റിയോ ഡി ജെയിനെറോ: ബ്രസീല്‍ തങ്ങളുടെ പ്രതാപകാലം വീണ്ടെടുത്തതായി വിശ്വസിക്കുന്നുവെന്ന് സൂപ്പര്‍താരം നെയ്മര്‍. സ്പാനിഷ് നിരയുടെ മേല്‍ പടയോട്ടം നടത്തിയ ബ്രസീലിന്റെ യുവനിര നേടിയ മിന്നുന്ന ജയവും കിരീടനേട്ടവും അതാണ് സൂചിപ്പിക്കുന്നതെമന്ന് നെയ്മര്‍ വിലയിരുത്തുന്നു. മാരക്കാനയിലെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ മഞ്ഞപ്പടയുടെ ചരിത്രത്തിലേക്കും എഴുതി ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.
ബ്രസീല്‍ ദേശീയ ടീമിന്റെ തിരിച്ചുവരവ് ലോകത്തിനു കാട്ടിക്കൊടുത്ത ടൂര്‍ണമെന്റായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ നേടിയ ഏറ്റവും മികച്ച ജയമായിരുന്നു ഇതെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഏറ്റവും കരുത്തു പകര്‍ന്ന പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. കരുത്തുറ്റ ടീമിന് മാത്രമേ ഈ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയൂവെന്നും നെയ്മര്‍ അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും നെയ്മറായിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച 21 കാരനായ യുവതാരം അവാര്‍ഡ് ടീമിലെ 11 പേര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഫെഡറേഷന്‍ കാപ്പില്‍ നേടിയ ഉജ്ജ്വല വിജയം അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ബ്രസീലിന് ഗുണകരമാകുമെന്ന് കോച്ച് ലൂയി ഫിലിപ്പ് സ്കോളാരി അഭിപ്രായപ്പെട്ടു.
അതേസമയം ടൂര്‍ണമെന്റിലെ സ്പാനിഷ് ടീമിന്റെ പ്രകടനത്തില്‍ കോച്ച് വിന്‍സന്റ് ഡെല്‍ ബോസ്ക് സംതൃപ്തനാണ്. ഫൈനലിലൊഴികെ ടീം ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കലാശപ്പോരാട്ടത്തില്‍ ബ്രസീലായിരുന്നു മികച്ച ടീം. വിജയം അവര്‍ക്കൊപ്പം നിന്നു. പരാജയത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ല. കാര്യങ്ങള്‍ പുനരവലോകനം ചെയ്യുമെന്നും സ്പാനിഷ് കോച്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: