ചങ്ങമ്പുഴ മലയാളത്തിന്റെയും മലയാളിയുടെയുംഅഭിമാനവും ആവേശവും. കവിതയെ ജനകീയമാക്കിയതുവഴി ജനകീയനായി മാറിയ കവി. എഴുത്തച്ഛനു ശേഷം മലയാളികള്‍ ഇത്രയേറെ വായിച്ച കവിത ചങ്ങമ്പുഴയുടേതുമാത്രമായിരിക്കും. സന്ധ്യാ നാമങ്ങള്‍ക്കു ശേഷം മലയാളിയുടെ ചുണ്ടില്‍ അത്രമാത്രം തിങ്ങിവിങ്ങിയ വരികള്‍ ആ കാവ്യ ഗന്ധര്‍വന്റെ ഈരടികളായിരിക്കും. ഒരുപക്ഷേ, എഴുത്തച്ഛനു ശേഷം മലയാളത്തില്‍ സ്വന്തമായി വാക്കുണ്ടാക്കിയ അപൂര്‍വ എഴുത്തുകാരിലൊരാള്‍ ചങ്ങമ്പുഴയാണ്. അന്യഭാഷാ പാണ്ഡിത്യം ചങ്ങമ്പുഴയോളം അക്കാലത്തെ കവികളില്‍ പലര്‍ക്കും കുറവായിരുന്നു. പക്ഷേ, ചെറുശ്ശേരി കഴിഞ്ഞാല്‍ മലയാളത്തനിമ മുറ്റിയ എഴുത്ത് ചങ്ങമ്പുഴയുടേതായിരുന്നു. എന്നാല്‍, മലയാളം ശ്രേഷ്ഠമാകുമ്പോള്‍ മലയാളിത്തം ആള്‍രൂപം പൂണ്ട ഈ കവിയെ ഇന്നത്തെ തലമുറക്ക് എത്രത്തോളം പരിചിതമാണ് എന്ന് ഞെട്ടലോടെ മാത്രമേ നമുക്ക് ഓര്‍മ്മിക്കാനാവൂ. പ്രശസ്ത കവി പി.ഐ.ശങ്കര നാരായണന് ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പുതു തലമുറക്കു പരിചയപ്പെടുത്തുന്നു, ലളിതമായി, രുചിരമായി, മധുരമായി. അതെ, ഒരു കവിയെ അറിഞ്ഞ കവി ഹൃദയം പകര്‍ത്തുന്ന ഹൃദയാക്ഷാരങ്ങള് വായിക്കാം, ഇനി, ജന്മഭൂമി വാരാദ്യത്തില്‍…..
ഞായറാഴ്ചയാണ്. പത്രവായന ഒരാവര്‍ത്തി കഴിഞ്ഞു. വീണ്ടും അലസമായി മറിച്ചു തലക്കെട്ടുകളിലൂടെ ഒരു ഓടിച്ചുനോക്കലുണ്ട്.
അതിനിടയിലാണ് ഗേറ്റു തുറന്ന് രണ്ടു കുട്ടികള്‍ കടന്നുവന്നത്. അടുത്ത വാടകവീട്ടില്‍ ഈയിടെ താമസത്തിനെത്തിയ കുടുംബത്തിലെയാണ്. ചെറുതായി പരിചയപ്പെട്ടിട്ടുണ്ട്.
“അങ്കിള്‍! ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്തു തരാമോ?” ഒരാള്‍ ചോദിച്ചു.
“വന്ന കാലില്‍ നില്‍ക്കാതെ കേറി ഇരിക്കൂ. എന്നിട്ടു പറയൂ, എന്ത് ഉപകാരമാണ് ഞാന്‍ ചെയ്തുതരേണ്ടത്?”
കുട്ടികള്‍ ഉമ്മറത്തേയ്ക്ക് കയറി കസേരകളില്‍ ഇരുന്നു.
“ഞങ്ങള്‍ക്ക് ചങ്ങമ്പുഴയുടെ ജീവിതത്തേയും കവിതകളേയും കുറിച്ച് അല്‍പ്പം അറിയണം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചില മത്സരങ്ങളുണ്ട്. അതില്‍ പങ്കെടുക്കാനാണ്.”
“ഓ. അതുശരി. എന്താണ് മോള്‍ടെ പേര്?”
“അമൃത. അമ്മൂന്നാണ് വീട്ടില്‍ വിളിക്ക്വ. ഏഴില്‍ പഠിക്കുന്നു. ഏട്ടന്റെ പേര് പ്രസാദ്. എട്ടിലാണ്. അച്ഛന് രാമചന്ദ്രന്. ബാങ്കിലാണ് ജോലി. അമ്മയ്ക്ക് ഗൃഹഭരണവും.”
“ഹായ്, മിടുക്കി! ചുരുക്കം വാക്കുകളില്‍ എല്ലാം പറഞ്ഞുവല്ലോ. അതുപോലെ ഞാനും ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞുതരണമെന്നാണോ?”
“ഇതുപോലെ പോരാ. കുറെക്കൂടി വിശദമായും രസകരമായും വേണം. അമ്മുവിന് കവിതാലാപന മത്സരത്തിലും എനിക്ക് പ്രസംഗ മത്സരത്തിലും സമ്മാനം നേടാന്‍ കഴിയണം.”
കൊള്ളാം. അനിയത്തിക്ക് പറ്റിയ ചേട്ടന് തന്നെ. ശരി. ചങ്ങമ്പുഴയെപ്പറ്റി അറിയാവുന്നിടത്തോളം ഞാന്‍ പറഞ്ഞുതരാന്‍ ശ്രമിക്കാം. ശ്രദ്ധിച്ചോളൂ. ഇടയ്ക്ക് ചെറിയ സംശയങ്ങള്‍ ചോദിക്കുന്നതില്‍ വിരോധമില്ല. പിന്നെ സമ്മാനത്തിന്റെ കാര്യം. അത് നിങ്ങളുടെ അവതരണ സാമര്‍ത്ഥ്യം പോലെയിരിക്കും.
ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷം ഒരുവര്‍ഷം നീണ്ടുനിന്നതാണെന്ന് അറിയാമല്ലോ-2012 ഒക്ടോബര്‍ 11 വരെ. നൂറ്റിയൊന്നു വര്‍ഷം മുമ്പ് 1911 ഒക്ടോബര്‍ 11 നായിരുന്നു ചങ്ങമ്പുഴയുടെ ജനനം.
പുഴ ജനിക്കുന്നത് മലമുകളിലാണെന്ന് നിങ്ങള്‍ക്കറിയാം. അവിടെ നിന്ന് ഒഴുകി, കാട്ടിലും നാട്ടിലുമുള്ള സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കുമെല്ലാം ആനന്ദവും ആശ്വാസവുമേകി കടലില്‍ അത് അവസാനിക്കുന്നു-ഭാരതപ്പുഴയും മറ്റും പോലെ. അത്തരത്തിലൊരു പുഴയല്ല ചങ്ങമ്പുഴ. എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ഒരു തറവാടിന്റെ പേരാണത്.
പുരാതനവും പ്രശസ്തവുമായ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയ്ക്ക് ഒരു മകന് പിറന്നു. മട്ടാഞ്ചേരി തെക്കേടത്ത് നാരായണ മേനോനാണ് പിതാവ്. കുട്ടിക്ക് അവര്‍ കൃഷ്ണന് എന്ന്-കൃഷ്ണപിള്ള എന്ന്-പേര് വിളിച്ചു. വേറെയും അഞ്ചുമക്കള്‍ അവര്‍ക്കുണ്ടായി. മൂന്ന് ആണും രണ്ടു പെണ്ണും. അതില്‍ പ്രഭാകരന് എന്ന ഇളയ ആണ്‍കുട്ടി മാത്രമേ കൃഷ്ണപിള്ളയുടെ കൂടെ ജീവിക്കാന്‍ അവശേഷിച്ചുള്ളൂ. ബാക്കി സഹോദരങ്ങള്‍ മരിച്ചുപോയി.
കൃഷ്ണപിള്ള മിടുക്കനായി വളര്‍ന്നു. കവിയായി തിളങ്ങിത്തുടങ്ങിയപ്പോള് തറവാട് നിറഞ്ഞു. പിന്നെ, സ്വന്തം പേരിനോട് ചേര്‍ത്തുവെച്ച തറവാടിനായി പ്രശസ്തിയുടെ കിരീടം ചങ്ങമ്പുഴ എന്നു പറഞ്ഞാല്‍ മതി, മലയാളിയുടെ നാവില്‍ മഹത്തരവും മധുതരവുമായ ഒരു കാവ്യധാര തുളുമ്പിയൊഴുകുകയായി!
ഇങ്ങനെ വേണം ജീവിതമെന്ന്-വീടിനും നാടിനും യശസ്സ് കൂട്ടിക്കൊണ്ടുവേണമെന്ന്-ചങ്ങമ്പുഴ കൃഷ്ണപിള്ള നമ്മളോട് പറയുന്നു.
ഇങ്ങനെ പാടില്ല ജീവിതമെന്നും മറ്റു വഴികളിലൂടെ സഞ്ചരിച്ചുകാട്ടി അദ്ദേഹം പറയുന്നുണ്ട്. അക്കാര്യവും നാം നല്ലപോലെ തിരിച്ചറിയണം. മഹാന്മാരുടെ ജീവചരിത്രങ്ങളും സാഹിത്യകൃതികളും പഠിക്കുന്നതിലൂടെ നാം നേടേണ്ടത് ഈ വിവേകമാണ്.
ജനിച്ച തറവാടിനും ജനിച്ച നാടിനും മാതൃഭാഷയ്ക്കുമെല്ലാം ചങ്ങമ്പുഴ കൃഷ്ണപിള്ള അഭിമാനമുണ്ടാക്കി. ഇത്തരത്തില്‍ പലരുടേയും പേരുകള്‍ കാണാം; സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും കളികളിലും സേവനത്തിലുമെല്ലാം. അവരെ നാം ഓരോരുത്തരും സ്കൂള്‍ പഠനകാലത്തുതന്നെ കണ്ടെത്തണം. നമ്മുടെ സ്വന്തമായ വാസനകളെ വളര്‍ത്താന്‍ ആ ജീവിതകഥകള്‍ നല്ലൊരു വഴികാട്ടിയാകും.
ചങ്ങമ്പുഴത്തറവാട് പുരാതനമായിരുന്നെങ്കിലും സാമ്പത്തികഭദ്രത ഉള്ളതായിരുന്നില്ല. രാജഭരണകാലമാണ്. ഇടപ്പള്ളി കൊട്ടാരം അടുത്താണ്. അവിടെ അടിച്ചുതളിക്കാരിയായിരുന്നു കൃഷ്ണപിള്ളയുടെ മുത്തശ്ശി. അച്ഛന് നാരായണമേനോന് വക്കീല്‍ ഗുമസ്തനെന്ന നിലയില്‍ വരുമാനമുണ്ട്. കച്ചവടവും നടത്തിയിരുന്നു. പക്ഷെ അനിയന്ത്രിതമായ സുഖജീവിതവും ചെലവുകളുമൂലം അകാലത്തില്‍ അദ്ദേഹം മരിച്ചു. അതോടെ വീട്ടുകാര്യങ്ങള്‍ വിഷമത്തിലായി. കൃഷ്ണപിള്ളയുടെ സ്കൂള്‍ പഠിത്തം പോലും പാതിവഴിയേ ആയിരുന്നുള്ളൂ.
അച്ഛനെ കൃഷ്ണപിള്ളയ്ക്ക് വലിയ സ്നേഹമായിരുന്നു. അച്ഛന് മകനെയും അതെ. അതിനാല്‍ വലിയ നിയന്ത്രണങ്ങളുണ്ടായി. അധികമാരോടും കൂട്ടുകൂടാന്‍ പാടില്ല; കളിച്ചു നടക്കാനും പാടില്ല. എപ്പോഴും വായിച്ചുകൊണ്ടിരിക്കണം! സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബിഎക്കാരനാകണം എന്ന മട്ടിലുള്ള അച്ഛന്റെ ശാസനകളെ കൃഷ്ണപിള്ള വെറുത്തു.
ഏതു കുട്ടിയാണ് വെറുക്കാതിരിക്കുക? സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കവിമനസ്സിന്റെ കാര്യം പറയാനുണ്ടോ? അച്ഛന് മരിച്ച വിവരം അറിഞ്ഞപ്പോള്‍ “എന്റെ ശിശുഹൃദയം ആനന്ദനൃത്തം ചെയ്തു” എന്നത്രെ പിന്നീട് ചങ്ങമ്പുഴ തന്റെ ഓര്മക്കുറിപ്പില് രേഖപ്പെടുത്തിയത്. അച്ഛനൊപ്പം തിരുവുള്ളക്കാവില്‍ ‘വിദ്യാരംഭ’ത്തിന് പോയതും, ചില വീടുകളില്‍ പോയതും, പേടിച്ചോടിയതും, കൊച്ചിയിലുള്ള പിതൃഗൃഹത്തില്‍ പോയി താമസിച്ചതുമായ വിശേഷങ്ങള്‍ അക്കൂട്ടത്തില്‍ അദ്ദേഹം വിവരിച്ചിട്ടുള്ളത് രസാവഹമാണ്.
“അതൊക്കെ ഞങ്ങള്‍ക്ക് കേള്‍ക്കണം അങ്കിള്‍. വിശദമായി പറഞ്ഞു തരില്ലേ?” അമൃത ചോദിച്ചു.
ആദ്യം നിങ്ങള്‍ ഈ അങ്കിള്‍ വിളി നിര്‍ത്തൂ. മലയാളം സ്കൂളിലല്ലേ പഠിക്കുന്നത്? അമ്മാവാ എന്നുവിളിച്ചാല് മതി. അപ്പൂപ്പാ എന്നോ മുത്തച്ഛാ എന്നോ വിളിച്ചാലും എതിര്‍പ്പില്ല.
പിന്നെ, എല്ലാം വിശദമായി പറഞ്ഞുതരാനും പോകുന്നില്ല കേട്ടോ. ഈ പ്രായത്തില്‍ നിങ്ങള്‍ അറിയേണ്ടുന്ന അത്യാവശ്യ വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ക്രമേണ വായിച്ചും അന്വേഷിച്ചും ചിന്തിച്ചുമൊക്കെ നിങ്ങള്‍ വളരുമ്പോള്‍ അറിയുന്നതിനാണ് രസം കൂടുക.
“അതായത്, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവിയുടെ ജനന തീയതിയും സ്ഥലവും തറവാടും മാതാപിതാക്കള്‍ ആരെന്നും പറഞ്ഞ് അമ്മാവന് നിര്‍ത്തുകയാണോ?” അമൃത ഉദ്വോഗത്തോടെ ചോദിച്ചു.
“അതെ. ഇന്നത്തേയ്ക്ക് നിര്‍ത്തുകയാണ്. അവധിക്കാലമല്ലേ? നാളെയും ഈ സമയത്ത് ഇങ്ങോട്ട് പോന്നോളൂ. എന്താ, തിരക്കുണ്ടോ?”
“ഏയ്! ഞങ്ങള്‍ എത്തിക്കോളാം അമ്മാവാ” കുട്ടികള്‍ എഴുന്നേറ്റ് യാത്ര പറഞ്ഞു.
പി.ഐ.ശങ്കരനാരായണന്
-തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: