കട്ടപ്പന: കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടിയ പീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ തീവ്രപരിചണവിഭാഗത്തില്‍ കഴിയുന്ന ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ കുട്ടിക്ക് അപസ്മാരം ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച അതുണ്ടായില്ല. കൈകാലുകള്‍ ചലിക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ പാല്, വെള്ളം തുടങ്ങി ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കുന്നുണ്ട്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴുണ്ടായിരുന്ന തലച്ചേറിലെ രക്തസ്രാവത്തിനും ശമനം വന്നിട്ടുണ്ട്. ഇത് ആശവാഹമാണെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗീകമായി നടക്കുന്നതായും ബുള്ളറ്റിന് പറയുന്നു. എന്നാല്‍ തലച്ചോറിലുണ്ടായ നീര്‍കെട്ട് പൂര്‍ണ്ണമായും മാറിയിട്ടല്ല. കുട്ടിയുടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടെങ്കിലും അപകടമായ രീതിയില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി.
ഇപ്പോള്‍ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കുട്ടി ജീവതത്തിലേക്ക് തിരിച്ചുവരാന്‍ 25 ശതമാനം സാധ്യത മാത്രമാണുള്ളതെന്നും ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി. ബുധനാഴ്ച രാത്രയില്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യനില പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷയന് ഡോ. കെ.പി. ജയപ്രകാശ്, ന്യൂറോ സര്ജന് ഡോ. ഷൈജു എന്നിവരാണ് എ്ത്തിയത്. ഇവര്‍ നല്കിയ നിര്‍ദേശപ്രകാരമാണ് കുട്ടിക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.
ഷെഫീക്കിന്റെ മാതാവ് രമ്യ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. 10 മിനിട്ട് സമയം അവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഉടുമ്പന്‍ചോല തഹസീല്‍ദാരുടെ വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയെ ഈ നിലയിലാക്കിയവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി എം.കെ. മുനീര്‍ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ ഏത് സഹായവും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജിമോള്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: