നിര്‍മ്മാതാവ് സുരേഷിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷ് മോഹന്‍ ലാലിനൊപ്പം വേഷമിടുന്നതിനെക്കുറിച്ചാണ് മലയാളസിനിമ ചര്‍ച്ച ചെയ്യുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നായികാപ്രാധാന്യമുള്ള റോള്‍ എന്ന സ്വപ്നതുല്യപദവിയാണ് കീര്‍ത്തിയെ തേടിയെത്തിയിരിക്കുന്നത്. മാത്രമല്ല വമ്പന്‍ ഹിറ്റായ മണിചിത്രത്താഴിന്റെ രണ്ടാംഭാഗമായാണ് കീര്‍ത്തി അഭിനയിക്കുന്ന ഗീതാഞ്ജലി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സുരേഷും മേനകയും സിനിമാ രംഗത്ത് നിന്ന് അകറ്റി കാത്തുസൂക്ഷിച്ച മകളെ സംവിധായകനും സുഹൃത്തുമായ പ്രിയദര്ശന് സൂത്രത്തില്‍ തന്റെ ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് സംസാരം. അതേക്കുറിച്ച് മേനക പറയുന്നതിങ്ങനെ- ഒരു ദിവസം രാവിലെ എട്ട് മണിക്ക് കോളിംഗ് ബെല്‍ മുഴങ്ങുന്നു. വാതില്‍ തുറന്നപ്പോള്‍ വിശാലമായി ചിരിച്ച് പ്രിയദര്ശന്. കുശലപ്രശ്നങ്ങള്‍ക്കിടയില്‍ പ്രിയദര്ശന് പറയുന്നു തന്റെ പുതിയ ചിത്രത്തിലെ നായിക മേനക-സുരേഷ് ദമ്പതികളുടെ മകള്‍ കീര്ത്തിയായാലോ എന്ന്്. എയ്…അത് നടക്കില്ല, സുരേഷ് സമ്മതിക്കില്ല, തനിക്കും ഇഷ്ടമല്ലെന്നായി മേനക. പ്രിയദര്ശന് പിന്നെ അധികം സംസാരിച്ചില്ല. ഇതിനിടെ പുറത്തുപോയിരുന്ന സുരേഷ് കുമാര്‍ തിരിച്ചെത്തി. യാത്ര പറഞ്ഞ് ഇറങ്ങവേ സുരേഷിനോട് പ്രിയദര്ശന് പറഞ്ഞു- ‘അതേ.. ഞാന്‍ പറഞ്ഞ ആ കാര്യം തത്ക്കാലം സര്‍പ്രൈസായി ഇരിക്കട്ടെ. പിന്നെ നമുക്ക് പൊട്ടിക്കാം’. എന്താണ് ആ സര്പ്രൈസെന്നായി കേട്ടുനിന്ന മേനക. പക്ഷേ ഓഫീസില്‍ പോകാന്‍ സമയമായെന്ന് പറഞ്ഞ് സുരേഷ് ഒഴിഞ്ഞുമാറി. തനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായെന്ന് മേനക. ഇടയ്ക്ക് സുരേഷിന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വീണ്ടും ചോദിച്ചു. തിരക്കാണ് ഉച്ചക്ക് ഊണു കഴിക്കാന്‍ വരുമ്പോള്‍ പറയാമെന്നായി അദ്ദേഹം.
ഒടുവില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുരേഷ് തന്ത്രപൂര്‍വ്വം കാര്യം അവതരിപ്പിക്കുന്നത് – ഗായത്രിയെ (കീര്‍ത്തിയെ വീട്ടില്‍ വിളിക്കുന്ന പേര്. കിറ്റി എന്നൊരു ഓമനപ്പേരു കൂടിയുണ്ട് കീര്‍ത്തിക്ക് ) പ്രിയദര്‍ശന്റെ പുതിയ സിനിമയിലേക്ക് തീരുമാനിച്ചെന്നും ഇനി അവനോട് പറ്റില്ലെന്ന് പറയാനാകില്ലെന്നും സുരേഷ് പറഞ്ഞു. നായികയെ കിട്ടാതെ വിഷമിച്ച് പ്രിയദര്ശന് ഇക്കാര്യം സുരേഷുമായി ചര്‍ച്ച ചെയ്തിരുന്നു. നാട് മുഴുവന്‍ തപ്പിനടന്നിട്ടും താന്‍ അന്വേഷിക്കുന്ന വിധത്തിലുള്ള ഒരാളെ കിട്ടാതെ വിഷമിച്ച പ്രിയന് അവസാനം രണ്ടും കല്‍പ്പിച്ച് ഉറ്റസുഹൃത്ത് സുരേഷിനോട് ഇങ്ങനെ പറഞ്ഞു- “എന്റെ സിനിമക്ക് പറ്റിയ ഒരു പെണ്‍കുട്ടിയുണ്ട്. പക്ഷേ അവളുടെ തന്തപ്പടി കുറച്ച് കട്ടിയാ..വിടില്ല.”ഓ അത് നമുക്ക് ശരിയാക്കാം നീ ആളെ പറയൂ എന്നായി സുരേഷ് കുമാര്‍. പിന്നെ ഒട്ടും അമാന്തിക്കാതെ പ്രിയന് പറഞ്ഞു- ആ പെണ്‍കുട്ടിയെ നീയറിയും, നീയാണവളുടെ അച്ഛന്…എന്തു പറയണമെന്നറിയാതെ ഇരുന്നുപോയി സുരേഷ് കുമാര്‍. മകള്‍ സിനിമയിലേക്ക് വരുന്നതില്‍ വിയോജിപ്പില്ലെങ്കിലും പഠനം തീരാതെ അവളെ അയക്കുന്നതില്‍ ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നെന്ന് മേനക പറഞ്ഞു.
പക്ഷേ നല്ല നേരം നോക്കിയാണ് പ്രിയന് കീര്‍ത്തിയെ തെരഞ്ഞെടുത്തത്. ചെന്നൈയില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന കീര്‍ത്തി ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ലണ്ടനിലായിരുന്നപ്പോഴായിരുന്നു പ്രിയന് കീര്‍ത്തിയെ നായികയാക്കാന്‍ തീരുമാനിച്ചത്. കീര്‍ത്തി അവധിക്ക് നാട്ടിലെത്തുന്ന സമയം നോക്കിയായിരുന്നു ഷൂട്ടിംഗ്. വീണ്ടും ചെന്നൈയില്‍ ക്ലാസിന് പേകേണ്ടെ സമയമാകുമ്പോള്‍ ഷൂട്ടിംഗ് തീര്‍ത്തുതരുമെന്ന ഉറപ്പും നല്കി പ്രിയന്.
എന്തായാലും ഉള്ളില്‍ അഭിനയമോഹമുണ്ടായിരുന്നെങ്കിലും അച്ഛനേയും അമ്മയേയും പേടിച്ച് മിണ്ടാതിരുന്ന കീര്‍ത്തിക്ക് സന്തോഷമായി. മോഹന്‍ ലാലിനൊപ്പമുള്ള സിനിമയിലെ അനുഭവങ്ങളുടെ ത്രില്ലിലാണ് കീര്‍ത്തിയിപ്പോള്‍. അഭിനയിക്കാന്‍ തനിക്ക് പേടിയൊന്നും ഇല്ലായിരുന്നു എന്നും എന്നാല്‍ എല്ലാവരും ലാലങ്കിളിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ഇത്ര ഗൗരവമായി ചോദിക്കുമ്പോഴാണ് അതിന്റെ ആഴം മനസ്സിലാകുന്നതെന്നും കീര്‍ത്തി പറയുന്നു. സെറ്റില്‍ ആദ്യം കണ്ടപ്പോള്‍ “നിന്റെ തന്തപ്പടി എവിടെടീ” എന്നായിരുന്നു മോഹന്‍ ലാലിന്റെ ചോദ്യമെന്നും കീര്‍ത്തി പറഞ്ഞു. പക്ഷേ താന്‍ മോഹന്‍ലാലിന്റെ കാമുകിയായാണ് അഭിനയിക്കുന്നതെന്ന ഗോസിപ്പ് കീര്‍ത്തി ചിരിച്ചു തള്ളി. നിഷാനിന്റെ ജോഡിയാണ് താനെന്നും ബാക്കിയൊക്കെ തീയേറ്ററില്‍ കാണാമെന്നും ചിരിയോടെ കീര്‍ത്തി പറയുന്നു.
കീര്‍ത്തി ഇതാദ്യമായിട്ടല്ല വെള്ളിത്തിരയിലെത്തുന്നത്. മുമ്പ് ദിലീപിനൊപ്പം കുബേരന് ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
അച്ഛന്റെയും അമ്മയുടെയും കര്‍ശന നിയന്ത്രണത്തിലാണെങ്കിലും സിനിമയില്‍ കീര്‍ത്തിക്ക് തന്റേതായ ആഗ്രഹങ്ങളുമുണ്ട്. തമിഴ് നടന് സൂര്യയുടെ കടുത്ത ആരാധിക കൂടിയാണ് കീര്‍ത്തി. കളിയാക്കി അമ്മ മേനക പറയുന്നതിങ്ങനെ “ടിവിയില്‍ സൂര്യയെ കണ്ടാല്‍ പിന്നെ ഇവള് വായും തുറന്ന് ഒരിരിപ്പാണ്. മറ്റുള്ളവര്‍ ചോദിക്കുന്നതും പറയുന്നതുമൊന്നും കേള്‍ക്കില്ല”. സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അനുവദിക്കാതെ നീ പോകുമോ എന്നായി മേനകയുടെ ചോദ്യം. അമ്മയ്ക്ക് പുറം തിരിഞ്ഞിരുന്ന് കുസൃതി ചിരിയോടെ കണ്ണടച്ച് കീര്‍ത്തി പറയുന്നു .”അതില്‍ മാത്രം ഗ്യാരന്റിയില്ല, ചിലപ്പോള്‍ പോയെന്നു വന്നേക്കും.”
സിനിമാ ലോകത്തിന്റെ പതിവ് ആഘോഷക്കാഴ്ചകള് പോലെ തോന്നുംവിധമുള്ള ആഢംബരജീവിതമല്ല മേനകയുടെയും സുരേഷിന്റെയും. ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണെങ്കിലും തമിഴ് അയ്യങ്കാര്‍ പെണ്‍കുട്ടിയുടെ എല്ലാ ശീലങ്ങളും വിനയവും അമ്മ മേനക തന്റെ രണ്ട് പെണ്മക്കളേയും ശീലിപ്പിച്ചു. ഒന്നിനും മുന്‍വിധിയോ നിര്‍ബന്ധമോ പാടില്ല. മെത്ത കിട്ടിയാലും വെറും പായ് കിട്ടിയാലും ഉറങ്ങാന്‍ കഴിയണം. ഭക്ഷണകാര്യത്തിലും അതേ നിര്‍ബന്ധമുണ്ട്. ആവശ്യമില്ലാത്ത ആഗ്രഹങ്ങളും ആഢംബരങ്ങളും ഒഴിവാക്കി സാധാരണ കുട്ടികളെപ്പോലെ തന്നെ മക്കളെ വളര്‍ത്താന്‍ തനിക്ക് കഴിഞ്ഞതില്‍ അഭിമാനവും സന്തേഷവുമുണ്ടെന്ന് മേനക തുറന്നു പറയുന്നു. സ്നേഹിച്ചാണ് മേനകയും സുരേഷ് കുമാറും വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭയന്നും മടിച്ചുമാണ് താന്‍ ക്യാമറക്ക് മുന്നിലെത്തിയതെന്നും അന്ന് എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ടായിരുന്നത് അമ്മയായിരുന്നെന്നും ഓര്‍ക്കുന്നു മേനക.
സിനിമാലോകം വലിയൊരു മായാലോകമാണെന്നും അതിന്റെ വെളിച്ചത്തില്‍ നിന്ന് അല്‍പ്പമൊന്ന് മാറ്റപ്പെട്ടെന്ന് തോന്നി വിഷാദം സഹിക്കാതെ ആത്മഹത്യ ചെയ്തവര്‍ ധാരാളമുണ്ടെന്നും അമ്മ ബോധ്യപ്പെടുത്തിയിരുന്നതായും മേനക പറഞ്ഞു. അവഗണിക്കപ്പെടുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തിരികെ വരണമെന്നും അമ്മ മകളെ ഉപദേശിച്ചു. അമ്മയുടെ വാക്കുകള്‍ പൂര്‍ണമായി ഏറ്റുവാങ്ങിയായിരുന്നു താന്‍ അഭിനയ ജീവിതം തുടങ്ങിയതെന്ന് മകള്‍ അഭിനയലോകത്തേക്ക് കടക്കുമ്പോള്‍ മേനക ഓര്‍ത്തെടുക്കുന്നു.
അമ്മ പറയുന്ന കഥകള്‍ ശ്രദ്ധയോടെ കേട്ട് കീര്‍ത്തി അരികിലുണ്ട്. ഇതൊക്കെ ഒരുപാട് തവണ കീര്‍ത്തിയും ചേച്ചി രേവതിയും കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ താരലോകത്തെ നവാഗതര്‍ കാണിക്കുന്ന അമിതാവേശവും അത്യുത്സാഹവുമൊന്നും ഈ കുട്ടിക്കില്ല. വളരെ ശാന്തമായി കാര്യങ്ങള്‍ വീക്ഷിക്കുകയാണ് കീര്‍ത്തി. നന്നായി അഭിനയിക്കണം. നല്ല ഒരു അഭിനേത്രി ആകണമെന്നാണ് മോഹം. അതിനായി കഴിയുംപോലെ പ്രയത്നിക്കുമെന്നും കീര്‍ത്തി പറയുന്നു.
തിരുവനന്തപുരം പോലൊരു നഗരത്തില്‍ കഴിയുമ്പോഴും പരമ്പരാഗത ശൈലികളും രീതികളും പെണ്മക്കളെ കര്‍ശനമായി ശീലിപ്പിച്ചിരുന്നു മേനക. നോക്കൂ..സിനിമയില്‍ കാണുന്ന പോലെ അത്ര പാവമൊന്നുമല്ല അമ്മ എന്ന് കീര്‍ത്തി. എങ്കിലും അമ്മ ശീലിപ്പിച്ചതൊക്കെ മനസ്സോടെ അനുവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളു തനിക്കെന്നും ഈ പെണ്‍കുട്ടി വ്യക്തമാക്കി. മേനകയുടെ അഭിനയമുഹൂര്ത്തങ്ങളില് ഏറെ ശ്രദ്ധേയമായ ഓപ്പോളിലെ പോലൊരു വേഷമാണ് കീര്‍ത്തിയുടെ സ്വപ്നം. ഓപ്പോളാണ് അമ്മ അഭിനയിച്ചതില്‍ ഏറെ ശ്രദ്ധിച്ച് കണ്ടിട്ടുള്ള ചിത്രവും. ഷൂട്ടിംഗ് വിശേഷങ്ങള്‍ മുംബൈയില്‍ ഗ്രാഫിക്സ് പഠിക്കുന്ന ചേച്ചി രേവതിയെ ദിവസവും അറിയിക്കുന്നുണ്ട്. പിന്നെ തിരുവനന്തപുരത്തെ പ്രിയ കൂട്ടുകാരുമായും അനുഭവങ്ങള്‍ പങ്ക് വയ്ക്കും. പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ധാരാളം ഓഫറുകള്‍ വന്നു തുടങ്ങിക്കഴിഞ്ഞു കീര്‍ത്തിക്ക്. എന്നാല്‍ തത്ക്കാലം ഗീതാഞ്ജലി തീര്‍ക്കുക എന്ന ലക്ഷ്യംമാത്രം. പിന്നീട് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തെരഞ്ഞെടുത്ത വേഷങ്ങളില്‍ മാത്രം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി സുരേഷ്.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: