ഇസ്ലാമബാദ്: ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബുക്തി കൊലക്കേസില്‍ മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ നേരിട്ടു ഹാജരാക്കാന്‍ ക്വറ്റ ഭീകര വിരുദ്ധ കോടതി ഉത്തരവിട്ടു. സുരക്ഷാഭീഷണിമൂലം മുഷറഫിനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന പോലീസിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. കേസില്‍ മുഷറഫിനെതിരായ പ്രാഥമിക കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിരുന്നു.
2006ല്‍ മുഷറഫ് പ്രസിഡന്റ് പദത്തിലിരിക്കവെയാണ് ബലൂചിലെ ഗോത്രനേതാവായ ബുക്തി കൊല്ലപ്പെട്ടത്. മുഷറഫിന്റെ തലയില്‍ വിരിഞ്ഞ സൈനിക ഓപ്പറേഷനിലൂടെ ബുക്തിയെ വധിച്ചെന്നാണ് കേസ്. എന്നാല്‍ ഈ ആരോപണം മുഷറഫ് നിഷേധിച്ചിരുന്നു. ഒളിത്താവളമായ ഗുഹയില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ബുക്തി കൊല്ലപ്പെടുകയായിരുന്നു എന്നാണ് മുഷറഫിന്റെ വാദം.
2008 അധികാരഭ്രഷ്ടനാക്കപ്പെട്ട മുഷറഫ് നാലുവര്‍ഷത്തെ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്നു. മാര്‍ച്ചില്‍ രാജ്യത്തു തിരിച്ചെത്തിയ മുന്‍ പട്ടാള ഭരണാധികാരിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കിയശേഷം അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ബേനസീര്‍ ഭൂട്ടോവധമടക്കം മറ്റു നിരവധി കേസുകളിലും മുഷറഫ് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: