പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി ചെമ്പാരത്ത്കുന്ന് എല്‍പി സ്കൂളില്‍ കഴിഞ്ഞ 14നുണ്ടായ സ്ഫോടനത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും പ്രഹസനം മാത്രമാണെന്നും പിടിഎ യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഭാരവാഹികള്‍ പറയുന്നു. ഇരുന്നൂറോളം പിഞ്ചുകുഞ്ഞുങ്ങള്‍ മാത്രം പഠിക്കുന്ന സ്കൂളിന്റെ ഒരുഭാഗം തോട്ട പൊട്ടിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ട് നാട്ടിലെ രാഷ്ട്രീയക്കാര്‍ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ടെന്ന് പിടിഎ വിലയിരുത്തി. ഇവിടെ സ്ഫോടനത്തില്‍ പാചകപ്പുരയാണ് തകര്‍ന്നത് ഈ സംഭവം ബീഹാറിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ചേര്‍ത്ത് വായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ സ്വൈര്യജീവിതത്തിന് ഇത്തരം സംഭവങ്ങള്‍ തടസമാകുന്നുണ്ട്. ഇത് തടയുന്നതിന് അധികാരികള്‍ മുന്‍കൈയെടുക്കണം. ഇതിനെതിരെ വന്‍ പ്രതിഷേധം നടത്തുമെന്നും പിടിഎ ഭാരവാഹികളായ എം.ഇ.കാതിരുകുഞ്ഞ്, ഒ.സി.അനൂപ്, കെ.എസ്.മിനികുമാരി, കെ.എം.ഷജീര്‍ തുടങ്ങിയവര്‍ അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോഞ്ഞാശ്ശേരി മേഖലയിലെ മതതീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സംഭവം നടന്ന അന്നേദിവസംതന്നെ എസ്പി സതീഷ് ബിനോ, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്, ഫോറന്‍സിക് വിദഗ്ധ സൂസന് ആന്റണി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങള്‍ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. സ്കൂള്‍ ഭരണം നടത്തിവരുന്ന മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷന് എന്ന സംഘടനയിലെ ചേരിതിരിവാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: