ജക്കാര്‍ത്ത: ഉജ്ജ്വല വിജയത്തോടെ പുതിയ സീസണ് മുന്നോടിയായുള്ള ചെല്‍സിയുടെ ഏഷ്യന്‍ പര്യടനത്തിന് സമാപ്തി. ഇന്തോനേഷ്യന്‍ ഓള് സ്റ്റാര്‍ ഇലവനെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സി പര്യടനം അവസാനിപ്പിച്ചത്. ചെല്‍സിക്കുവേണ്ടി റാമിറെസ്, റൊമേലു ലുകാകു എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി.
പ്രമുഖ താരങ്ങളെ പുറത്തിരുത്തി യുവരക്തത്തിനായിരുന്നു പുതിയ പരിശീലകന് ജോസ് മൊറീഞ്ഞോ പ്രാധാന്യം നല്‍കിയത്. 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഈഡന് ഹസാര്‍ഡാണ് ചെല്‍സിയുടെ ഗോള്‍ മഴക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 29, 56 മിനിറ്റുകളില്‍ റാമിറെസും 31-ാം മിനിറ്റില്‍ ഡെംബ ബായും 45-ാം മിനിറ്റില്‍ ജോണ്‍ ടെറിയും 50-ാം മിനിറ്റില്‍ ബെര്ട്രെന്റും 52, 66 മിനിറ്റുകളില്‍ റെമോലു ലുകാകു എന്നിവര്‍ ഇന്തോനേഷ്യന്‍ ഓള് സ്റ്റാര്‍ ഇലവന്റെ വല കുലുക്കി.
ചെല്‍സിയുടെ ഡിഫന്‍ഡര്‍ ടൊമാസ് കാലസ് നേടിയ സെല്‍ഫ് ഗോളായിരുന്നു ഇന്‍ന്തോനേഷ്യ ഓള് സ്റ്റാര്‍സിന്റെ ആശ്വാസഗോളായി മാറിയത്. സീസണ് മുന്‍പുള്ള പരിശീലന മത്സരങ്ങള്‍ക്കായി പര്യടനം നടത്തുന്ന ചെല്‍സിയുടെ അടുത്ത സന്ദര്‍ശനം അമേരിക്കയിലാണ്. അടുത്ത മാസം ഒന്നു മുതല്‍ പത്ത് വരെയാകും യുഎസില്‍ ചെല്‍സിയുടെ പര്യടനം.
അതേസമയം നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി തുടരുകയാണ്. ജപ്പാനില്‍ പര്യടനം നടത്തുന്ന യുണൈറ്റഡ് രണ്ടാമത്തെ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി. സെറേസോ ഒസാകായാണ് അവരെ 2-2 സമനിലയില്‍ കുരുക്കി. ഇഞ്ച്വറി സമയത്ത് വില്‍ഫ്രഡ് സാഹ നേടിയ ഗോളാണ് യുണൈറ്റഡിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. രണ്ട് തവണ പിന്നിട്ടുനിന്ന ശേഷമാണ് യുണൈറ്റഡ് സമനില പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: