കൊച്ചി: മഴക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ സംഘം പര്യടനം നടത്തും. ഇന്ന് രാവിലെ എട്ടിന് ഹോട്ടല്‍ ലെ മെറിഡിയനില്‍ മഴക്കെടുതി സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് പര്യടനം ആരംഭിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വി. വംലുന്മാങ്ങാണ് കേന്ദ്ര സംഘത്തിന്റെ തലവന്‍. ധന, കൃഷി, ഗ്രാമവികസനം, പൊതുമരാമത്ത്, കുടിവെള്ളം ശുചിത്വം വകുപ്പുകളുടെയും ആസൂത്രണ കമ്മീഷന്റെയും പ്രതിനിധികള്‍ സംഘത്തിലുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് കേന്ദ്ര സംഘത്തിന്റെ പര്യടന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാലവര്‍ഷക്കെടുതി നേരിടാന്‍ 481 കോടിയുടെ കേന്ദ്രസഹായമാണ് സംസ്ഥാനം ചോദിച്ചിരുന്നത്. കുട്ടനാട്ടിലാണ് ഏറ്റവുമധികം നാശനഷ്ടം. സംസ്ഥാനത്തെ 891 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. 131 പേര് മഴക്കെടുതിയില്‍ മരിച്ചു. 549 വീടുകള്‍ പൂര്‍ണമായും 9499 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഇതുവരെ 65.84 കോടി രൂപയാണ് ചെലവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും നിവേദനത്തെയും തുടര്‍ന്നാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
വി. വംലുന്മാങ്ങിന്റെ നേതൃത്വത്തില്‍ ഗ്രാമവികസന മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ സിദില്‍ ശശി, കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ.കെ. മനോഹരന്, ധനമന്ത്രാലയം അസി. ഡയറക്ടര്‍ വി. ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തും. കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ജി. ബാലസുബ്രഹ്മണ്യം, റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ് മേഖല ഓഫീസര്‍ ആര്. ഇളവരശന്, പ്ലാനിങ് കമ്മീഷന് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ എ. മുരളീധരന് എന്നിവരടങ്ങിയ സംഘത്തിനാണ് എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളുടെ ചുമതല.
ഇന്ന് രാവിലെ എട്ടിന് ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന അവലോകനയോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
പര്യടനം പൂര്‍ത്തിയാക്കി രണ്ട് സംഘങ്ങളും 22ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. 23ന് രാവിലെ 8.30ന് മാസ്കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സംഘവുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ്, കെ.പി. മോഹനന്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
എറണാകുളം ജില്ലയില്‍ തിരുമാറാടിയിലും കാക്കൂരിലും വിളനാശമുണ്ടായ മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: