കൊച്ചി: കൊച്ചിസിറ്റിയില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസുയുടെ ബസ്സുകള്‍ നിത്യേന ഷെഡ്യുളുകള്‍ റദ്ദാക്കുന്നതു മൂലം സിറ്റിയില്‍ യാത്രാ ദുരിതം ഏറുന്നു. ഗ്യാരണ്ടി കഴിഞ്ഞ ടിക്കറ്റ് മെഷീനുകള്‍ക്ക് പകരം പുതിയ മെഷീനുകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്കുകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീനുകള്‍ വിതരണം ചെയ്തിരുന്നത് സോഫ്റ്റ്ലാന്റ്, മൈക്രോഎക്സ് എക്സ് സര്‍വ്വീസുകളാണ്. ഇവരുമായുള്ള കെഎസ്ആര്‍ടിസിയുടെ കരാര്‍ കാലാവധി ഇതിനകം അവസാനിച്ചുകഴിഞ്ഞു. പുതിയ കമ്പനികളുമായി കരാര്‍ ഉണ്ടാക്കി ആവശ്യമുള്ള മെഷീനുകള്‍ എത്തിച്ചാല്‍ മാത്രമേ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. കടുത്ത ഗതാഗത പ്രശ്നം നേരിടുന്ന കൊച്ചിസിറ്റിയില്‍ മുപ്പതോളം, സര്‍വ്വീസുകളാണ് നിത്യവും മുടങ്ങുന്നത്. ഇലക്ട്രോണിക്ക് മെഷീനുകള്‍ക്ക് പകരം ടിക്കറ്റ് റാക്കുകള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും റാക്കുകളില്‍ നിന്നും ടിക്കറ്റ് കൊടുക്കുന്നതിനുള്ള പരിചയക്കുറവ് പുതിയ ജീവനക്കാരെ ജോലിയെടുക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയാണ്. കണ്ടക്ടര്‍മാര്‍ എത്താത്തതുകാരണം ജോലിക്കെത്തുന്ന ഡ്രൈവര്‍മാരും തിരിച്ചുപോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കടുത്ത പ്രതിസന്ധിനേരിടുന്ന കെഎസ്ആര്‍ടിസിക്ക് പുതിയ പരീക്ഷണം വിനയായി മാറുമെന്ന് പറയപ്പെടുന്നു. ദീര്‍ഘദൂരസര്‍വ്വീസുകളും, തിരുകൊച്ചി, ജനറം സര്‍വ്വീസുകളുമാണ് നിലവില്‍ മുടങ്ങുന്നത്. കെഎസ്ആര്‍ടിസിയുടെ മുന്നറിയിപ്പില്ലാത്ത മുടക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്നും 180 ഓളം സര്‍വ്വീസുകളാണ് നിത്യവും ഉള്ളത്. പ്രവര്‍ത്തനയോഗ്യമായ 38 മെഷീനുകളാണ് ഇത്രയും വണ്ടികള്‍ക്കായി നിലവിലുള്ളത്. ഉപയോഗച്ചുകൊണ്ടിരിക്കുന്ന മെഷീനുകളും തകരാറാണെന്നും ജീവനക്കാര്‍ പറയുന്നു. മെഷീനുകള്‍ക്ക് പകരം ടിക്കറ്റ് റാക്കുകള്‍ നല്‍കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. റാക്കുകള്‍ എടുക്കുവാന്‍ കണ്ടക്ടര്‍മാര്‍ തയ്യാറാവാത്തതാണ് ഷെഡ്യൂളുകള്‍ മുടങ്ങാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകളാണ് ഒരു കണ്ടക്ടര്‍ റാക്കുകളില്‍ കരുതുന്നത്. നിലവിലെ അവസ്ഥയില്‍ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഇത്രയും തുകനല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല. അധികൃതര്‍ക്ക് ഇത് നേരിട്ടുബോധ്യപ്പെടുത്തികൊടുത്തിട്ടുള്ളതാണെന്നും കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറയുന്നു.
കെഎസ്ആര്‍ടിസിയില്‍ 3900 ജീവനക്കാരാണ് പിഎസ്സി നിയമനത്തിലൂടെ ഈ വര്‍ഷം പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. 114 പേര് എറണാകുളം ഡിപ്പോയിന്‍ കീഴില്‍ എത്തി. ഒരു ജീവനക്കാരന് പതിനഞ്ച് ഡ്യൂട്ടിയെടുക്കണമെന്നാണ് നിയമം, പത്തുഡ്യൂട്ടിയില്‍ കുറവായാല്‍ ഇവരുടെ ശമ്പളം നഷ്ടപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഏഴുദിവസത്തെ ജോലിപോലും എടുക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരത്തിലെ സാധാരണക്കാരുടെ ആശ്വാസ സര്‍വ്വീസായ കെഎസ്ആര്‍ടിസിയെ തകര്‍ത്ത് സ്വകാര്യ സര്‍വ്വീസുകളെ സഹായിക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ബസ്സുകളുടെ ട്രിപ്പ് റദ്ദാക്കല്‍ മൂലം കെഎസ്ആര്‍ടിസിക്ക് ദിനം പ്രതിയുണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തെക്കുറിച്ചും അധികൃതര്‍ക്ക് മറുപടിയില്ല.
കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: