു അത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്നത് വലിയൊരു നഷ്ടമായെന്ന് വേലായുധന് പറയുന്നു. മാടമ്പ് കുഞ്ഞുക്കുട്ടന്റെ തറവാട്ടില്‍ അദ്ദേഹത്തിന്റെ അനുജന്റെ മകളുടെ വിവാഹാഘോഷത്തിനിടയില്‍ പാടാനായത് ഒരു അനുഭവമായി ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സംഗീതം മാത്രമല്ല എഴുത്തിലും വേലായുധന് താല്‍പ്പര്യമുണ്ട്. നീലച്ചിലമ്പ് എന്ന നോവല്‍ എഴുതി മാടമ്പ് കുഞ്ഞുക്കുട്ടന് വായിക്കാന്‍ കൊടുത്തിട്ടുണ്ട്. അത് ആരെങ്കിലും സിനിമയാക്കും എന്ന പ്രതീക്ഷയിലാണ് വേലായുധന്. കാട്ടുകുരുവികള്‍ എന്ന പേരില്‍ മറ്റൊരു നോവലും എഴുതിയിട്ടുണ്ട്. തെരുവുകള്‍ തോറും പാട്ടുപാടി കേരളം മൊത്തം സഞ്ചരിക്കണമെന്നാണ് ഈ 51 കാരന്റെ ആഗ്രഹം. അതിനുവേണ്ട ജീപ്പ്പും മൈക്ക് സെറ്റും ആരെങ്കിലും നല്‍കണം. അവിവാഹിതനായ വേലായുധന്റെ ജീവിത സഖി പാട്ടാണ്.
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: