നെടുമ്പാശ്ശേരി: ദുബായില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളില്‍നിന്നും 1 കോടി 12 ലക്ഷം രൂപ വിലവരുന്ന 4 കിലോ സ്വര്‍ണ്ണം പിടികൂടി.
കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ റഫീക് മെയിലോത്ത്, ഭാര്യ ഫാഹിന മെയിലോത്ത് എന്നിവരാണ് ദുബായില്‍നിന്നും എത്തിയപ്പോള്‍ കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് ദുബായില്‍നിന്നും എത്തിയ എമറൈറ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ കൈക്കുഞ്ഞുങ്ങളുമായി എത്തിയത്.
ദുബായില്‍നിന്നും എത്തുന്ന ഇവര്‍ വഴി സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍ കാര്‍ബന്‍ പേപ്പറുകൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയില്‍ രണ്ട് കിലോ സ്വര്‍ണ്ണവും പര്‍ദ്ദ ധരിച്ച് എത്തിയ ഭാര്യ ഫാഹിനയുടെ ജീന്‍സിന്റെ പോക്കറ്റില്നിന്നും രണ്ട് കിലോ സ്വര്‍ണ്ണവുമാണ് കണ്ടെത്തിയത്. സ്വര്ണ്ണകള്ളകടത്തുകാരുടെ കാരിയര്‍ എന്ന് സംശയിക്കുന്ന ഇവര്‍ അഞ്ച് ദിവസം മുമ്പാണ് വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് പോയത്. ദുബായില്‍ നേരത്തെ ജോലി ചെയ്തിരുന്ന റഫീക്ക് ഇതിനുമുമ്പ് മുംബൈ വഴിയാണ് വന്നുകൊണ്ടിരുന്നത്. ആദ്യമായിട്ടാണ് ഇയാള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. റഫീക്കിന്റെ ഭാര്യ ഫാഹിന ആദ്യമായിട്ടാണ് ദുബായ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ദുബായില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍നിന്നും അനധികൃതമായി കൊണ്ടുവന്ന ഏകദേശം 3 കോടി 62 ലക്ഷം രൂപ വിലവരുന്ന 12 കിലോ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്.
ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അഡീഷണല്‍ കമ്മീഷണര്‍ സോഫിയ എം. പോള്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. എസ്. അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ മിത്ര പ്രസാദ്, ഉമ്മന്‍ ജോസഫ്, ആര് ജയചന്ദ്രന്, സി. പത്മരാജന്, കോശി എബ്രാഹം, മുഹമ്മദ് ഷിയാസ്, സണ്ണി കെ. ജോസഫ്, പി. കെ. തുളസിദാസന്‍, ജെ. രാജേഷ്കുമാര്‍, എല്‍. ശ്രീലത, വി. ഇന്ദിര, ചാക്കോച്ചന് കുഞ്ഞിപൗലോ, സി. ഡി. അരവിന്ദാക്ഷന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: