കെയ്റോ: രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര കലാപവും തീവ്രമായ ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവ് മുഹമ്മദ് ബെദെയിയടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഉത്തരവിട്ടു.
ബ്രദര്ഹുഡിന്റെതന്നെ അനുഭാവികളുടെ മരണത്തിനിടയാക്കിയ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് നടപടി. ബെദേയിയുടെ ഏറ്റവും വിശ്വസ്തനായ അനുയായി മുഹമ്മദ് ഇസാത്തും അറസ്റ്റ് വോറന്റ് നേരിടുന്നവരില്പ്പെടുന്നു. മുര്‍സിയെ പട്ടാളം അധികാരഭ്രഷ്ടനാക്കിയതില് പ്രതിഷേധിച്ച് കീ്റോയിലെ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് മന്ദിരത്തിനു മുന്നില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 54പേര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിലെ ഗൂഢാലോചകര്‍ ബെദെയിയും കൂട്ടാളികളുമാണെന്നാണ് പ്രോസിക്യൂട്ടറുടെ കണ്ടെത്തല്‍.
അതിനിടെ, താത്കാലിക പ്രസിഡന്റ് അദ്ലി മന്‍സൂറിന് വിപുലമായ അധികാരങ്ങള്‍ നല്കുന്ന മാര്‍ഗനിര്‍ദേശത്തോട് വിവിധ പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പ് ശക്തമായി. ഹസന് അല്ബലാവിയെ ഇടക്കാല പ്രധാനമന്ത്രിയായും മുഹമ്മദ് എല്ബരാദിയെ വിദേശ കാര്യ ചുമതലയുള്ള വൈസ് പ്രസിഡന്റായും നിയമിച്ചതുകൂടാതെ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും മന്‍സൂര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ എത്രത്തോളം ഫലവത്താകുമെന്നതില്‍ സംശയമുണ്ട്.
സൈന്യവും പോലീസും നിലയുറപ്പിച്ചിരുന്നിടത്തെല്ലാം മുര്‍സി അനുകൂല- പ്രതികൂല വിഭാഗങ്ങള്‍ ഇന്നലെയും വന്‍ അക്രമം അഴിച്ചുവിട്ടു. റോക്കറ്റില്‍ ഘടിപ്പിച്ച ഗ്രനേഡ് ഉള്‍പ്പെടെ മാരക സ്ഫോടന ശേഷിയുള്ള ആയുധങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മുസ്ലിം ബ്രദര്‍ ഹുഡ് അംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്കി അനുനയിപ്പിക്കാന്‍ മന്‍സൂര്‍ നീക്കം ആരംഭിച്ചെന്ന് സൂചനയുണ്ട്.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ബ്രദര്‍ഹുഡ് ആ വാഗ്ദാനം തള്ളിക്കളയാനാണ് സാധ്യത. മുര്‍സിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതുവരെ കലാപം അവസാനിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: