തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഈ കിഴവിയുടെ ശബ്ദത്തിനു വിലയുണ്ടോ, ഉണ്ടാകണം, ഒരു വൃദ്ധയുടെ അപേക്ഷയായി കരുതുക. അല്ലെങ്കിലും ഞങ്ങള്‍ വാര്‍ദ്ധക്യം ബാധിച്ചവര്‍ക്ക് ഇതു കഷ്ടകാലമാണ്. ഒന്നുകില്‍ വീട്ടിലെ ഇരുട്ടും പേടിക്കുന്ന മൂലയ്ക്കാണു സ്ഥാനം. അവിടെയിടം കിട്ടിയാല്‍ ഏതോ മുജ്ജന്മ സുകൃതം. അതുപോകട്ടെ, പതം പറയാനല്ല സമയം ചോദിച്ചത്. എന്നാല്‍ അതിനാണുതാനും.
പ്രായം 118 ആയി. ദേഹം ദുര്‍ബലം. മനസു മരിച്ചിട്ടില്ല. പ്രഷറുകൂടുതലാണ്. മധുരത്തിന്റെ പ്രശ്നവുമുണ്ട്. ഇതൊന്നും എനിക്കു തോന്നുന്നതല്ല, പലപ്പോഴായി പരിശോധിക്കാന്‍ വന്നവര്‍ പറയുന്നതാണ്. പരിശോധിക്കാന്‍ വരുന്നവര്‍ പലര്‍ക്കും പല ഭാഷയാണ്. ഞാന്‍ എല്ലാം കേട്ടിരിക്കും, ഉരിയാടില്ല, അവരാരും എന്നോടൊന്നും ചോദിക്കാറില്ല, എല്ലാം നിഗമനങ്ങളാണ്. എന്റെ രോഗത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും എന്തെല്ലാം ചര്‍ച്ചകളും വിവാദങ്ങളുമാണ് നടന്നതെന്നോ. നിങ്ങള്‍ക്കും അറിയാമല്ലോ. ചിലര്‍ പറയുന്നു നടതള്ളാറായി, ഇനിയും പുലര്‍ത്തിക്കൊണ്ടു പോയാല്‍ നാട്ടുകാര്‍ക്കുതന്നെ ഞാന്‍ ശല്യമാകുമെന്ന്. മറുവാദക്കാര്‍ പറയുന്നു, ഈ പ്രായത്തിലും ഒരു കുഴപ്പവുമില്ല, അതിനാല്‍ ഈ നിലയില്‍ മുന്നോട്ടു പോകട്ടെ, ഒന്നും ചെയ്യേണ്ടതില്ല എന്ന്.
പക്ഷേ എന്നെച്ചൊല്ലി വീട്ടിനുള്ളില്‍ അടക്കം പറച്ചിലുകള്‍, അയല്പക്കത്ത് ആര്ത്തുവിളിക്കല്. നാട്ടിലാകെ പ്രക്ഷോഭം. കൊല്ലണോ വളര്‍ത്തണോ. അപ്പോള്‍ എനിക്ക് കണ്ണടയ്ക്കാനാവുമോ. കാതു പൂട്ടാനാവുമോ. അതുകൊണ്ട് ആ നാളുകള്‍ എനിക്ക് മറക്കാനാവില്ല. പറഞ്ഞു വരുന്നത് ഏറെ പഴയ കാര്യമൊന്നുമല്ല, രണ്ടു വര്‍ഷം മുമ്പത്തെ സംഭവങ്ങള്‍; 2011-ലെ കാര്യങ്ങള്‍. അന്നും ഇതുപോലെ കേരളത്തില്‍ കാലവര്‍ഷം കലിതുള്ളി നിന്നിരുന്നു. പ്രായമായവര്‍ക്കെല്ലാം ഉള്ളില്‍ ഭയത്തിന്റെ തീ കാളുന്ന നാളാണത്. അന്ന്, ഞാനായിരുന്നു വാര്‍ത്തയിലെ താരം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെ വിവാദ നായിക… സരിതയുടെ ഊര്‍ജ്ജവും തെറ്റയിലിന്റെ തെറ്റും ശരിയുമൊക്കെ ഇന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങളാണെന്ന് ഞാനറിയുന്നു. അന്ന് എന്തെല്ലാമായിരുന്നു പുകില്. ഒരു കൂട്ടര്‍ക്ക് ഞാന്‍ കൊടുംനാശവുമായി ഉറങ്ങുന്ന ജലഭൂതമായിരുന്നു. ഞാന്‍ മരണത്തിന്റെ നരകപടമെഴുതുമെന്ന് ഇക്കൂട്ടരെന്നെ പഴിച്ചു. എന്നെച്ചൊല്ലി എനിക്ക് ചുറ്റും പ്രാണഭയത്തിന്റെ പിടച്ചിലും പ്രാര്‍ത്ഥനയുമെല്ലാം വലിയ ശബ്ദത്തില്‍ മുഴങ്ങിയത് എന്റെ കര്‍ണപുടങ്ങളിലേക്ക് ആര്‍ത്തലച്ച് വന്നത് ഞാനോര്‍ക്കുന്നു. വൃദ്ധയായ ഞാന്‍ കണ്ണുകളടച്ച്, കൈകള്‍ കൂപ്പി ജലദേവതയോട്….മലദൈവങ്ങളോട് മനമുരുകി പ്രാര്‍ത്ഥിച്ചു “ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കരുതേ, ഞാന്‍ മൂലം ആര്‍ക്കും ഒരു ദോഷവും വരുത്തരുതേ…”
ജലദാനമാണ് എന്റെ പ്രിയപ്രവൃത്തി. അതൊരു പുണ്യവൃത്തിയായിത്തന്നെ ഞാന്‍ കരുതുന്നു. പക്ഷേ എനിക്ക് പ്രായമായെന്നും എന്റെ കൈകളില്‍ ഏറെ ഉത്തരവാദിത്തമുള്ള ആ ജോലി അത്ര സുരക്ഷിതമല്ലെന്നും ചിലര്‍ക്കു സംശയം തോന്നിത്തുടങ്ങി. അങ്ങനെ, വിതരണത്തിനുള്ള എന്റെ ജല സംഭരണ ശേഷിയില്‍ സംശയം തോന്നി. അതെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായി, കോടതി കയറി. എന്നെ സംരക്ഷിക്കേണ്ടതാരെന്ന് മക്കള്‍ തമ്മില്‍ സംശയം ഉണ്ടായി, വാഗ്വാദമുണ്ടായി. ഞാന്‍ ജനിക്കുമ്പോള്‍ തമിഴ്നാട്ടിലായിരുന്നുവെങ്കിലും വളര്‍ച്ചയില്‍ കേരളക്കാരിയായി.
വൃദ്ധയായ എനിക്ക് വേണ്ട ചികിത്സ നല്കാന് വേണ്ടതുപോലെ ആരും തയ്യാറാകാതെ എന്നെ വിവാദ നായികയാക്കി. }ഞാനിതു പറയുമ്പോള്‍ 125 അടിയോളം വെള്ളം താങ്ങി ഞാനിവിടെത്തന്നെയുണ്ട്. 176 അടി ഉയരവും 12000 അടി നീളവും എനിക്കുണ്ടെങ്കിലും പ്രായാധിക്യം കൊണ്ട് എന്റെ ശേഷി ഒരുപാട് കുറഞ്ഞിട്ടുണ്ടെന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ 117 വര്‍ഷത്തിനിടെ ഏതാനും ചില വര്‍ഷങ്ങളില്‍ മാത്രമാണ് 136 അടിക്കുമേല്‍ ജലം എനിക്ക് താങ്ങേണ്ടി വന്നതും മക്കള്‍ക്കായി ഞാന്‍ കരുതിവെച്ച കുടിനീര് ഇടുക്കി ഡാമിലേക്ക് ഒഴുക്കേണ്ടിവന്നതും. 152 അടി വരെ ജലം ഞാന്‍ തടഞ്ഞുനിര്ത്തണമെന്നാണ് പറയുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 2890 അടി ഉയരത്തിലാണ് ഞാന്‍ സ്ഥിതി ചെയ്യുന്നത്. എനിക്ക് താഴെ അനവധി ഗ്രാമങ്ങളും നഗരങ്ങളും ലക്ഷക്കണക്കിനാളുകളും സ്വപ്നങ്ങളും ഉണ്ട്. അവരെല്ലാം എന്നെക്കുറിച്ചോര്‍ത്ത് 2011 ല്‍ വ്യാകുലപ്പെട്ടതും ഒരു പ്രളയംപോലെ എനിക്ക് മുന്‍പിലേക്ക് ഒഴുകിയടുത്ത് എന്നെ ശപിച്ചതും എന്നെയും വ്യാകുലപ്പെടുത്തിയിരുന്നു.
ഇടയ്ക്കു പറയട്ടെ, 25ലേറെ തവണ എനിക്ക് ഹൃദയാഘാതം വന്നിട്ടുണ്ട്. പക്ഷേ, എന്റെ മനക്കട്ടികൊണ്ടാവാം ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല. ഭൂമിതന്നെ കുലുങ്ങുമ്പോള്‍ അതിലെ ഒരു എടുത്തുകെട്ടായ ഞാന്‍ എങ്ങനെ കുലുങ്ങാതിരിക്കും എന്നാണെന്റെ ന്യായം. കവികള്‍ ഭൂമിക്കുതന്നെ ചരമഗീതം എഴുതിക്കഴിഞ്ഞിരിക്കുന്നു, അപ്പോള്‍ അതിലെ ഒരു പുല്‍ക്കൊടിയായ എന്റെ കാര്യം എത്ര നിസാരം.
എന്നെ പ്രതിഭാഷാ വിവേചനം, പ്രാന്താതിരുകളില് വേലിക്കെട്ടുകള്‍, സംഘര്‍ഷങ്ങള്‍, തീവെപ്പുകള്‍…..എന്തെല്ലാമാണിവിടെ നടന്നത്. ഒരു നിമിഷം അന്നു ഞാനും ആശങ്കപ്പെട്ടുപോയി ഈശ്വരാ…മരണം അടുത്തോ…
കടുവയും പുലിയും കാട്ടാനകളും അനവധി അപൂര്‍വ പക്ഷിമൃഗാദികളും ജൈവ സമ്പത്തും അടങ്ങിയ പെരിയാര്‍ വനത്തിന്റെ സ്വച്ഛന്ദതയില്‍ അവരോടൊപ്പം ഞാന്‍ ഇവിടെ ഇന്നുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നു എന്റെ സൃഷ്ടിയെങ്കില്‍ ഈ വനത്തിലെ എണ്ണമറ്റ മൃഗങ്ങളെല്ലാം ഇന്നെന്റെ ഉറ്റ കൂട്ടുകാരണ്. അവരെല്ലാം എന്റെ മടിത്തട്ടിലിലാണ് നീരാടുന്നതും ജലപാനം നടത്തുന്നതും. അവര്‍ക്കും എനിക്കും ഒന്നും വരാതെ കാത്തുരക്ഷിച്ചുകൊണ്ട് കണ്ണകി ദേവിയുടെ മംഗളാദേവി ക്ഷേത്രവും ഈ ആരണ്യകത്തിലുണ്ട്.
എനിക്ക് മുന്നില്‍ സംസ്ഥാനങ്ങളോ ജില്ലകളോ എന്ന വ്യത്യാസമില്ല. മനുഷ്യരും അവന് ആറ്റുനോറ്റ് പരിപാലിക്കുന്ന കൃഷിയിടങ്ങളും മാത്രമേയുള്ളു. എല്ലാവരോടും എനിക്ക് എന്നുമുള്ളത് സ്നേഹം മാത്രം.
എന്നിട്ടും ഉറക്കത്തില്‍ എന്നെ ദുഃസ്വപനം കണ്ട് കുഞ്ഞുങ്ങള്‍ ഭയന്നുവിറച്ചു. സ്കൂളില്‍ പോലും പോകാന്‍ മടിച്ച് അമ്മയുടെ മടിയില്‍ നിന്നിറങ്ങാതിരുന്നു. രാത്രിയില്‍ മഴ കനക്കുമ്പോള്‍, അസാധാരണമായ ഒരിരമ്പല് കേള്‍ക്കുണ്ടോ എന്ന് ഇടുക്കി നിവാസികള്‍ ഉറങ്ങാതെ ചെവിയോര്‍ത്തു. എനിക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തം കണ്ണും കയ്യും കാട്ടി രാഷ്ട്രീയക്കാര്‍ വിവരിച്ചപ്പോള്‍ അവരെങ്ങനെ പേടിക്കാതിരിക്കും.
നൂറ്റി അന്‍പത്തി അഞ്ച് അടി ഉയരമുള്ള എന്നെ ചൊല്ലി രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍തല്ലാന്‍ വരെയൊരുങ്ങി. എനിക്കൊന്ന് അടിതെറ്റിയാല്‍ നാല്‍പ്പത് ലക്ഷത്തോളം മലയാളികള്‍ മരിക്കുമെന്ന് മലയാളി കൂവിയാര്‍ത്തു. എനിക്കെന്താണ് രോഗമെന്ന് വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ താമസിയാതെ മരിച്ചു പോകുമെന്നും അല്ല എനിക്കൊരു കുഴപ്പവുമില്ലെന്നും പരിശോധിക്കാന്‍ വരുന്നവര്‍ പലതും പറയുന്നു. ഓരോ ഭൂമികുലുക്കത്തിലും ആരൊക്കെയോ ഓടിപ്പാഞ്ഞുവരുന്നു. എനിക്ക് ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലെ ഒമ്പതു ലക്ഷത്തിലധികം ജനങ്ങള്‍ തങ്ങള്‍ പ്രളയത്തില്‍ മുങ്ങിയില്ലാതാകുമെന്ന് എപ്പോഴും ഭയക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രെ.
അവര്‍ പറഞ്ഞത് അഞ്ച് ജില്ലയില്‍ നിന്നായി നാല്‍പ്പത് ലക്ഷത്തോളം ജനങ്ങള്‍ അറബിക്കടലില്‍ കുത്തിയൊഴുകും എന്നാണ്. എന്നിട്ടും തീരില്ല പോല്‍ ദുരിതം. കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍ ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള് പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ച് നരകിച്ച് ചാകുമത്രെ..പിന്നെയുമുണ്ട്, തമിഴനും കോടികളുടെ നഷ്ടമുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ഡിണ്ടിഗല്‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും…
ചായക്കടയില്‍ പരിപ്പുവട കഴിച്ച് പത്രം വായിക്കുന്നവരുടെ നിഗമനമായിരുന്നില്ല ഇത്. റൂര്‍ക്കി ഐഐ ടിയിലെ വിദഗ്ധര്‍ നടത്തിയ ഡാം ബ്രേക്കിംഗ് അനാലിസിസ് എന്ന പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ ഭീകരമായ പരാമര്‍ശമുണ്ടായിരുന്നത്. ഈശ്വരാ ഇത്ര വലിയ ദുരിതം വിതയ്ക്കാനായിരുന്നെങ്കില് എന്തിനെന്നെ സൃഷ്ടിച്ചു എന്ന് ഞാനെത്രയോ കരഞ്ഞു.
എനിക്കോര്‍മ്മയുണ്ട് അത് 1886 ഒക്ടോബറിലാണ് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ 8000 ഏക്കര്‍ സ്ഥലവും അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാരിന് പാട്ടമായി നല്‍കിയത്. 50 വര്‍ഷം മാത്രം ആയുസ്സ് പറഞ്ഞായിരുന്നു എന്നെ സൃഷ്ടിച്ചത്. പക്ഷേ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നാണ് ഇപ്പോള്‍ ഞാനറിയുന്നത്. 50 വര്‍ഷത്തേക്ക് സൃഷ്ടിച്ച എന്നെ 999 വര്‍ഷത്തേക്ക് അടിമയാക്കിയെങ്കില് എനിക്ക് പേടിയുണ്ട്, ഇങ്ങനെ മുന്നോട്ട് പോയാല്‍ നിങ്ങളൊക്കെ പറയുന്നത് പോലെ ലക്ഷക്കണക്കിന് നിരപരാധികള്‍ ചത്തടിയുമോയെന്ന്.
അന്ന് പറഞ്ഞതൊക്കെ നിങ്ങളിപ്പോള്‍ മറന്നിട്ടുണ്ടാകും. ക്ഷമിക്കണം, എന്നെ പറഞ്ഞതല്ലേ, ഞാന്‍ മറന്നിട്ടില്ല. ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ ആ കാര്യങ്ങള്‍, റൂര്‍ക്കി ഐഐടിയിലെ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജുമെന്റ് വിഭാഗം തലവന്‍ എസ്.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞതിങ്ങനെ-
ഡാം തകര്‍ന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ 50 കിലോമീറ്റര്‍ ദൂരെയുള്ള ഇടുക്കി ഡാമില്‍ വെള്ളം ഒഴുകിയെത്തും. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന ചെളിയും മണ്ണും മരങ്ങളും ഡാമില്‍ അതിയായ മര്‍ദ്ദം ചെലുത്തും. ഇതിന്റെ ഫലമായി ഇടുക്കി ഡാം തകരും. വണ്ടിപെരിയാര്‍, കീരിപ്പാറ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. പെരിയാറില്‍ പ്രളയമായി ചാലക്കുടി, വേമ്പനാട് എന്നീ പ്രദേശങ്ങളില്‍ ഗുരുതരമായ വെള്ളപ്പൊക്കം ഉണ്ടാകും. തുടര്‍ന്ന് പെരുമ്പാവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകും.
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാം.
തേക്കടി കടുവാ സങ്കേതം പൂര്‍ണമായും വെള്ളത്തിനടിയിലാകും. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ 350 ചതുരശ്ര കിലോമീറ്റര്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകും. കൂടാതെ ഈ മേഖലയില്‍ താമസിക്കുന്ന 4000 ആദിവാസി കുടുംബങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകും-
എന്റെ ദൈവമേ കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു. പക്ഷേ ആരുമെന്താ ഇപ്പോള്‍ എന്നെക്കുറിച്ച് ആശങ്കപ്പെടാത്തത്. കേരളത്തിലെ പതിവ് രാഷ്ട്രീയ തന്ത്രങ്ങള്‍ക്കിടയില്‍ ഞാന്‍ കരുവാക്കപ്പെടുകയായിരുന്നോ. എന്നെ സംരക്ഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചവരും അന്ത്യശാസനം നല്കി നിരാഹാരം നടത്തിയവരുമൊക്കെ എവിടെ. എന്നെച്ചൊല്ലി ശരിക്കും വേദനിക്കുന്ന ഒരു വിഭാഗത്തിന്റെ നിശബ്ദ സമരം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതാരും കാണുന്നില്ല എന്നതാണ് ഇപ്പോഴെന്റെ ദുഃഖം. എവിടെപ്പോയി, കാണുന്നതിന്റെയും കേള്‍ക്കുന്നതിന്റെയും വാസ്തവം തിരക്കുന്ന മാധ്യമങ്ങള്‍. മത്സരിച്ചായിരുന്നില്ലേ അന്ന് വഴിയേ പോയവരെയും പിടിച്ചിരുത്തി ചര്‍ച്ചകള്‍. മാധ്യമങ്ങള്‍ പറയുന്നതെല്ലാം പച്ചപരമാര്ത്ഥമെന്ന് ധരിച്ചു പഠിച്ച പാവങ്ങളുടെ മനസ്സില്‍ തീ കോരിയിട്ട് രസിക്കുകയായിരുന്നു ദൃശ്യമാധ്യമങ്ങള്‍.. മേമ്പൊടിക്ക് ഞാന്‍ തകരുന്ന ദൃശ്യങ്ങളും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും വരെ അവര്‍ ജനങ്ങളെ വരച്ചുകാണിച്ചുകൊടുത്തു.
പക്ഷേ ഇതിനിടയില്‍ നമ്മുടെ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മാത്രം കാര്യങ്ങളെ കൂളായി കണ്ടതെന്താണ്. ഞാന്‍ മരിക്കുന്നതൊന്നും പ്രശ്നമല്ലെന്നും ഇനി അങ്ങനെയെന്തെങ്കിലും പറ്റിയാല്‍ തന്നെ കേരളത്തിന് ഒന്നും സംഭവിക്കില്ല എന്നും അദ്ദേഹം പറഞ്ഞതോടെയാണ് നേതാക്കള്‍ പിന്‍വലിയാന്‍ തുടങ്ങിയത്. എന്നെച്ചൊല്ലി നല്കിയ കേസ് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ അലോസരം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുറത്തെ മുഖ്യമന്ത്രിയായ ആയമ്മ എന്തൊക്കെയോ കണക്കുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. അതോടെ ഞാന്‍ മരിച്ചാലും ജീവിച്ചാലും പ്രശ്നമില്ലെന്നായി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും.
ഇനിയൊരു ജന്മമുണ്ടെങ്കില് അതും കൂടി ഈ ജന്മംതന്നെ അനുവദിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. ജല സമൃദ്ധി, ചുറ്റും പൂക്കളും കനികളും ചുരത്തുന്ന ചെടികളും മരങ്ങളും. അവിടവിടെ സംഗീതം പൊഴിക്കുന്ന പക്ഷികളും തുള്ളിക്കളിക്കുന്ന ജീവജാലങ്ങളും. പെരിയാറ്റിലെ ചിറ്റോളങ്ങളും ചെറുമീനുകളും വാര്‍ദ്ധക്യത്തിലെ ഉറ്റ ചങ്ങാതിമാര്‍. എങ്കിലും അനിവാര്യമായ എന്റെ മൃത്യു; അത് എന്നാണെന്ന് ഞാനെങ്ങനെപറയും. കുഞ്ഞുങ്ങളേ ഇപ്പോള്‍ ശരിക്കും എനിക്ക് പേടിയാണ്, ഇങ്ങനെ ആരുമെന്നെ ശ്രദ്ധിക്കാതിരുന്നാല്‍ അനിവാര്യമായ ആ ദുരന്തത്തെ ചെറുക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍, അന്ന് നിങ്ങള്‍ പറഞ്ഞ പോലെ ഒരു രാത്രി ഉറങ്ങാന്‍ കിടന്ന ഗ്രാമങ്ങളും നഗരങ്ങളും ആരുമറിയാതെ ഈ ഭൂമുഖത്തില്‍ നിന്ന് മായ്ക്കപ്പെടുമോ…
വി.കെ.ബിജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: