റോം: പുരോഹിതരുടെ സ്വഭാവദൂഷ്യത്തില്‍ ഉലയുന്ന ആഗോള കത്തോലിക്ക സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അഴിമതിക്കഥകള്‍ പുറത്തുവരുന്നു. സാമ്പത്തിക ക്രമക്കേടിന്റെയും തട്ടിപ്പിന്റെയും പേരില്‍ വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതനായ മോണ്‍. നുന്സിയൊ സ്കരാനോയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. അഴിമതിക്കുകൂട്ടുനിന്നവരെന്ന് സംശയിക്കപ്പെടുന്ന ഇടനിലക്കാരനെയും ചാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വത്തിക്കാന്റെ ഔദ്യോഗിക ബാങ്കിലെ ഇടപാടുകളില്‍ തിരിമറി നടത്തി പണംതട്ടിയെന്നാണ്, സഭയുടെ സാമ്പത്തിക കാര്യവിഭാഗത്തിലെ അംഗംകൂടിയായ സ്കരാനോയ്ക്കെതിരായ ആരോപണം. ഡൊണേഷനുകള്‍ എന്നപേരില്‍ ചെക്കുകള്‍ പുതുക്കി ഏകദേശം 20 ദശലക്ഷം ഡോളര്‍ വെട്ടിക്കാന്‍ സ്കരാനോ ശ്രമിച്ചെന്നും കരുതപ്പെടുന്നു. സംശയത്തിന്റ നിഴലിലായ സ്കരാനോ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
പരമ്പരാഗതമായി വത്തിക്കാന്‍ ബാങ്ക് അധികൃതര്‍ ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാറില്ല. എന്നാല്‍ കാലാകാലങ്ങളായി നടന്ന ക്രമക്കേടുകള്‍ കണ്ടെത്താന്‍ പോപ്പ് ഫ്രാന്‍സിസ് മുന്നിട്ടിറങ്ങിയപ്പോള്‍ ബാങ്കിന് വഴങ്ങേണ്ടിവന്നു.
ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സഭയ്ക്കുള്ളിലെ സമിതിയെ പോപ്പ് കഴിഞ്ഞമാസം നിയോഗിച്ചിരുന്നു. ധനപരമായ കാര്യങ്ങളിലെ മേല്‍നോട്ടത്തിന് വിശ്വസ്തരില്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: