പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ 3-ാം പ്രതിയായ ശാലുമേനോനെ ഇന്നലെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പെരുമ്പാവൂര്‍ കോടതിയില്‍നിന്നാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇന്ന് വൈകിട്ട് 5 വരെയാണ് ശാലുവിനെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. ഇതോടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെല്ലാം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായി. ബിജുവിനെയും സരിതയെയും കഴിഞ്ഞ 16 നാണ് ഡിവൈഎസ്പി ഹരികൃഷ്ണന് കസ്റ്റഡിയില്‍ വാങ്ങിയത്.
മൂന്ന് പ്രതികളെ ഒരുമിച്ചും ഒറ്റയ്ക്കും പോലീസ് ചോദ്യംചെയ്യും. എഡിജിപി ഹേമചന്ദ്രന്, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനും സരിതയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിലെ ഒന്നാംപ്രതി ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ശാലുമേനോനെ മൂന്നാം പ്രതിയാക്കുകയായിരുന്നു. ഇന്നലെ രാവിലെ വന്‍ പോലീസ് അകമ്പടിയോടെയാണ് ശാലുമേനോനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതേത്തുടര്‍ന്ന് ശാലുവിന്റെ അഭിഭാഷകന് ശ്രീകുമാര്‍ മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുവദിച്ചില്ല. ഒന്നും രണ്ടും പ്രതികള്‍ ചെയ്തിട്ടുള്ളതുപോലെ തന്നെ ഗൗരവമേറിയതാണ് ശാലു ചെയ്ത കുറ്റമെന്ന് എപിപി ഹരിദാസ് കോടതിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: