കുമരകം: പാളത്തൊപ്പിയും മമ്മട്ടയും തേക്കുകൊട്ടയുമൊക്കെയായി പാടത്തിറങ്ങിയിട്ടുള്ളപ്പോഴൊന്നും നടന് മമ്മൂട്ടിക്ക് ഈ സംശയങ്ങള്‍ ഉണ്ടായിട്ടില്ല. കരണം അതൊക്കെ അഭിനയമായിരുന്നല്ലോ. പക്ഷേ, സ്വന്തം പാടത്ത് വിതക്കുമ്പോള്‍ അതു വെറും പടമാക്കാനാവില്ല. അതുകൊണ്ടുതന്നെ സംശയങ്ങള്‍ ചോദിച്ചും കാര്യങ്ങള്‍ മനസിലാക്കിയും മമ്മൂട്ടി ഞാറു നിരത്തി.
കുമരകമായിരുന്നു ലൊക്കേഷന്‍. കൃത്യമായി പറഞ്ഞാല്‍ കുമരകത്തിനടുത്ത് ചീപ്പുങ്കല്‍ വടക്കേപള്ളിപ്പാടത്ത്. അവിടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ 17 ഏക്കര്‍ നെല്‍വയലുണ്ട്. അവിടെയാണ് കൃഷി. തലയോലപ്പറമ്പുകാരന്റെ രക്തത്തിലുണ്ടാവുമല്ലോ കാര്‍ഷിക പ്രേമം.അതുകൊണ്ടുതന്നെ വെറും കൃഷിയല്ല, ന്യൂജനറേഷന്റെ ഹൈടെക് കൃഷിയല്ല പ്രകൃതികൃഷിയാണ് നടത്തുന്നത്. പ്രകൃതികൃഷി പ്രചാരകനായ കെ.എം ഹിലാലാണ് ഇവിടെ നായകന്റെ ഡയറക്ടര്‍.
കേരളത്തിന്റെ തനത് നാടന്‍ നെല്ലിനമായ ‘ചെങ്കേര’ പുരയിടത്തില്‍ പാകിയ നെല്ച്ചെടികളാക്കി. അത് യന്ത്രം ഉപയോഗിച്ച് പാടത്ത് നടുകയായിരുന്നു. പ്രകൃതി കൃഷി പ്രചാരകനായ കെ.എം ഹിലാല്‍ പറഞ്ഞു കൊടുക്കുന്ന കൃഷിപാഠങ്ങള്‍ കൊച്ചുകുട്ടിയെപോലെ അനുസരിച്ചും ചോദ്യം ചോദിച്ചും മമ്മൂട്ടി പാടത്തെ താരമായി. ലൈറ്റും ക്യാമറയും ആക്ഷനുമില്ലായിരുന്നു, മുഖത്ത് ചമയങ്ങളും, പക്ഷേ , മൂക്കത്തുവെച്ച കൂളിംഗ് ഗ്ലാസ് ഈ കര്‍ഷകനെ ഏറെ ആകര്‍ഷണീയനാക്കി.
കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് നെല്ലിന് വളമായി നല്‍കുന്നത്. അഞ്ച് നാടന്‍ പശുക്കള്‍ ഉള്‍പ്പെടെ 17 പശുക്കള്‍ പാടത്തിന്റെ ചിറയില്‍ വളര്‍ത്തിയാണ് കൃഷി. കൃഷിക്കാവശ്യമായ ചെങ്കേരവിത്ത് ഹിലാലിന്റെ ശേഖരത്തില്‍ നിന്നുമാണ് മമ്മൂട്ടിക്ക് നല്‍കിയത്. 14 ദിവസം പ്രായമായ നെല്ചെടിയാണ് ഇന്നലെ യന്ത്രം ഉപയോഗിച്ച് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പാടത്ത് നട്ടത്. 130 ദിവസം വേണം നെല്ല് വിളയാന്‍. ഒരു കിലോ നെല്ലിന് 500 രൂപ വരെ വിലയുണ്ടെന്ന് ഹിലാല്‍ പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് വാങ്ങിയതാണ് ഈ പാടം. ഇവിടെ പ്രകൃതി കൃഷി ചെയ്യുന്നത് ആദ്യമാണ്. കൃഷിയുടെ മേല്‍നോട്ടത്തിനായി ഹിലാലും കുടുംബവും പാടത്തിന്റെ വരമ്പത്ത് താമസമാക്കി. സഹായിക്കാന്‍ ഇരുപതോളം ചെറുപ്പക്കാരും കൃഷി സ്നേഹികളും ഉണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: