മുംബൈ: സിംബാബ്‌വേക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ധോണി വിശ്രമം നല്‍കിയ സെലക്ടര്‍മാര്‍ വിരാട് കോഹ്ലിയെ ടീമിന്റെ നായകനായി നിയമിച്ചു. ഇതാദ്യമായാണ് ഒരു പരമ്പരയില്‍ പൂര്‍ണമായി കോഹ്ലി നായകസ്ഥാനം കൈയാളുന്നത്. അഞ്ച് ഏകദിന മത്സരങ്ങളാണ് സിംബാബ്‌വേ പര്യടനത്തിലുള്ളത്. മുതിര്‍ന്ന താരങ്ങളായ ഗൗതം ഗംഭീറിനും വീരേണ്ടര്‍ സേവാഗിനും യുവരാജ് സിംഗിനും ടീമില്‍ ഇടംനേടാനായില്ല.
ചാമ്പ്യന്‍സ് ട്രോഫിയിലും ഇപ്പോള്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിലും ഉള്‍പ്പെട്ട ഫാസ്റ്റ്ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, സ്പിന്നര്‍ ആര്‍. അശ്വിന്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. അതേസമയം ഓപ്പണര്‍ മുരളി വിജയിനെ ടീമില്‍ നിന്ന് പുറത്താക്കി. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വെക്കെതിരെ പ്രമുഖ കളിക്കാര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു.
ജമ്മുകാശ്മീര്‍ ഓള്‍ റൗണ്ടര്‍ പര്‍വേസ് റസൂല്‍, ഹരിയാനയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും പേസ് ബൗളര്‍ മോഹിത് ശര്‍മ്മ എന്നിവരാണ് ടീമില്‍ പുതുതായി ഇടം പിടിച്ചവര്‍. ഇതോടെ ജമ്മുകാശ്മീരില്‍ നിന്നും ആദ്യമായി ടീമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം പിടിച്ച താരമായി പര്‍വേസ് റസൂല്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 24കാരനായ പര്‍വേസ് റസൂലിന് തുണയായതെങ്കില്‍ ഐപിഎല്‍ ആറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി നടത്തിയ പ്രകടനമാണ് മൊഹിത് ശര്‍മ്മയ്‌ക്ക് അനുകൂലമായത്.
ഇരുവര്‍ക്കും പുറമെ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ജയ്ദേവ് ഉനദ്കത് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേതേശ്വര്‍ പൂജാര മുന്‍പ് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം 24നാണ് സിംബാബ്‌വെക്കതിരായ ആദ്യ ഏകദിനം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക്, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്ന, അമ്പാടി റായിഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മുഹമ്മദ് ഷാമി, വിനയ്കുമാര്‍ ജയ്ദേവ്, മോഹിത്ത് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: