ബീജിംഗ്: ചൈനയെ പ്രകോപിപ്പിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും നീണ്ടതും തര്‍ക്കമുള്ളതുമായ അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്താന്‍ പ്രശ്നങ്ങളുണ്ടാക്കുന്ന നടപടി ഇല്ലാതാക്കണമെന്നും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുതിര്‍ന്ന ജനറല്‍ വ്യാഴാഴ്ച മുന്നറിയിപ്പു നല്കി.
പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ജനറലിന്റെ പ്രസ്താവനയെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ആന്റണിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ശക്തമായ പ്രസ്താവന നടത്തിയ മേജര്‍ ജനറല്‍ ലുവോ യുവാന്‍ വാക്കുകളും ഇടപെടലും കരുതലോടെ വേണമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കി. എന്താണ് ചെയ്യുന്നത്, എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, ലുവോ പറഞ്ഞു.
ചൈനയെ ഭീഷണിയായി കണ്ട് തങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ലോകത്തിലെ ഏകരാജ്യം ഇന്ത്യയാണെന്നും ജനറല്‍ കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളിലെയും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ ചുമതലയാണെന്നും ലുവോ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. പുതിയ പ്രശ്നങ്ങള്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും ഉയര്‍ന്ന് പ്രകോപനമുണ്ടാകരുത്. അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് പുതിയ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ലുവോ ആവശ്യപ്പെട്ടു. സമാധാന പുരോഗതിക്കായി ചൈനയുടെ പാത എന്ന വിഷയത്തെ അധികരിച്ച് ആള് ചൈന ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പീപ്പിള്‍സ് ലിബറേഷന്റെ സൈനികശാസ്ത്രം എന്ന ഗവേഷണ അക്കാദമി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലുവോ.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രത്യേകിച്ചും അതിര്‍ത്തിയില്‍ ഉത്കണ്ഠയും പ്രശ്നങ്ങളും നിലനില്‍ക്കുകയാണ്. 90,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ചൈനയുടെ ഭൂപ്രദേശം ഇപ്പോഴും ഇന്ത്യ കൈവശം വച്ചിരിക്കുകയാണ്. ഈ പ്രശ്നം ചരിത്രത്തില്‍ ഇടം നേടിയിട്ടില്ല. അതിനാല്‍ ഇന്ത്യ പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിടരുത്, ലുവോ പറഞ്ഞു.
പ്രധാനമന്ത്രി ലീ കീയിംഗ്സിന്റെ ഇന്ത്യാ സന്ദര്‍ശനം രാഷ്ട്രീയ കൂട്ടുകെട്ടിന് കരുത്തേകി. ഇപ്പോഴിതാ പ്രതിരോധ മന്ത്രി സന്ദര്‍ശനത്തിനായി ഇങ്ങോട്ട് വരുന്നു. സാഹചര്യം നിയന്ത്രണവിധേയമാണ്. ഇനി പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് ഇന്ത്യയാണ്. അടുത്ത കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ചൈനീസ് പട്ടാളം ലംഘിച്ച് ഇന്ത്യന്‍ ഭൂമിയിലേക്ക് കടന്നുകയറിയ സംഭവത്തെ ലഘൂകരിച്ച ലുവോ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ പര്വതീകരിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി.
2006ല്‍ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ്കുമാര്‍ മുഖര്‍ജിക്ക് ശേഷം ചൈന സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രിയാണ് ആന്റണി. ലുവോയുടെ വാക്കുകള്‍ ആന്റണിയുടെ സന്ദര്‍ശനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. ചൈനീസ് പ്രതിരോധ മന്ത്രി ചാംഗ് യാംഗ്ക്വാനു പുറമെ പ്രധാനമന്ത്രി ലീ കീയിംഗിനെയും ആന്റണി നേരിട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ അനുവാദം ലഭിച്ചാല്‍ പ്രസിഡന്റ് സീ ജിന്സിംഗിനെയും ആന്റണി സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
അതിര്‍ത്തി പ്രശ്നം സമാധാനപരമായി വേണം കൈകാര്യം ചെയ്യാനെന്ന് ലുവോ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരുപാട് പൊതുതാത്പര്യങ്ങളുണ്ട്. ചൈനയും ഇന്ത്യയും കൈകോര്‍ത്ത് സമാധാനം നിലനിര്‍ത്താന്‍ പഞ്ചശീല തത്ത്വങ്ങളുമായി മുന്നോട്ടുപോകുന്നത് ഏറെ നല്ലതാണെന്നും ലുവോ പറഞ്ഞു.
ചൈനയുടെ പ്രാദേശിക പരമാധികാരം സംരക്ഷിക്കുകയെന്ന സൈനികനെന്ന നിലയ്ക്ക് തന്റെ ദിവ്യമായ ദൗത്യമാണെന്നും തനിക്ക് കഴുകന്റെ കണ്ണുകളും നഖങ്ങളുമുണ്ടെങ്കിലും മാടപ്രാവിന്റെ ശിരസ്സും ഹൃദയവുമാണ് ഉള്ളതെന്നും ലുവോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: